കേരളത്തിലെ ചില ജില്ലകളിൽ ഹാൻഡ്-ഫൂട്ട്-മൗത്ത് ഡിസീസ് (എച്ച്.എഫ്.എം.ഡി.) റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ജില്ലകളിൽ ഈ രോഗം വലിയ തോതിൽ വർധിച്ചിട്ടില്ലെന്നും രോഗികൾ ഗുരുതരാവസ്ഥയിൽ ആയിട്ടില്ലെന്നും മന്ത്രി അറിയിച്ചു. അപകട സാധ്യത കുറവാണെങ്കിലും അപൂർവമായി മസ്തിഷ്‌ക ജ്വരത്തിന് ഈ രോഗം കാരണമായേക്കാം. കൂടാതെ അഞ്ചുവയസിൽ താഴെയുള്ള കുട്ടികളെയാണ് ഈ രോഗം കൂടുതലായും ബാധിക്കുന്നത്. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടുന്നത് നല്ലതാണ്.
ബന്ധപ്പെട്ട വാർത്തകൾ: സ്ത്രീകൾക്കും കുട്ടികൾക്കും കൂട്ടായി ‘സഖി വൺസ്റ്റോപ്പ് സെൻ്റർ’
എന്താണ് ഹാൻഡ്-ഫൂട്ട്-മൗത്ത് ഡിസീസ്? (What is Hand-foot-mouth disease?)
കുട്ടികളുടെ കൈവെള്ളയിലും, പാദത്തിലും, വായിലും ചുണ്ടിലുമെല്ലാം കണ്ടുവരുന്ന വൈറസ് രോഗമാണ് ഹാൻഡ്-ഫൂട്ട്-മൗത്ത് ഡിസീസ് (തക്കാളിപ്പനി). സാധാരണ അഞ്ചുവയസിൽ താഴെയുള്ള കുട്ടികളെയാണ് ഈ രോഗം ബാധിക്കുന്നത്. അപൂർവമായി മാത്രം ഈ രോഗം മുതിർന്നവരെയും ബാധിക്കാറുണ്ട്.
രോഗ ലക്ഷണങ്ങൾ (Symptoms)
പനി, ക്ഷീണം, സന്ധിവേദന, കൈവെള്ളയിലും കാൽവെള്ളയിലും വായ്ക്കകത്തും പൃഷ്ഠഭാഗത്തും കൈകാൽമുട്ടുകളുടെ ഭാഗത്തും ചുവന്ന കുരുക്കളും തടിപ്പുകളും കാണപ്പെടുക എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ. വയറുവേദന, ഓക്കാനം, ഛർദി, വയറിളക്കം എന്നിവയും ഉണ്ടായേക്കാം. ശക്തമായ പനി, കഠിനമായ ക്ഷീണം, അസ്വസ്ഥത, കൈകാലുകളിലെ രക്തയോട്ടം തടസപ്പെടുക എന്നീ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ ഡോക്ടറെ കാണുക.
രോഗം എങ്ങനെ പകരാം? (Transmission of the disease)
രോഗമുള്ളവരിൽ നിന്നും നേരിട്ട് മറ്റുള്ളവരിലേക്ക് പകരുന്നു. രോഗം ബാധിച്ച കുഞ്ഞുങ്ങളുടെ മൂക്കിലേയും തൊണ്ടയിലെയും സ്രവം വഴിയോ, ഉമിനീർ, തൊലിപ്പുറമെയുള്ള കുമിളകളിൽ നിന്നുള്ള സ്രവം, രോഗിയുടെ മലം തുടങ്ങിയവ വഴിയുള്ള സമ്പർക്കം വഴിയോ മറ്റൊരാളിലേക്ക് പകരാം. രോഗികളായ കുഞ്ഞുങ്ങൾ തൊട്ട കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും മറ്റും തൊടുന്നത് വഴി പോലും രോഗം പകരാം.
ചികിത്സ എങ്ങനെ? (Treatment)
സാധാരണ ഒരാഴ്ച മുതൽ പത്ത് ദിവസം കൊണ്ട് രോഗം പൂർണമായും മാറും. രോഗം വന്ന് കഴിഞ്ഞാൽ ലക്ഷണങ്ങൾക്ക അനുസരിച്ചാണ് ചികിത്സ നൽകേണ്ടത്. കുഞ്ഞിന്റെ അസ്വസ്ഥത കുറയ്ക്കുന്നതിനും രോഗലക്ഷണങ്ങൾ നിയന്ത്രിക്കുന്നതിനും ഇത് സഹായിക്കും.
ശ്രദ്ധയോടെ പരിചരിക്കാം ( How to care them?)
രോഗം ബാധിച്ച കുഞ്ഞുങ്ങളുടെ ശരീരം എപ്പോഴും വൃത്തിയായും ശുചിയായും സൂക്ഷിക്കണം. കുളിപ്പിക്കുമ്പോൾ ശരീരം തേച്ചുരച്ച് കുമിള പൊട്ടിക്കരുത്. വായ്ക്കകത്തെ ബുദ്ധിമുട്ട് കുറയ്ക്കാൻ വൃത്തിയുള്ള തണുപ്പുള്ള ഭക്ഷണം നൽകാം. നിർജലീകരണം ഉണ്ടാകാതിരിക്കാൻ ധാരാളം വെള്ളം കൊടുക്കണം. ദേഹത്തു വരുന്ന കുരുക്കൾ ചൊറിഞ്ഞു പൊട്ടിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവ മറ്റു കുട്ടികളെ തൊടാൻ അനുവദിക്കരുത്.
പ്രതിരോധം (How to prevent the disease?)
മലമൂത്ര വിസർജനത്തിന് ശേഷവും, ഭക്ഷണം കഴിക്കുന്നതിന് മുമ്പും കൈകൾ നന്നായി സോപ്പുപയോഗിച്ച് കഴുകാൻ കുട്ടികളെ പഠിപ്പിക്കണം. ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ മൂക്കും വായും മൂടുകയും ഉടൻ കൈ കഴുകുകയും വേണം. കുഞ്ഞിനെ ശുശ്രൂഷിക്കുന്നവർ തൊടുന്നതിന് മുമ്പും ശേഷവും കൈ സോപ്പിട്ട് കഴുകണം. അല്ലെങ്കിൽ മറ്റുള്ളവരിലേക്ക് രോഗം പകരാൻ സാധ്യതയുണ്ട്. രോഗബാധിതരായ കുട്ടികളെ അങ്കണവാടികളിലും സ്‌കൂളുകളിലും വിടരുത്.