ശരീരം ആരോഗ്യത്തോടെ ഇരിക്കുന്നത് പ്രധാനമാണ്. ഏത് സമയത്തും ഊർജസ്വലരായി പ്രവർത്തികൾ ചെയ്യാനാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്. എല്ലാ പ്രായത്തിലും സൂപ്പർ ഹെൽത്തി ആയിരിക്കാൻ ചില മാറ്റങ്ങൾ നല്ലതാണ്. അതിന് പ്രധാനമായും ആഹാരക്രമത്തിലാണ് മാറ്റങ്ങൾ വരുത്തേണ്ടത്. ആഹാര രീതികൾ പല തരമുണ്ട്. സിമ്പിൾ ഡയറ്റും ഹെവി ഡയറ്റും. ചില ചെറിയ മാറ്റങ്ങൾ തന്നെ വലിയ റിസൾട്ട് നേടിത്തരും. അങ്ങനെയുള്ള ചില വഴികൾ പരിചയപ്പെടാം.
കൂടുതൽ വാർത്തകൾ: മുഖം തിളങ്ങാനും മുടി വളർത്താനും ഈന്തപ്പഴം മതി, ഇങ്ങനെ കഴിയ്ക്കുക
ദിവസവും പാലും ഈന്തപ്പഴവും കഴിയ്ക്കാം..
വിവിധ തരം പോഷകങ്ങളാൽ സമ്പന്നമാണ് പാൽ. പാലിലെ കാത്സ്യത്തിന്റെ സാന്നിധ്യം പല്ലിന്റെയും എല്ലിന്റെയും ആരോഗ്യത്തിന് ഉത്തമമാണെന്ന് കുട്ടിക്കാലം മുതൽ കേൾക്കുന്നതാണ്. പാലിൽ അടങ്ങിയിരിക്കുന്ന ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡ് നല്ല ഉറക്കം കിട്ടാൻ സഹായിക്കുന്നു. അതിനാൽ ഇളംചൂടുള്ള 1 ഗ്ലാസ് പാൽ ഉറങ്ങുന്നതിന് അരമണിക്കൂർ മുമ്പ് കുടിയ്ക്കുന്നത് നല്ലതാണ്. കൂടാതെ പാലിൽ വൈറ്റമിൻ ഡി അടങ്ങിയിരിക്കുന്നതിനാൽ കാൻസർ വരാനുള്ള സാധ്യതയും കുറവാണ്.
ഈന്തപ്പഴവും പോഷകങ്ങളുടെ കലവറയാണ്. 23 വ്യത്യസ്ത തരം അമിനോ ആസിഡുകളാണ് ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്നത്. വിളർച്ച, രക്തസമ്മർദം, മുഖത്തെ ചുളവ് എന്നീ പ്രശ്നങ്ങൾ നേരിടുന്നവർ ഈന്തപ്പഴം തീർച്ചയായും ശീലമാക്കണം.
കഴിക്കേണ്ട രീതി
ഒരു ഗ്ലാസ് പാലും നാലഞ്ച് ഈന്തപ്പഴവും വെറുതെ കഴിക്കുന്നതിനേക്കാൾ മികച്ച മറ്റൊരു വഴിയുണ്ട്. കുരു കളഞ്ഞ് നന്നായി കഴുകിയെടുത്ത നാല് ഈന്തപ്പഴം ചെറിയ ചൂടുള്ള പാലിൽ ഇട്ട് വയ്ക്കണം. രണ്ട് മണിക്കൂറിന് ശേഷം ഇത് മിക്സിയിലിട്ട് അടിച്ചെടുത്ത് കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം നൽകും.
എന്താണ് ഗുണം?
പേശികളുടെ ആരോഗ്യം, ചർമ സംരക്ഷണം, വിളർച്ച പ്രതിരോധം എന്നിവയ്ക്ക് പാൽ-ഈന്തപ്പഴം മിക്സ് മികച്ച വഴിയാണ്. ഇത് രാവിലെ ശീലമാക്കുന്നതാണ് നല്ലത്.
പാൽ എത്ര അളവ് കുടിക്കണം ?
എല്ലാ ഭക്ഷണവും അളവിൽ കവിഞ്ഞ് കഴിയ്ക്കുന്നത് ആരോഗ്യത്തിന് ദോഷമാണ്. പ്രായപൂർത്തിയായവർക്ക് 150 മില്ലിലിറ്റർ പാലും, കുട്ടികളും ഗർഭിണികളും 250 മില്ലി ലിറ്റർ പാലുമാണ് ദിവസവും കഴിക്കേണ്ടത് എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
പ്രമേഹ രോഗികൾക്ക് ഈന്തപ്പഴം നല്ലതല്ല..
ഈന്തപ്പഴത്തിൽ ധാരാളം കാർബോ ഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. അതിനാൽ പ്രമേഹ രോഗികൾ ഈന്തപ്പഴം അളവിൽ കവിഞ്ഞ് കഴിയ്ക്കരുത്. കൂടാതെ, അമിതമായി ഈന്തപ്പഴം കഴിച്ചാൽ ഗ്യാസും പുളിച്ചു തികട്ടലും ഉണ്ടാകാനും സാധ്യതയുണ്ട്. ഈത്തപ്പഴം ദഹിക്കാൻ കൂടുതൽ സമയമെടുക്കും. അതിനാൽ കൊച്ചുകുട്ടികൾക്ക് ഇത് മുഴുവനായും കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കണം.