ഇത് കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം . മഹാമാരിക്ക് കാരണമായ വൈറസ് വ്യാപനം ദിവസം ചെല്ലുന്തോറും കുതിച്ചുയരുകയാണ്. സാമൂഹിക അകലം, മാസ്ക്, ശുചിത്വ ശീലങ്ങൾ എന്നിവയ്‌ക്ക് പുറമേ, രോഗപ്രതിരോധ ശേഷി കൂട്ടുന്നതും പ്രധാനം.
രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനും പനി, ജലദോഷം എന്നിവയ്ക്കെതിരെ പ്രവർത്തിക്കുന്നതിന് സഹായകവുമാണ് ഈ ആരോഗ്യ പാനീയം. ചുക്കും കുരുമുളകും ഒക്കെ ചേർത്ത് കരിപ്പെട്ടി കാപ്പി ഉണ്ടാക്കി കുടിച്ചിരുന്നവരാണ് നമ്മൾ. അതേ രീതിയിലൊരു പാനീയമാണ് ഇതും.
ആവശ്യമായ ചേരുവകൾ:
രണ്ട് ലിറ്റർ വെള്ളം
പച്ച മഞ്ഞൾ (ഒരു കഷ്ണം - രണ്ട് ഇഞ്ച് നീളം)
കുരുമുളക് പൊടി (ഒരു ടേബിൾ സ്പൂൺ)
തുളസി (15-20 ഇലകൾ)
കറുവപ്പട്ട (ഒരു കഷ്ണം - രണ്ട് ഇഞ്ച് നീളം)
ഗ്രാമ്പൂ (8-10)
ഇഞ്ചി (രണ്ട് ഇഞ്ച് നീളമുള്ള കഷ്ണം ചെറുതായി അരിഞ്ഞത്)
തയ്യാറാക്കേണ്ട വിധം:
നടുഭാഗം കുഴിഞ്ഞ പാത്രത്തിൽ വെള്ളം ഒഴിച്ച് ഇടത്തരം തീയിൽ ഗ്യാസ് അടുപ്പിൽ വയ്ക്കുക. മേൽപ്പറഞ്ഞ എല്ലാ ചേരുവകളും ഓരോന്നായി ചേർത്ത് വെള്ളം ഒരു ലിറ്ററായി കുറയുന്നതുവരെ 15-20 മിനിറ്റ് നേരം തിളപ്പിക്കുക. ശേഷം, ഗ്യാസ് ഓഫ് ചെയ്യുക, മിശ്രിതം അരിച്ചെടുത്ത് തണുത്ത ശേഷം ഒരു കുപ്പിയിലേക്ക് പകർത്തി റഫ്രിജറേറ്ററിൽ സൂക്ഷിക്കാം.
എല്ലാ ദിവസവും രാവിലെ അര കപ്പ് ഈ മിശ്രിതം കുടിക്കുക. ഇത് അൽപം ചൂടാക്കി രാവിലെ വെറും വയറ്റിൽ കുടിക്കുക. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ഈ പാനീയം ആരോഗ്യ സൗഹൃദ പോഷകങ്ങൾ നിറഞ്ഞതാണ്. രാവിലെ ഇത് ആദ്യം വെറുംവയറ്റിൽ കുടിക്കുന്നത് നിങ്ങൾക്ക് മികച്ച ഫലം നൽകും.
എന്തുകൊണ്ട് ഈ പാനീയം ഫലപ്രദമായി പ്രവർത്തിക്കുന്നു? ഔഷധസസ്യങ്ങളിൽ നിന്നും സുഗന്ധവ്യഞ്ജനങ്ങളിൽ നിന്നുമാണ് ഈ മിശ്രിതം നിർമ്മിക്കുന്നത്.
മഞ്ഞൾ: മഞ്ഞളിൽ കുർക്കുമിൻ എന്ന സംയുക്തം അടങ്ങിയിരിക്കുന്നു, ഇത് ഈ സുഗന്ധവ്യഞ്ജനത്തിന്റെ ആരോഗ്യപരമായ ഗുണങ്ങൾക്ക് കാരണമാകുന്ന പ്രധാന ഘടകമാണ്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ചേരുവയാണ് കുർക്കുമിൻ.
കുരുമുളക് പൊടി: കുരുമുളകിന് നിരവധി ബാക്ടീരിയകളുടെ വളർച്ചയെ തടയാൻ കഴിയുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇതിന്റെ വീക്കം തടയുന്ന ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ആന്റിഓക്‌സിഡന്റും ആൻറി ബാക്ടീരിയൽ സവിശേഷതകളും ശരീര താപനില കുറയ്ക്കുകയും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യും.
തുളസി: വിറ്റാമിൻ സി, സിങ്ക് എന്നിവയാൽ സമ്പന്നമാണ് തുളസി. ഇതിലെ പോഷകങ്ങൾ പ്രതിരോധശേഷി വർധിപ്പിക്കുകയും അണുബാധകളെ തടയുകയും ചെയ്യുന്നു. തുളസി ഇലകളുടെ സത്ത് ടി ഹെൽപ്പർ സെല്ലുകളും സ്വാഭാവിക അണുനാശക കോശങ്ങളുടെ പ്രവർത്തനവും വർദ്ധിക്കുന്നു, ഇത് രോഗപ്രതിരോധ ആരോഗ്യം വർദ്ധിപ്പിക്കാൻ ശരീരത്തെ സഹായിക്കും.
കറുവപ്പട്ട: പോളിഫെനോൾസ്, പ്രോആന്തോസയാനിഡിൻസ് തുടങ്ങിയ ആന്റിഓക്‌സിഡന്റുകളുടെ സമ്പന്നമായ ഉറവിടമാണ് ഈ സുഗന്ധമേറിയ ചേരുവ. ആൻറിവൈറൽ, ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ സവിശേഷതകളുടെ പേരിലും ഇത് അറിയപ്പെടുന്നു.
ഗ്രാമ്പൂ: വിറ്റാമിൻ ഇ, വിറ്റാമിൻ സി, ഫോളേറ്റ്, റിബോഫ്ലേവിൻ, വിറ്റാമിൻ എ, തയാമിൻ, വിറ്റാമിൻ ഡി, ഒമേഗ 3 ഫാറ്റി ആസിഡുകൾ എന്നിവ കൊണ്ട് സമ്പന്നമായ സുഗന്ധവ്യജ്ഞനമാണ് ഗ്രാമ്പൂ. ആൻറി ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ ഗുണങ്ങളും ഇതിലുണ്ട്.
ഇഞ്ചി: ഇഞ്ചിയുടെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ വീക്കം പ്രതിരോധിക്കുകയും ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യും.
കടപ്പാട്