Health & Herbs

കച്ചോലം; കേരളത്തിന്റെ പരമ്പരാഗത സസ്യം

kac

കേരളത്തിലെ പ്രധാനപ്പെട്ട ഒരു ഔഷധസസ്യമാണ് കച്ചോലം. വൈവിദ്ധ്യമാര്‍ന്ന ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ദശകങ്ങളായി ഈ സസ്യം ഉപയോഗിച്ചു വരുന്നു. ഈര്‍പ്പവും തണലുമുളള പ്രദേശങ്ങളില്‍ നന്നായി വളരുന്നു. ഈര്‍പ്പവും തണലുമുളള പ്രദേശങ്ങളില്‍ നന്നായി വളരുന്ന കച്ചോലത്തെ വീട്ടു വളപ്പിലും തെങ്ങി്ന്‍ തോപ്പില്‍ ഇടവിളയായും അനായാസം കൃഷിചെയ്യാം. ആയതിനാല്‍ കേരളത്തിന് അനുയോജ്യമായ ഒരു കാര്‍ഷിക വിളയാണിത്. ഇതിന്റെ കൃഷിമുറകള്‍ വളരെ ആയാസകരമല്ലാത്തതിനാല്‍ സ്ത്രീകള്‍ക്ക് ഏറ്റെടുത്ത് വരുമാനമാര്‍ഗമാക്കി സ്വയം പര്യാപ്തത നേടുന്നതിനും സ്ത്രീശാക്തീകരണം പൂര്‍ണതയിലെത്തിക്കുന്നതിനും കച്ചോലക്കൃഷിക്ക് സാധിക്കും.
സിന്‍ജി ബെറേസി എന്ന സസ്യകുടുംബത്തിലെ അംഗമായ കച്ചോലത്തിന്റെ ശാസ്ത്രീയ നാമം കെംഫേരിയ ഗലംഗ എന്നാണ് കച്ചോലത്തിന്റെ പ്രകന്ദം (റൈസോം), ഇലകള്‍ എന്നീ ഭാഗങ്ങളാണ് ഔഷധയോഗ്യമായത്. ആരോഗ്യ-സൗന്ദര്യ വര്‍ദ്ധന ക്ഷമതകൊണ്ടും ഔഷധവീര്യം കൊണ്ടും അദ്വീതമായ ഒരു സ്ഥാനം കച്ചോലത്തിന് ആയുര്‍വേദം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇന്ന് കച്ചോലം വംശനാശ ഭീഷണി നേരിടുന്ന വിഭാഗത്തില്‍പെടുന്ന ഒരു സസ്യമാണ്. ദക്ഷിണ ഇന്‍ഡ്യയില്‍ നൂറോളം റെഡ് ലിസ്റ്റ് ചെയ്ത ഔഷധസസ്യങ്ങളില്‍ ഒന്നായ കച്ചോലത്തെ സംരക്ഷിക്കപ്പെടേണ്ടത് നമ്മുടെ പാരമ്പര്യസസ്യത്തിന്റെ നിലനില്‍പിന് അത്യന്താപേക്ഷിതമാണ്.

വ്യത്യസ്തഭാഷകളിലെ പേരുകള്‍
സംസ്‌കൃതം - ഗന്ധമൂല, സതി
ഇംഗ്ലീഷ് - അരോമാറ്റിക് ജിംജര്‍
ഹിന്ദി - ചന്ദ്രമൂല
മലയാളം - കച്ചോലം, കച്ചോരം

kacholam

ഉപയോഗം / ഔഷധപ്രയോഗങ്ങള്‍
ഔഷധഉല്‍പന്നങ്ങള്‍ തയ്യാറാക്കാന്‍ തെരെഞ്ഞെടുത്ത ഉന്നത സസ്യങ്ങളില്‍ ഒന്നാണ് കച്ചോലം. കാസം, ദഹനസംബന്ധമായ രോഗങ്ങള്‍, ശ്വാസകോശരോഗങ്ങള്‍, നേത്രരോഗങ്ങള്‍ എന്നിവയുടെ ശമനൗഷധങ്ങളില്‍ ചേരുവയാണ് കച്ചോലം. ജലദോഷം, വയറുവേദന, തലവേദന, പല്ലുവേദന എന്നിവയെ ചികിത്സിക്കുന്നതിനായി ഈ ഔഷധച്ചെടി ഉപയോഗിക്കുന്നു. ഇത് വിരനശീകരണത്തിന് ഫലപ്രദമാണ്. കച്ചോലം ത്രിദോഷങ്ങളെ ശമിപ്പിക്കുന്നു. മലേറിയ, ആത്സ്മ, വാതം മുതലായവയ്ക്ക് ഇത് ഉത്തമമാണ്. രാസ്‌നൈരണ്ടാദി കഷായം, അഗസ്ത്യരസായനം, ദശമൂലാരിഷ്ടം, ച്യവനപ്രാശം, രാസ്‌നാദിപൊടി എന്നീ ഔഷധങ്ങളില്‍ കച്ചോലക്കിഴങ്ങ് ചേരുവയാണ്. സുഗന്ധദ്രവ്യമായി സൗന്ദര്യ വര്‍ദ്ധക വസ്തുക്കളില്‍ ഉപയോഗിക്കുന്നു.ഇന്തോനേഷ്യ പോലുളള രാജ്യങ്ങളില്‍ ഇന്ന് നിരവധി പാചകക്കൂട്ടുകളില്‍ ഇത് ഉപയോഗിക്കുന്നുണ്ട്. വിഷവസ്തുക്കളെ പുറന്തളളാന്‍ വളരെ ഫലപ്രദമാണ്. ഇത് രക്തകോശങ്ങള്‍ പുനര്‍ജ്ജീവിപ്പിക്കുകയും ആരോഗ്യകരമായ അവസ്ഥയില്‍ ശരീരം സൂക്ഷിക്കുകയും ചെയ്യുന്നു.

ഡോ. രശ്മി . ജെ, അഗ്രികള്‍ച്ചറല്‍ ഓഫീസര്‍, കൃഷിഭവന്‍ മുണ്ടൂര്‍ പാലക്കാട്. ഫോണ്‍- 8281150551
ബിന്ദു എം.ആര്‍, പ്രൊഫ. എഫ്.എസ്.ആര്‍.എസ് സദാനന്ദപുരം
സുജ. ജി, പ്രോജക്ട് ഡയറക്ടര്‍ & ഹെഡ്, ഓണാട്ടുകര മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രം, കായംകുളം


English Summary: Aromatic Ginger

Share your comments

Stihl India

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine