ചൂട് കൂടിയതോടെ മാളങ്ങൾ വിട്ട് പാമ്പുകൾ തണുപ്പുതേടി പുറത്തിറങ്ങുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ്. പാടശേഖരങ്ങളിലും വെള്ളം നനയുന്ന തണുപ്പുള്ള സ്ഥലങ്ങളിലും പാമ്പുകളുടെ വഹാര കേന്ദ്രമാണ്. ഇത്തരം സ്ഥലങ്ങളിൽ സൂക്ഷിച്ചില്ലെങ്കിൽ പാമ്പിന്റെ കടിയേൽക്കാൻ സാധ്യതയേറെയാണ്.
ശീതരക്തമുള്ള പാമ്പുകൾ അസഹ്യമായ ചൂടിൽ ശരീര താപനില കാത്തുസൂക്ഷിക്കാൻ വേണ്ടിയാണ് പുറത്തിറങ്ങുന്നത്. കൂടാതെ വേനൽ മഴ പെയ്താലും കൂട്ടതോടെ പാമ്പുകൾ പുറത്തിറങ്ങും. അപകട സാധ്യത മുന്നിൽകണ്ട് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ വിഷ ചികിത്സയ്ക്കുള്ള ആന്റിവെനം ഉറപ്പാക്കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
സഹായിക്കാൻ ആപ്പ്
പാമ്പുകളെ പിടിക്കാൻ പ്രത്യേക പരിശീലനം നൽകിയ വളണ്ടിയർമാരെ വനംവകുപ്പ് സജ്ജമാക്കിയിട്ടുണ്ട്. ഇവരുടെ സഹായം തേടാൻ 'സർപ്പ" എന്ന ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
SARPA( Snake Awareness, Rescue and Protection App) - Apps on Google Play
25 കി.മീ പരിധിയിലുള്ളവരുടെ നമ്പർ ആപ്പിൽ ലഭിക്കും. 50 വനംവകുപ്പ് ജീവനക്കാരെ കൂടാതെ 57 പേർക്ക് കൂടി ജില്ലയിൽ പാമ്പിനെ പിടിക്കാൻ പരിശീലനം നൽകിയിട്ടുണ്ട്.
അപകടം ഒഴിവാക്കാം
സന്ധ്യാസമയത്തും അതിരാവിലെയും വെളിച്ചം ഇല്ലാതെ പുറത്തിറങ്ങരുത്.
തണുപ്പുള്ള സ്ഥലങ്ങളിലും കരിയിലകളും മറ്റും കൂടിക്കിടക്കുന്ന സ്ഥലങ്ങളിലും കുട്ടികളെ കളിക്കാൻ വിടരുത്.
പാമ്പുകൾ ആൾ സഞ്ചാരം കുറയുന്ന സന്ധ്യയ്ക്കാണ് കൂടുതലായി ഇര തേടിയിറങ്ങുന്നത്.
ഇര പിടിച്ച ശേഷം രാവിലെയോടെ മാളത്തിലേക്ക് തിരിച്ച് പോകും.