പയർ വർഗത്തിൽ പെട്ട മുതിര ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന പരിപ്പാണ്. ഇത് മനുഷ്യർക്കും കാലികൾക്കും ഭക്ഷണമായി ഉപയോഗിക്കുന്നു. പ്രമേഹത്തിനെ നിയന്ത്രിക്കുന്നതിനും, ആർത്തവത്തെ ക്രമീകരിക്കുന്നതിനുമൊക്കെ മുതര വളരെ നല്ലതാണ്, മാത്രമല്ല കൊളസ്ട്രോളിനെ കുറയ്ക്കുന്നതിനും, ഭാരം കുറയ്ക്കുന്നതിനുമൊക്കെ ഇത് സഹായിക്കുന്നു.
സ്ത്രീകളിലെ ആർത്തവ ക്രമീകരണത്തിന് നല്ലൊരു പ്രതിവിധിയാണ് മുതിര... ഇത് വയറ് വേദന, അമിതമായുള്ള ബ്ലീഡിംഗ് എന്നിവയ്ക്ക് പരിഹാരം നൽകുന്നു. മുതിരയിൽ അയേൺ അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ ഇത് അനീമിയ പോലെയുള്ള പ്രശ്നങ്ങൾക്കും ഉത്തമമാണ്.
മുതിരയുടെ മറ്റ് ആരോഗ്യ ഗുണങ്ങൾ
1. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്നു:
പ്രമേഹ രോഗികൾക്ക് കഴിക്കാൻ കഴിയുന്ന ഏറ്റവും മികച്ച ഭക്ഷണങ്ങളിലൊന്നായി മുതിര നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്, കാരണം ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഫലപ്രദമായി നിയന്ത്രിക്കാൻ സഹായിക്കുന്നു. പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്തുന്നതിനാൽ, ഭക്ഷണത്തിനിടയിലുള്ള വിശപ്പിനെ ഇത് വളരെയധികം നിയന്ത്രിക്കുന്നു.
2. കൊളസ്ട്രോൾ കുറയ്ക്കുന്നതിന്:
കൊഴുപ്പ് കൂടിയ ഭക്ഷണക്രമം മൂലമുണ്ടാകുന്ന ഉയർന്ന കൊളസ്‌ട്രോൾ കുറയ്ക്കുമെന്നും ശരീരഭാരം കുറയ്ക്കാൻ ഇത് വളരെയധികം സഹായിക്കുമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. മുതിര തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നത് കൊളസ്ട്രോളിനെ കുറയ്ക്കാൻ സഹായിക്കുന്നു.
3. ഒരു കാർഡിയോ പ്രൊട്ടക്റ്റീവ് ഏജന്റ്:
മുതിരയ്ക്ക് അതിശയകരമായ ആന്റിഓക്‌സിഡന്റും കാർഡിയോ പ്രൊട്ടക്റ്റീവ് ഗുണങ്ങളുമുണ്ട്, ഇത് ഹൃദയാഘാതത്തിൽ നിന്ന് സംരക്ഷിക്കുന്നു. മുതിര കൊണ്ട് ഉണ്ടാക്കുന്ന വിഭവങ്ങൾ വളരെ രുചികരമാണ്. ഇത് കഴിക്കുന്നത് പൊണ്ണത്തടി കുറയ്ക്കുന്നതിനും സഹായിക്കുന്നു.
4. ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടം:
ശക്തമായ ആന്റിഓക്‌സിഡന്റായ ഫിനോളിക് സംയുക്തങ്ങൾ മുതിരയിൽ അടങ്ങിയിട്ടുണ്ട്. ക്വെർസെറ്റിൻ, കെംപ്ഫെറോൾ, മൈറിസെറ്റിൻ, വാനിലിക് എന്നിവയാണ് ഇതിൽ അടങ്ങിയിരിക്കുന്ന പ്രധാന ഫിനോളിക് സംയുക്തങ്ങൾ. അകാല വാർദ്ധക്യത്തിന് കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നതിലൂടെ ആൻറി ഓക്സിഡൻറുകൾ ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു, മാത്രമല്ല അവയ്ക്ക് ഒരു സംരക്ഷണ ഫലവുമുണ്ട്.
5. ദഹനത്തിനെ സഹായിക്കുന്നു
നാരുകൾ അടങ്ങിയ പരിപ്പാണ് മുതിര, ഇത് ദഹനത്തിനെ എളുപ്പമാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഗ്യാസ്, അസിഡിറ്റി എന്നിങ്ങനെയുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിനും ഇത് സഹായിക്കുന്നു.
6. കിഡ്ണി സ്റ്റോൺ
മൂത്രത്തിൽ കല്ലിനെ പരിഹരിക്കുന്നതിനുള്ള ഒരു പ്രതിവിധിയാണ് മുതിര, ഇതിനായി മുതിര വെള്ളം കുടിക്കാവുന്നതാണ്. മുതിര വെള്ളത്തിൽ കുതിർത്ത് വെച്ച് പിറ്റേന്ന് ഈ വെള്ളം കുടിക്കാവുന്നതാണ്.
7. വെള്ളപോക്കിന്
സ്ത്രീകളിൽ സാധാരണയായി കണ്ട് വരുന്ന രോഗമാണ് വെള്ളപോക്ക്, ഇതിനെ നിയന്ത്രിക്കുന്നതിന് ഉത്തമമാണ് മുതിര, മുതിര കുതിർത്തത് വെള്ളത്തിൽ തിളപ്പിച്ച് എടുത്ത് വെറുംവയറ്റിൽ കുടിക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: കൊളസ്ട്രോളിനെ കുറയ്ക്കാൻ കേമനാണ് ഈ പുളിയൻ ചെടി!