ചൂടിന്റെ കാഠിന്യം കൂടുകയാണ്. ഫാനും എ സിയും ഉണ്ടെങ്കിലും വീട്ടിനകത്ത് ഇരിക്കുന്നത് വലിയ ബുദ്ധിമുട്ട് തന്നെയാണ്. ഈ സമയത്ത് ആരോഗ്യം സംരക്ഷിക്കേണ്ടതും ആത്യാവശ്യമാണ്. ചൂട് സമയത്ത് ചൂടാക്കിയ ആഹാരം എന്തായാലും നമ്മൾ കഴിക്കാൻ മെനക്കെടില്ല. എന്നാൽ തണുത്ത ആഹാരങ്ങൾ അമിതമായി കഴിയ്ക്കുന്നത് ചിലപ്പോൾ വയറിന് പ്രശ്നമുണ്ടാക്കും. ചൂടിൽ നിന്ന് ആശ്വാസം നേടാനും ആരോഗ്യത്തെ സംരക്ഷിക്കാനും ഒരുപോലെ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ പരിചയപ്പെടാം.
കൂടുതൽ വാർത്തകൾ: ഭക്ഷണത്തിന് ശേഷം പഴങ്ങൾ കഴിക്കരുത്!
ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ നന്നായി ചതച്ചെടുക്കുക. ശേഷം ഒരു വലിയ ജാറിൽ ഇട്ട് നന്നായി ഇളക്കിയ മോരും ആവശ്യത്തിന് ചേർക്കുക. വെള്ളം വേണമെങ്കിൽ ചേർക്കാം. ഇത് നന്നായി യോജിപ്പിക്കണം.
പഴം
ചൂട് സമയത്ത് വാഴപ്പഴം കഴിയ്ക്കുന്നത് ശരീരത്തിന് നല്ലതാണ്. വയറുവേദന, നീർക്കെട്ട് എന്നിവ കുറയ്ക്കാൻ വാഴപ്പഴം നല്ലൊരു മാർഗമാണ്.
ഇളനീർ
വേനൽക്കാലത്ത് കുടിയ്ക്കാവുന്ന നല്ലൊരു പാനീയമാണ് ഇളനീർ. ഇളനീരിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ദാഹം മാറുന്നു എന്ന് മാത്രമല്ല, നിർജലീകരണം ഒഴിവാക്കാനും ഇളനീർ സഹായിക്കും.
ഓട്സ്
കുറച്ചധിക നേരം വിശപ്പ് തോന്നാതിരിക്കാൻ ഓട്സ് കഴിച്ചാൽ മതി. മാത്രമല്ല വയറിലെ ആവശ്യമുള്ള ബാക്ടീരിയകളെ നിലനിർത്താനും ഓട്സ് സഹായിക്കും. വേനൽക്കാലത്ത് എന്തുകൊണ്ടും ഭക്ഷണക്രമത്തിൽ ഓട്സ് ഉൾപ്പെടുത്തുന്നത് നല്ലതാണ്.
തണ്ണിമത്തൻ
ചൂടുകാലത്ത് തണ്ണിമത്തൻ കഴിയ്ക്കുന്നത് നല്ലതാണെന്ന് പറയേണ്ട കാര്യമില്ല. ധാരാളം ആന്റിഓക്സിഡന്റുകളും വെള്ളവും അടങ്ങിയിട്ടുള്ളതിനാൽ തണ്ണിമത്തൻ ജ്യൂസായും, കട്ട് ചെയ്തും കഴിയ്ക്കുന്നത് നല്ലതാണ്.
തൈര് സാദം
തൈര് സാദം ചൂട് സമയത്ത് കഴിയ്ക്കുന്നത് ഗുണം ചെയ്യും. കാത്സ്യം, പ്രോട്ടീൻ, പ്രോബയോട്ടിക്കുകൾ എന്നിവ തൈരിൽ അടങ്ങിയിട്ടുണ്ട്. ഭക്ഷണം പെട്ടെന്ന് തന്നെ ദഹിക്കുകയും ചെയ്യും.
വെള്ളരിക്ക
ചൂടുകാലത്ത് വളരെയധികം ജലാംശം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടത് അത്യാവശ്യമാണ്. വെള്ളരിക്കയിൽ 95 ശതമാനവും ജലാംശമുണ്ട്. വിശപ്പും ദാഹവും പെട്ടെന്ന് മാറാൻ വെള്ളരിക്ക കഴിച്ചാൽ മതി. മാത്രമല്ല, വെള്ളരിക്ക അരിഞ്ഞ് കണ്ണിൽ വയ്ക്കുന്നത് കണ്ണിന് ആശ്വാസം നൽകുകയും ചെയ്യും.
നാരങ്ങാവെള്ളം
വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുള്ളതിനാൽ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് നാരങ്ങാ വെള്ളം സഹായിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. ദാഹിക്കുമ്പോൾ മാത്രം വെള്ളം കുടിയ്ക്കാൻ നിൽക്കരുത്, ഇടയ്ക്കിടെ വെള്ളം കുടിയ്ക്കണം.
2. വയർ നിറച്ച് ഭക്ഷണം കഴിയ്ക്കാതെ ഇടയ്ക്കിടെ ലഘുഭക്ഷണങ്ങൾ കഴിയ്ക്കാൻ ശ്രമിക്കാം.
3. പഴങ്ങൾ ദിവസവും കഴിയ്ക്കുക.
4. ഇടനേരങ്ങളിൽ പച്ചക്കറി സാലഡ് ശീലമാക്കാം.
5. ഫാസ്റ്റ് ഫുഡ്, പായ്ക്കറ്റ് ഭക്ഷണങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കുക.
6. മസാല, എരിവ്, പുളി എന്നിവയുടെ അമിത ഉപയോഗം കുറയ്ക്കണം.
7. ചായ, കാപ്പി എന്നിവയ്ക്ക് പകരം വീട്ടിൽ തയ്യാറാക്കുന്ന ജ്യൂസുകൾ ശീലമാക്കാം.
8. വ്യക്തിശുചിത്വത്തിനും പ്രാധാന്യം നൽകണം.