ഹാര്‍ട്ട് അറ്റാക്ക് പെട്ടെന്നു തന്നെ ജീവന്‍ കവര്‍ന്നെടുക്കുന്ന രോഗമായതുകൊണ്ട് കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ഹൃദയാഘാതം വരാന്‍ സാധ്യതകള്‍ പലര്‍ക്കുമുണ്ടെങ്കിലും പ്രമേഹം, കൊളെസ്റ്ററോൾ, ഉയർന്ന രക്തസമ്മർദ്ദം, എന്നിവ ഉള്ളവർ എപ്പോഴും ജാഗരൂപരായിരിക്കേണ്ടത് അത്യാവശ്യമാണ്.
ഹൃദയാഘാതം മുന്‍കൂട്ടി കണ്ടെത്താന്‍ വഴികള്‍ പലതുമുണ്ട്. ചിലപ്പോള്‍ യാതൊരു ലക്ഷണവുമില്ലാതെ വന്ന് ഞൊടിയിടയില്‍ ജീവന്‍ കവര്‍ന്നെടുത്ത് പോകുന്ന ഒന്നാണിത്. പലപ്പോഴും മുന്‍പേ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ പോകാതെ വരുന്നതാണ് ഈ രോഗം ഗുരുതരമാകുന്നത്. ചിലപ്പോള്‍ ഇതിനോട് അനുബന്ധിച്ചു വരുന്ന അസ്വസ്ഥതകള്‍ നമ്മൾ ഗ്യാസ്, നെഞ്ചെരിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങളായി എടുക്കാറുണ്ട്. പലപ്പോഴും വേണ്ട സമയത്ത് ചികിത്സ തേടാത്തതാണ് ഈ രോഗം ഗുരുതരമാക്കുന്നത്.
കൃത്യമായ ചെക്കപ്പും കൃത്യമായ ശ്രദ്ധയുമുണ്ടെങ്കില്‍ ഹാര്‍ട്ട് അറ്റാക്ക് എന്ന അവസ്ഥയില്‍ നിന്നും നമുക്ക് രക്ഷപ്പെടാം. എപ്പോഴും നെഞ്ചിന്റെ ഭാഗത്തുണ്ടാകുന്ന അസ്വസ്ഥതകള്‍ ഗ്യാസ്, നെഞ്ചെരിച്ചില്‍ എന്നീ രീതികളില്‍ എടുക്കരുത്. ഇതു പോലെ തന്നെ മുകളില്‍ പറഞ്ഞ അസ്വസ്ഥതകള്‍ കണ്ടാല്‍ ഇത് നിസാരം എന്ന രീതിയിലും എടുക്കരുത്. ഇതെല്ലാം തന്നെ ദോഷങ്ങള്‍ വരുത്തുന്നു. വേണ്ട രീതിയില്‍ കരുതല്‍ എടുത്താല്‍ ഹൃദ്രോഗം എന്ന പ്രശ്‌നത്തില്‍ നിന്നും രക്ഷപ്പെടാവുന്നതേയുള്ളൂ.
ഇതിനൊപ്പം കൃത്യമായ ഭക്ഷണ, വ്യായാമ കാര്യങ്ങള്‍ ശ്രദ്ധിയ്ക്കുകയെന്നതും പ്രധാനമാണ്.
നമുക്കു വരുന്ന ലക്ഷണങ്ങള്‍ ഹൃദ്രോഗത്തിന്റെ ഭാഗമായി വരുന്നതാണെന്നോ എന്ന് തിരിച്ചറിയാൻ സാധിയ്ക്കും. നിത്യവും ചെയ്യുന്ന തൊഴിലിനിടയ്ക്ക് അസ്വസ്ഥത ഉണ്ടാകുന്നത്, ഉദാഹരണമായി ദിവസവും നിശ്ചിത ദൂരം നടക്കുന്ന ഒരാള്‍ക്ക് പെട്ടെന്ന് ഒരു ദിവസം ഇതു പോലെ നടക്കുമ്പോള്‍ ബുദ്ധിമുട്ടു വരിക, അല്ലെങ്കില്‍ സ്ഥിരം ചെയ്യുന്ന ചുമട്ടു തൊഴിലിനിടക്ക് പെട്ടെന്ന് ഇത് ചെയ്യാന്‍ ബുദ്ധിമുട്ട് നേരിടുക, അതായത് ബുദ്ധിമുട്ടില്ലാതെ സ്ഥിരം ചെയ്യുന്ന കാര്യങ്ങള്‍ക്ക് ഒരു ദിവസം പെട്ടെന്ന് ബുദ്ധിമുട്ടുണ്ടാകുന്നു. ഇത്തരം ലക്ഷണമെങ്കില്‍ ഡോക്ടറെ കണ്ടാല്‍ ഇസിജി പോലുള്ള പരിശോധനകള്‍ നടത്തിയാല്‍ ഇത് ഹൃദ്രോഗം കാരണമാണോ എന്നു കണ്ടെത്താന്‍ ഡോക്ടര്‍ക്ക് സാധിയ്ക്കും.
ചിലപ്പോള്‍ അറ്റാക്ക് വന്നാലും ആദ്യത്തെ കുറച്ചു സമയം ഇസിജിയില്‍ വ്യത്യാസം കാണില്ല. അല്‍പം കഴിഞ്ഞാലാണ് ഇതുണ്ടാകുക. ഇസിജിയില്‍ യാതൊരു വ്യത്യാസവും ഇല്ലെങ്കിലും രക്തപരിശോധനയിലൂടെ ഇത് കണ്ടു പിടിയ്ക്കാന്‍ സാധിയ്ക്കും. കാര്‍ഡിയാക് എന്‍സൈം പരിശോധനയിലൂടെ അറ്റാക്ക് വന്നുവോ എന്ന് കണ്ടെത്താന്‍ സാധിയ്ക്കും. അറ്റാക്ക് വന്നു പോയിട്ടുണ്ടെങ്കിലും 10 ദിവസത്തില്‍ നമുക്കിത് കണ്ടു പിടിയ്ക്കാന്‍ സാധിയ്ക്കും. ഇതിലൂടെ കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ എക്കോ ടെസ്റ്റിലൂടെ കണ്ടെത്താന്‍ സാധിയ്ക്കും.
ബ്ലോക്ക് പ്രശ്‌നങ്ങള്‍
എന്നാല്‍ ഇതില്‍ മൂന്നിലും കാണാത്തതാണ് ബ്ലോക്ക് പ്രശ്‌നങ്ങള്‍. ഹൃദയത്തിലുണ്ടാകുന്ന ബ്ലോക്ക് പ്രശ്‌നങ്ങള്‍ വേണ്ട രീതിയില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഇത് അറ്റാക്കിലേയ്ക്ക് നീങ്ങുന്നു. ഇതു കണ്ടെത്താന്‍ ഹാര്‍ട്ട് ചെക്കപ്പ് നടത്തുന്നു. ഇസിജി, എക്കോ ടെസ്റ്റ് എന്നിവ കൂടാതെ ഇതില്‍ ട്രെഡ്മില്‍ ടെസ്റ്റ് നടത്തുന്നു. ട്രെഡ്മില്ലില്‍ അല്‍പനേരം നടത്തിയ്ക്കുന്നു. ഇതിന്റെ സ്പീഡ് കൂട്ടുമ്പോള്‍ ഇതില്‍ നടക്കാന്‍ ബുദ്ധിമുട്ട് തോന്നുന്നു. പ്രമേഹ രോഗികള്‍ക്ക് ഇത്തരം ലക്ഷണങ്ങളില്ലെങ്കില്‍ തന്നെ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്. ഇതിനാല്‍ തന്നെ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വയ്ക്കണം.