വ്യക്തികളുടെ മാനസിക, ആരോഗ്യ ഉയർച്ചയ്ക്ക് സഹായിക്കുന്ന യോഗയെ രാജ്യത്തിന്റെ വ്യവസായ, സാമ്പത്തിക വളർച്ചയ്ക്ക് പ്രയോജനപ്പെടുത്താൻ ആലോചന. ഇതുസംബന്ധിച്ച് പഠനം നടത്തി മേയ് 31-നകം പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കാൻ കേന്ദ്ര ആയുഷ് മന്ത്രാലയം കമ്മിറ്റി രൂപവത്കരിച്ചു.
സ്വാമി വിവേകാനന്ദ യോഗ അനുസന്താൻ സംസ്താൻ ചാൻസലർ ഡോ. എച്ച്.ആർ.നാഗേന്ദ്ര അധ്യക്ഷനായ കമ്മിറ്റിയാണ് പഠനം നടത്തുന്നത്. ഡൽഹി ഓൾ ഇന്ത്യ മെഡിക്കൽ സയൻസ്, ബെംഗളൂരു ഐ.ഐ.എം., മുംബൈ ഐ.ഐ.ടി., രാജ്യത്തെ പ്രധാന യോഗ സ്ഥാപനങ്ങൾ, കോർപ്പറേറ്റ് മേഖല എന്നിവയുടെയെല്ലാം പ്രതിനിധികൾ കമ്മിറ്റിയിലുണ്ട്.
ഉത്പാദനവർധന, ലാഭവർധന, ചെലവുകുറയ്ക്കൽ, നവീനാശയങ്ങളുടെ രൂപവത്കരണം, മത്സരസ്വഭാവം വളർത്തൽ, തൊഴിലാളികളുടെ ആരോഗ്യം എന്നിവയ്ക്ക് യോഗ സഹായകമാകുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. കോർപ്പറേറ്റുകളിൽ പലതും ജീവനക്കാർക്ക് യോഗ പരിശീലനം നൽകുന്നുണ്ട്.
രാജ്യത്തെ വൻകിട വ്യവസായസ്ഥാപനങ്ങളിൽ ചിലത് യോഗ ഇൻസ്ട്രക്ടർമാരെ നിയമിച്ച് ജീവനക്കാർക്ക് പരിശീലനവും നൽകുന്നു.