ശരീരഭാരം കുറയ്ക്കാൻ പല വഴികളും ചെയ്യുന്നവരുണ്ട്. ചിലർ വ്യായാമം കൊണ്ടാണ് പരീക്ഷിക്കുന്നതെങ്കിൽ മറ്റു ചില ഡയറ്റിങ് വഴിയാണ്. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു ഭക്ഷണമാണ് ഓട്സ്. ഇത് കഴിക്കുന്നത് വഴി ഫൈബർ, ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഇ, കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ തുടങ്ങി പല പോഷകങ്ങളും നമുക്ക് ലഭ്യമാക്കാം. കൂടാതെ കലോറിയും ഓട്സിൽ കുറവാണ്. അതുകൊണ്ട് തന്നെ കൊളസ്‌ട്രോൾ ഉള്ളവർക്കും ഇത് ധൈര്യത്തോടെ കഴിക്കാം. ഹൃദയാരോഗ്യം സംരക്ഷിക്കാനും ഓട്സ് നല്ലതാണ്. ബീറ്റാ ഗ്ലുക്കൻ എന്ന ഡയറ്ററി ഫൈബറും മറ്റു ധാതുക്കളും ഓട്സിനെ ഏറെ ആരോഗ്യകരമാക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ഓട്സ് ദിവസേന കഴിച്ചാൽ ഗുണങ്ങൾ പലതാണ്
ഓട്സ് പല വിധത്തിലും ഉണ്ടാക്കാവുന്നതാണ്. എന്നാൽ ഓട്സ് ഒരു പ്രത്യേക രീതിയിൽ ഉണ്ടാക്കുകയാണെങ്കിൽ അത് ആരോഗ്യകരവും സ്വാദിഷ്ടവും കൂടാതെ തടി ചുരുക്കാനും സഹായിക്കും. ഒവെർനൈറ്റ് ഓട്സിനെ (Overnight oats) കുറിച്ചാണ് വിവരിക്കുന്നത്. ഇത് വളരെ ആരോഗ്യകരമായ ഒരു പ്രഭാതഭക്ഷണമാണ്. ഇത് വളരെ എളുപ്പത്തിൽ ഉണ്ടാക്കാം. രാത്രി തന്നെ ഓട്സ് ചില ചേരുവകൾ ചേർത്ത് ഒന്നിച്ച് ഇളക്കി ഫ്രിഡ്ജിൽ വയ്ക്കുക, അടുത്ത ദിവസം രാവിലെ കഴിക്കാം. അത്രയേയുള്ളൂ! പാചകം, ബേക്കിംഗ് എന്നിവയില്ല, കൂടുതൽ പത്രങ്ങളുടെ ആവശ്യവുമില്ല.
ഒവെർനൈറ്റ് ഓട്സ് തയ്യാറാക്കുന്ന വിധം നോക്കാം
തലേദിവസം രാത്രി ഓട്സ്, ആൽമണ്ട് മിൽക്ക്, തേങ്ങാപ്പാൽ, പാൽ, ഇവയിലേതെങ്കിലും ഒന്നിൽ കുതിർത്തി വയ്ക്കുക. വെള്ളത്തിൽ കുതിർത്താലും കുഴപ്പമില്ല. ഇതിലേയ്ക്ക് ഒരു സ്പൂൺ ചിയ സീഡ്‌സ് കൂടെ ചേർത്ത് നന്നായൊന്ന് മിക്സ് ചെയ്ത് കൊടുക്കുക. ചിയ സീഡ്‌സും ഈ ഓട്സ് മിശ്രിതത്തിൽ കിടന്ന് കുതിരാൻ അനുവദിക്കുക. ഭാരം കുറയ്ക്കാൻ സഹായിക്കുന്ന സവിശേഷതകൾ ചിയ സീഡ്‌സിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡ്, പ്രോട്ടീൻ, നാരുകൾ തുടങ്ങിയവയാൽ സമ്പന്നമാണ് ചിയ സീഡ്‌സ്. ദിവസവും ഒന്നോ രണ്ടോ ടേബിൾ സ്പൂൺ ചില സീഡ്‌സ് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ഭാരം കുറയ്ക്കാനും സഹായിക്കും. ഇനി ഇതിന്റെ മുകളിലേയ്ക്ക് പഴങ്ങൾ ചെറുതായി കഷ്ണങ്ങൾ ആക്കിയത് ചേർക്കാം. സിട്രസ് പഴങ്ങൾ ഒഴിച്ച് വേറെ ഏതുതരം പഴവും ചേർക്കാം. ഇത് കൂടാതെ ഇതിലേയ്ക്ക് നട്സ് ചേർക്കാം.
തയ്യാറാക്കിയ ഈ മിശ്രിതം പാത്രം നല്ലതുപോലെ അടച്ച് ഒരു രാത്രി മുഴുവൻ ഫ്രിഡ്ജിൽ വെയ്ക്കുക. അടുത്ത ദിവസം രാവിലെ ഇതെടുത്ത് തണുപ്പ് മാറി കഴിയുമ്പോൾ കഴിക്കാവുന്നതാണ്. ശരീരഭാരം കുറയ്ക്കാനായി ഓട്സ് കഴിക്കാനുള്ള മികച്ച രീതിയാണ് ഇത്. ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് എല്ലാ ദിവസവും രാവിലെ ബ്രേക്ഫാസ്റ്റ് ആയി ഈ വിഭവം പരീക്ഷിക്കാവുന്നതാണ്.