കൊവിഡ് കാലത്താണ് നമ്മൾ ശരിക്കും രോഗപ്രതിരോധ ശേഷിയുടെ പ്രാധാന്യത്തെ കുറിച്ച് മനസ്സിലാക്കിയത്. പ്രതിരോധ ശക്തി ലഭ്യമാക്കുക എന്നത് ഒന്നോ രണ്ടോ ദിവസം കൊണ്ട് ചെയ്യാൻ സാധിക്കുന്ന കാര്യമല്ല. ആയുർവേദ ടിപ്പുകൾ ഉപയോഗിച്ച് രോഗപ്രതിരോധ ശേഷി എങ്ങനെ മെച്ചപ്പെടുത്താമെന്ന് നോക്കാം. ആയുർവേദമനുസരിച്ച്, നിങ്ങളുടെ ഭക്ഷണക്രമവും ജീവിതശൈലിയും എല്ലാം രോഗങ്ങളെ ചെറുക്കുന്നതിനുള്ള പ്രതിരോധ സംവിധാനത്തിൻറെ പ്രധാന ഘടകങ്ങളാണ്.
* ജലാംശം ശരീരത്തിൽ നിലനിർത്തുക. ആയുർവേദത്തിൽ നിർജ്ജലീകരണം അറിയപ്പെടുന്നത് ‘അപ്ദതുക്ഷയ’ എന്ന പേരിലാണ്. നിർജ്ജലീകരണം ലവണങ്ങൾ, ദ്രാവകങ്ങൾ, ധാതുക്കൾ എന്നിവയുടെ അസന്തുലിതാവസ്ഥയിലേക്ക് ശരീരത്തെ നയിക്കും. ഇതുമൂലം ശരീരം നമ്മുടെ നിയന്ത്രണത്തിന് അപ്പുറമായി മാറും. നിർജ്ജലീകരണം തടയാൻ ആയുർവേദം പറയുന്ന പ്രധാന മാർഗം ദിവസവും ആവശ്യത്തിന് ചൂടുവെള്ളവും ദ്രാവക രൂപത്തിലുള്ള ഭക്ഷണവും കഴിക്കുക എന്നതാണ്. നിങ്ങൾ ഒരു ദിവസം കുറഞ്ഞത് 2-3 ലിറ്റർ വെള്ളമെങ്കിലും കുടിക്കണം.
*പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ആയുർവേദ ഭക്ഷണക്രമം എങ്ങനെ എന്നറിയാം?നിങ്ങളുടെ രോഗങ്ങൾക്കുള്ള പരിഹാരത്തിനും അണുബാധകളെ ചെറുക്കുന്നതിനും എല്ലാം കൃത്യമായ സമീകൃത ആഹാരത്തിന് നിർണായക പങ്കുണ്ട് എന്നാണ് ആയുർവേദം പറയുന്നത്. വിറ്റാമിൻ സി, ആൻറി ഓക്‌സിഡൻറുകളായ ഇലക്കറികൾ, ബ്രോക്കോളി, തക്കാളി, നാരങ്ങ, കോളിഫ്ലവർ, മധുരക്കിഴങ്ങ്, കാപ്സിക്കം, ഓറഞ്ച്, പപ്പായ, പേര, കിവി, വിത്തുകൾ, പരിപ്പ്, പയർ തുടങ്ങിയവ പോലുള്ള ആൻറി ഓക്‌സിഡൻറുകൾ നിങ്ങളുടെ പ്രതിരോധ ശേഷി വളരെയധികം വർദ്ധിപ്പിക്കും.
* പ്രതിരോധശേഷി ശക്തിപ്പെടുത്തുന്ന ഔഷധ സസ്യങ്ങൾ നിർബന്ധമായും കഴിക്കണം:
- തുളസി, ഇഞ്ചി, കുരുമുളക് എന്നിവകൊണ്ടുള്ള ഹെർബൽ ടീ കഴിച്ചുകൊണ്ട് ദിവസം ആരംഭിക്കുക. ദിവസവും രാവിലെ കുറഞ്ഞത് 15 മില്ലിയെങ്കിലും നെല്ലിക്ക ജ്യൂസ് കുടിക്കണം.
- ദിവസവും നിങ്ങളുടെ ഭക്ഷണങ്ങളിൽ ഉണങ്ങിയ കുരുമുളകും മഞ്ഞളും ഉപയോഗിക്കുക.
- സ്വാഭാവികമായ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് കുറഞ്ഞത് 6 മുതൽ 8 മണിക്കൂറെങ്കിലും മതിയായ ഉറക്കം ലഭ്യമാക്കണം
* നിങ്ങളുടെ മാനസിക സമ്മർദം നിയന്ത്രിക്കണം:
മാനസിക സമ്മർദംമൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ രോഗപ്രതിരോധ കോശങ്ങളുടെ പ്രവർത്തനങ്ങളെ വലിയ അളവിൽ സ്വാധീനിക്കുകയും അതിനെ ശോഷിപ്പിക്കുകയും ചെയ്യും. ഇത് നിങ്ങളുടെ രോഗപ്രതിരോധ നില കുറയ്ക്കും. ഇത് ഒഴിവാക്കാൻ നിങ്ങൾ മാനസിക സമ്മർദം കുറച്ചു കൊണ്ടുവരണം. ധ്യാനം, യോഗ, വ്യായാമം, പ്രിയപ്പെട്ടവരുമായി സമയം ചിലവഴിക്കൽ, യാത്ര, സംഗീതം, പുസ്തകം വായിക്കൽ, അല്ലെങ്കിൽ നിങ്ങൾക്ക് താൽപ്പര്യമുള്ള ഒരു ഹോബി തെരഞ്ഞെടുക്കൽ എന്നിവ മാനസിക സമ്മർദം കുറച്ച് കൊണ്ടുവരും.
* പതിവായി വ്യായാമം ചെയ്യുക:
പതിവായി വ്യായാമം ചെയ്യുന്നത് നിങ്ങളെ ഫിറ്റ് ആയി നിലനിർത്തുക മാത്രമല്ല, നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യും. ഇത് നിങ്ങളുടെ ഉറക്കത്തിെൻറ ഗുണനിലവാരം വർദ്ധിപ്പിക്കും. നിങ്ങളുടെ മാനസിക സമ്മർദ്ദം നിയന്ത്രിക്കും. ദിവസേന കുറഞ്ഞത് അരമണിക്കൂറെങ്കിലും നടത്തം, യോഗ, നീന്തൽ, ജോഗിംഗ് തുടങ്ങിയ മിതമായ വ്യായാമങ്ങൾ ഉൾപ്പെടുത്താൻ ആയുർവേദം ശുപാർശ ചെയ്യുന്നു.
* രോഗപ്രതിരോധത്തിനുള്ള അനുബന്ധ മാർഗങ്ങൾ:
നിങ്ങളുടെ ഭക്ഷണത്തിൽ ആവശ്യത്തിന് പോഷകങ്ങളില്ല എന്ന് തോന്നുേമ്പാൾ നിങ്ങളുടെ പ്രതിരോധശേഷി നിലനിർത്താൻ നിങ്ങൾക്ക് ചില സപ്ലിമെൻറുകൾ തിരഞ്ഞെടുക്കാം. ത്രിഫല, ഇഞ്ചി, നെല്ലിക്ക മുതലായവ ഉപയോഗിച്ച് നിർമ്മിച്ച ഹെർബൽ സപ്ലിമെൻറുകൾ അതിന് സഹായിക്കും. ഇവ അവശ്യ വിറ്റാമിനുകളായ - ബി, സി, ഡി മുതലായവ പ്രദാനം ചെയ്യും. ഇത് രോഗപ്രതിരോധ ശേഷി നില നിർത്താൻ സഹായിക്കും.