വീട്ടില്‍ പ്രമേഹരോഗികളുണ്ടെങ്കില്‍ അവര്‍ക്ക് മധുരം കഴിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങളും പതിവായിരിക്കും. എന്നാലിനി പ്രമേഹരോഗികള്‍ക്ക് പഞ്ചസാരയ്ക്ക് പകരമായി അല്പം മധുരതുളസി ഉപയോഗിക്കാം.
തുളസി പോലെ തന്നെ ഏറെ ഔഷധഗുണങ്ങളുളള സസ്യമാണ് മധുരതുളസി.ഇതിലടങ്ങിയിരിക്കുന്ന ഗ്ലൈക്കോസൈഡുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇന്‍സുലിന്‍ ക്ഷമത വര്‍ധിപ്പിക്കാനും സഹായിക്കും.
പഞ്ചസാരയെക്കാള്‍ 30 ഇരട്ടി മധുരമുളള ചെടിയാണ് മധുരതുളസിയെന്ന് പറയപ്പെടുന്നു. മധുരതുളസിയില്‍ അടങ്ങിയിട്ടുളള സ്റ്റീവിയോള്‍ ഗ്ലൈക്കോസൈഡ് എന്ന സംയുക്തമാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത്.
ഇന്‍സുലിന്‍ പ്രതിരോധം കൂട്ടിക്കൊണ്ട് മധുരതുളസി ശരീരത്തില്‍ പ്രവര്‍ത്തിക്കും. പ്രമേഹരോഗം നിയന്ത്രിക്കാനായി മധുരതുളസി ചായ ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് തീരെ കുറവുളളവര്‍ ഇത് ഉപയോഗിക്കുന്നത് നല്ലതല്ല.
പ്രമേഹത്തിന് മാത്രമല്ല രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും മധുരതുളസി ഗുണകരമാണ്. കലോറി അടങ്ങിയിട്ടില്ലാത്തതിനാല്‍ ശരീരഭാരം കുറയ്ക്കാനാഗ്രഹിക്കുന്നവര്‍ക്കും ഉപയോഗിക്കാം. മുറിവുകള്‍ പെട്ടെന്ന് ഭേദമാക്കാനും മധുരതുളസി ഉത്തമമാണ്.
സ്റ്റീവിയ എന്നറിയപ്പെടുന്ന മധുരതുളസിയുടെ ജന്മദേശം ബ്രസീലാണ്.
കാലങ്ങള്‍ മുമ്പെ അവിടെയിത് പ്രചാരത്തിലുണ്ടെങ്കിലും ഇന്ത്യയില്‍ മധുരതുളസിയ്ക്ക് അനുമതി നല്‍കിയത് 2015 മുതലാണ്. കേരളത്തില്‍ മധുരതുളസിയുടെ കൃഷി വ്യാപകമല്ലെങ്കിലും കര്‍ണാടയിലും മറ്റും വ്യാപകമായി കൃഷി ചെയ്തുവരുന്നുണ്ട്. ഓണ്‍ലൈന്‍ വിപണിയിലും നല്ല ഡിമാന്റുണ്ട്.
കൂടുതല്‍ അനുബന്ധ വാര്‍ത്തകള്‍ വായിക്കൂ :https://malayalam.krishijagran.com/health-herbs/improve-your-health-by-eating-coconut-sugar-instead-of-harmful-white-sugar/