ശരീരത്തിൽ വെള്ളത്തിൻറെ അളവ് കുറഞ്ഞാലും കൂടിയാലും എല്ലാം ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കും. ആവശ്യത്തിനുള്ള വെള്ളം കുടിക്കേണ്ടത് വളരെ അനിവാര്യമാണ്. എന്നാല്‍ ചിലരിൽ ആവശ്യത്തിന് വെള്ളം കുടിച്ച ശേഷവും ഇടയ്ക്കിടെ ദാഹം അനുഭവപ്പെടുകയും തൊണ്ട വരണ്ടുപോകുന്നത് പോലെയുമൊക്കെയുള്ള സാഹചര്യം ഉണ്ടാകാറുണ്ട്. ഇതിനൊപ്പം ഇടവിട്ട് മൂത്രശങ്ക കൂടിയുണ്ടെങ്കിൽ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്.
കൂടുതൽ ദാഹം അനുഭവപ്പെടുക, വായ വരണ്ടുപോകുന്ന പോലെ തോന്നുക, മൂത്രശങ്ക എന്നിവയെല്ലാം സാധാരണയായി പ്രമേഹത്തിന് (Diabetes) കാണുന്ന ലക്ഷണങ്ങളാണ്. പക്ഷേ പ്രമേഹമുള്ളവരില്‍ മാത്രമല്ല വലിയ രീതിയില്‍ പ്രമേഹസാധ്യതയുള്ള, സമീപഭാവിയില്‍ തന്നെ പ്രമേഹത്തിലേക്ക് കടന്നേക്കാവുന്ന 'പ്രീഡയബെറ്റിസ്' എന്ന അവസ്ഥയിലുള്ളവരിലും ഇങ്ങനെ കാണാം. ഈ ഘട്ടത്തില്‍ ഷുഗര്‍ നില കൂടുതല്‍ തന്നെയായിരിക്കും. എന്നാലോ പ്രമേഹം എന്ന അളവിലേക്ക് എത്തിയിട്ടുമുണ്ടാകില്ല.
ബന്ധപ്പെട്ട വാർത്തകൾ: പ്രമേഹരോഗികൾ വാഴപ്പഴം കഴിയ്ക്കാമോ?
ഇടവിട്ട് ദാഹിക്കുന്നതും വായ വരണ്ടുപോകുന്നതും ഇടവിട്ട് മൂത്രശങ്കയുണ്ടാകുന്നതുമെല്ലാം 'പ്രീഡയബെറ്റിസ്'ന്‍റെ ഭാഗമായിത്തന്നെയാകാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അതിനാല്‍ ഇങ്ങനെയുള്ള ലക്ഷണങ്ങള്‍ കാണുന്ന പക്ഷം ഉടനെ പരിശോധന നടത്തുകയും ഷുഗര്‍ സാധ്യത മനസിലാക്കുകയും വേണം. ഇതിലൂടെ പ്രമേഹത്തിലെത്താതെ നോക്കാനോ, എത്തിയാലോ നിയന്ത്രണത്തില്‍ നില്‍ക്കാനോ സാധിച്ചേക്കാം.
'പ്രീഡയബെറ്റിസ്' സ്റ്റേജില്‍ രക്തത്തില്‍ ഷുഗര്‍നില വര്‍ധിക്കുന്നതിനാല്‍ ഷുഗര്‍ മൂത്രത്തിലൂടെ പുറന്തള്ളാൻ ശരീരം ശ്രമിക്കും. ഇതാണ് ശരീരത്തില്‍ ജലാംശം കുറയുന്നതിലേക്ക് നയിക്കുന്നത്. ഇങ്ങനെ വരുമ്പോള്‍ കൂടെക്കൂടെ ദാഹം തോന്നുകയും മൂത്രശങ്കയുണ്ടാവുകയും ചെയ്യും. കൂടാതെ വൃക്കരോഗം, കരള്‍ രോഗം എന്നിങ്ങനെയുള്ള രോഗങ്ങളുടെ ഭാഗമായും അമിത ദാഹം കാണാം.