തടി കുറയ്ക്കാൻ സഹായിക്കുന്ന ധാരാളം ഭക്ഷണ സാധനങ്ങളുണ്ട്. ഇതിൽ വീട്ടില്‍ തന്നെ ലഭ്യമായ മികച്ച ഒരു ഔഷധമാണ് ഉലുവ. ഭക്ഷണ വിഭവങ്ങൾക്ക് സ്വാദും മണവും നൽകുന്നതിനും ആയുർവേദ ഔഷധനിർമ്മാണത്തിനും ഉലുവ ഉപയോഗിക്കുന്നു. പ്രധാനമായി കറികൾക്ക് മണവും സ്വാദും കൂട്ടാനാണ് നാം ഉലുവ ഉപയോഗിക്കുന്നത്. എന്നാൽ ഒരുപാട് ഔഷധമൂല്യം ഉലുവയിൽ അടങ്ങിയിരിക്കുന്നുണ്ട്. രക്തസമ്മര്‍ദ്ദവും പ്രമേഹവും നിയന്ത്രിക്കുക, മെറ്റബോളിസത്തിന്‍റെ നിരക്ക് വര്‍ദ്ധിപ്പിക്കുക എന്നിവയ്ക്ക് കഴിവുള്ള, ശരീരഭാരം കുറയ്ക്കുന്നതില്‍ ഫലപ്രദമായ ഒന്നാണ് ഉലുവ. ഇതുപയോഗിച്ച് ശരീരഭാരം കുറയ്ക്കാനുള്ള ചില വഴികളാണ് ചുവടെ കൊടുത്തിരിക്കുന്നത്.
1. അതിരാവിലെ വെറും വയറ്റില്‍ മുളപ്പിച്ച ഉലുവ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.ഇതിൽ കരോട്ടിന്‍, വിറ്റാമിന്‍ എ, ഇ, സി, ബീ, കാല്‍സ്യം, മഗ്നീഷ്യം, സിങ്ക്, പൊട്ടാസ്യം, അമിനോ ആസിഡുകള്‍, ദഹനത്തിനുള്ള മിനറലുകള്‍ തുടങ്ങി നിരവധി ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഉലുവ മുളയ്പ്പിക്കാനായി വൃത്തിയുള്ള ഒരു തുണിയെടുത്ത് വെള്ളത്തില്‍ കുതിർത്തി അതിൽ ഉലുവയിടുക.പിന്നീട് ഭാരമുള്ള ഒരു പാത്രം/കല്ല് ഉപയോഗിച്ച് അമര്‍ത്തി വെയ്ക്കുക.മൂന്ന് രാത്രികള്‍ കഴിഞ്ഞ് ഭാരം നീക്കി അവ വളരാനനുവദിക്കുക. മുള അത്യാവശ്യം വളര്‍ന്ന് കഴിയുമ്പോള്‍ അവ കഴിക്കാം.
2.ആകര്‍ഷകമായ ശരീരഭംഗി ലഭിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്ന ഒന്നാണ് ഉലുവയും തേനും ചേര്‍ത്തുള്ള മിശ്രിതം. ഇത് തയ്യാറാക്കാൻ കല്ലുകൊണ്ടുള്ള ഉരലില്‍ ഉലുവ തരിയുള്ള പേസ്റ്റ് രൂപത്തിലാക്കിയെടുക്കുക.ഒരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച് അതിലേക്ക് ഈ ഉലുവ ചേര്‍ക്കുക. ഈ വെള്ളം തണുക്കാനനുവദിച്ച് മൂന്ന് മണിക്കൂറിന് ശേഷം ഒരു കപ്പിലേക്ക് അരിച്ചെടുക്കുക. ഇതില്‍ തേനും നാരങ്ങ നീരും ചേര്‍ത്ത് എല്ലാ ദിവസവും രാവിലെ കുടിച്ചാൽ ഫലം കിട്ടും.
3. ഉലുവ വറുത്തു പൊടിച്ച് തൈരില്‍ കലക്കി കുടിയ്ക്കുന്നതും തടി കുറയ്ക്കും. പൊടിച്ച ഉലുവ ഭക്ഷണസാധനങ്ങളില്‍ ചേര്‍ത്ത് കഴിയ്ക്കുകയുമാവാം.
4. കട്ടന്‍ ചായ തിളപ്പിച്ച് അതില്‍ ഉലുവപ്പൊടിയിട്ട് കുടിക്കുന്നത് തടി കുറയ്ക്കാൻ സഹായിക്കും.
5. ഒരു കപ്പ് ഉലുവ വെള്ളത്തിലിട്ട് ഒരു രാത്രി ഇത് കുതിര്‍ത്ത് വെച്ച് രാവിലെ അരിച്ചെടുക്കുക. കുതിര്‍ത്ത ഉലുവ രാവിലെ വെറും വയറ്റില്‍ ചവച്ചരച്ച് കഴിക്കുക. ദിവസം മുഴുവന്‍ വയര്‍ നിറഞ്ഞിരിക്കുന്ന തോന്നല്‍ നല്കാന്‍ ഇത് സഹായിക്കും. അതുവഴി ശരീരത്തിൻറെ ഭാരവും കുറയും.
6. ശരീരഭാരം കുറയ്ക്കാനും സൗന്ദര്യം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്ന ഒന്നാണ് മല്ലി-ഉലുവ കാപ്പി. ഇത് തയ്യാറാക്കാൻ ആവശ്യമുള്ള സാധനങ്ങൾ
ഉലുവ -50 ഗ്രാം
മല്ലി – 250 ഗ്രാം
കുരുമുളക് – 25 ഗ്രാം
ജീരകം – 10 ഗ്രാം
ഏലക്ക – 5 ഗ്രാം
ആദ്യം തന്നെ മല്ലിയും ഉലുവയും ബ്രൌണ്‍ നിറമാകുന്നത് വരെ വറുക്കുക.പിന്നീട് ജീരകം, ഏലക്ക എന്നിവ ചെറുതായി ചൂടാക്കി ഉലുവ,മല്ലി, കുരുമുളക്,ജീരകം,ഏലക്ക ഇവ കാപ്പി പൊടിക്കും പോലെ പൊടിച്ചു തണുത്തതിനു ശേഷം കുപ്പിയില്‍ ആക്കുക.
ദിവസവും രാവിലെ കോഫിക്ക് പകരം ഇത് കുടിച്ചാൽ ഗ്യാസ്, കൊളോസ്‌ട്രോള്‍, ഷുഗര്‍ എന്നിവയെ നിയന്ത്രിക്കാവുന്നതാണ്.