തൈര് നാം സ്ഥിരം കഴിക്കുന്ന ഒരു ഭക്ഷ്യ വസ്തുവാണ് . ഇന്ന് നമുക്ക് തൈര് എങ്ങനെ നിർമ്മിക്കാം എന്നും .അതിന്റെ വിപണന സാധ്യതകളും പരിശോധിക്കാം.
പാൽ പുളിപ്പിച്ചെടുക്കുന്ന ( Fermentation), നമ്മുടെ നാട്ടിൽ സാധാരണമായിട്ടുള്ള പാൽ ഉൽപ്പന്നമാണ്, തൈര് . പാലിലെ പഞ്ചസാര യാണ് ലാക്ടോസ്. പാലിലേക്ക് അൽപ്പം തൈര് ചേർത്ത് പുളിക്കാനായി വയ്ക്കുമ്പോൾ, തൈരിലെ ലാക്ടിക് ആസിഡ് ബാക്ടീരിയ, പാലിലെ ലാക്ടോസിനെ ലാക്ടിക് ആസിഡ് ആയി വിഘടിപ്പിക്കുന്നു. ഈ ലാക്ടിക് ആസിഡ് ആണ്, തൈരിന് പുളിപ്പ് രുചി നൽകുന്നത്. അങ്ങനെ പാല് തൈരായി മാറുന്നുവെന്ന് ഏറ്റവും ലളിതമായി പറയാം.
നല്ല കട്ടിയുള്ള (ഖരപദാർഥങ്ങൾ) പാലാണ് കട്ട തൈര് ലഭിക്കുവാൻ, ഏറ്റവും മികച്ചത്. അതുകൊണ്ടുതന്നെ എരുമപ്പാലിൽ തൈരുണ്ടാകുമ്പോൾ, കൂടുതൽ കട്ടിയിൽ ലഭിക്കുന്നു. വീടുകളിൽ സാധാരണ ചെയ്യുന്നതുപോലെ, നല്ല വൃത്തിയായി സൂക്ഷിച്ച അല്പം തൈര് തന്നെ 'സ്റ്റാർട്ടർ കൾച്ചർ' ആയി ഉപയോഗിക്കാം. പാൽ തിളപ്പിച്ച് തണുപ്പിച്ച ശേഷം, ചെറുചൂടിൽ (37°C to 42°C) തൈര് ചേർത്ത്, കാലാവസ്‌ഥ അനുസരിച്ചു ആറ് മുതൽ പന്ത്രണ്ട് മണിക്കൂർ വരെ, പാൽ പുളിച്ചു തൈരായി മാറുന്നതിനായി സൂക്ഷിക്കാം. സാധാരണയായി 1% സ്റാർട്ടർ കൾച്ചർ ആണ്, ഉപയോഗിക്കേണ്ടത്; അതായത്, ഒരു ലിറ്റർ പാലിൽ 10 ml തൈര് എന്ന അളവിൽ.
പാലിലെ പ്രശ്നങ്ങൾ ഉൽപന്നങ്ങളിലും, ഉണ്ടാകും. പഴകിയ പാലും പുളിപ്പ് ഉള്ള പാലും, എടുത്തു തൈര് നിർമ്മിച്ചാൽ, തൈരിന്റെ മികച്ച രുചിയും ഗുണങ്ങളും ലഭിക്കില്ല. തൈര് സാദം, പുളിശ്ശേരി, തൈരുവട തുടങ്ങി അനേകം ഭക്ഷണവസ്തുക്കളുടെ ചേരുവയാണ് തൈര്. നാടൻ തൈരിന് നല്ല ഡിമാന്റുണ്ട്. ഒരു ചെറിയ സീലിംഗ് മെഷീൻ ഉണ്ടെങ്കിൽ ചെറിയ സംരംഭമായും, ആട്ടോമാറ്റിക് പാക്കിങ് യൂണിറ്റ് വിപുലമായ സംരഭത്തിലും ഉപയോഗപ്പെടുത്താം.
ഒരു സംരംഭമായി തൈര് നിർമിക്കുമ്പോൾ, 'ക്രീം സെപ്പറേറ്റർ' എന്ന ചെറു യന്ത്രം കൂടി നിർബന്ധമായും ഉണ്ടാകണം. പാലിലെ കൊഴുപ്പ് നിറഞ്ഞ ഭാഗം വേർതിരിക്കാനുള്ള യന്ത്രമാണിത്. നമ്മുടെ വിപണിയിൽ ലഭിക്കുന്ന ഇതിന്റെ വില, കൈകാര്യം ചെയ്യുന്ന പാലിന്റെ അളവിന് അനുസരിച്ചു വ്യത്യാസപ്പെട്ടിരിക്കുന്നു. ചെറുചൂടുള്ള പാലിൽ നിന്നും, 'ക്രീം സെപ്പറേറ്റർ' ഉപയോഗിച്ച് കൊഴുപ്പുള്ള ഭാഗം വേർതിരിക്കുന്നു. ക്രീം മാറ്റിയ പാൽ ഉറയൊഴിച്ച് തൈര് ആക്കിമാറ്റുന്നു. കൊഴുപ്പ് കുറഞ്ഞ തൈര് ലാഭകരമായി വിൽക്കാം. ഡയറ്റിന് പ്രാമുഖ്യം നല്കുന്നവർക്കിടയിൽ, ഇതിനു ഡിമാൻഡ് ഉണ്ട്!! ഇതു കൊണ്ടു സംഭാരവും, ലസ്സിയും ഒക്കെ നിർമ്മിച്ചെടുക്കാം.
ക്രീം, ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ നന്നായി ചൂടാക്കി എടുക്കുമ്പോൾ, തെളിഞ്ഞുവരുന്നതാണ് നാടൻ നെയ്യ്. രുചിയും മണവും ഏറിയിരിക്കുന്ന നാടൻ പശുവിൻ നെയ്യ്‌ക്കു കിലോയ്ക്ക് ആയിരം രൂപ വരെ വിപണി വില ലഭിക്കുന്നുണ്ട്. 'നാടൻ' എന്നു ബ്രാൻഡ് ചെയ്യപ്പെടുന്ന ഭക്ഷണപദാർത്ഥങ്ങൾക്ക് ആവശ്യക്കാർ ഏറെയുണ്ട്.
ചൂടിന് ആശ്വാസമായി, നമ്മൾ ശീലിച്ചിരുന്ന പാനീയമായിരുന്നു സംഭാരം. തൈര് വെള്ളം ചേർത്തു, ഉടച്ചെടുത്തു (ഒരു ലിറ്റർ തൈരിന് ഒരു ലിറ്റർ വെള്ളം) ഇതിലേയ്ക്ക് പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ അരച്ചെടുത്ത നീര് വേർതിരിച്ചു ചേർത്താണ്, വ്യാവസായികമായി സംഭാരം തയ്യാറാക്കുന്നത്. വേനലിൽ ലാഭകരമായ ഒരു സംരംഭമായി തുടങ്ങാവുന്ന ഒന്നാണ് ഇത്!! അധികം മുന്നൊരുക്കങ്ങളും ചിലവും ഇല്ലാതെ മുന്നോട്ടു പോകാം. രുചിയും ഗുണമേന്മയും തന്നെ പ്രധാനം, ഒപ്പം പുളിപ്പ് കൂടി പോകാതെ ശീതീകരിച്ചു സൂക്ഷിക്കാനുള്ള സംവിധാനവും, സംഭാരം നിർമ്മാണത്തിന്, ആവശ്യമാണ്. ചെറിയ പാക്കിങ് യൂണിറ്റ് കൂടി ഉൾപ്പെടുത്തിയാൽ നിർമ്മാണം എളുപ്പമാകും.
തൈര്, സംഭാരം എന്നിവ മൺപാത്രങ്ങളിൽ നിർമിക്കുന്നതും ചെറിയ മൺകുടങ്ങളിൽ വിളമ്പുന്നതും ആകർഷകമാണ്. ഇത്തരം രീതികളിലുള്ള വിപണനം വഴി, അധിക വില നേടാനും കഴിയും.
നല്ല തൈര് എങ്ങിനെ വീട്ടിൽ ഉണ്ടാക്കാം
1 ഒരു ലിറ്റർ പാൽ - (ഫുൾ ക്രീം )
2 അര ടീസ്പൂൺ തൈര് ( കൂടുതൽ തൈര് ഉപയോഗിക്കാൻ പാടില്ല, കൂടുതൽ ഉപയോഗിച്ചാൽ നല്ല തൈര് കിട്ടില്ല )
ഉണ്ടാക്കുന്ന വിധം
1 പാൽ അടുപ്പിൽ നല്ല ചൂടിൽ തിളപ്പിചനത്തിനു ശേഷം , 2 -3 മിനുട്സ് ചെറിയ ചൂടിൽ തിളപ്പിക്കുക
2 ചൂടായ പാൽ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക
3 പാൽ ഇളം ചൂടായതിനു ശേഷം അര ടീസ്പൂൺ തൈര് ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്യുക. അതിനു ശേഷം 5 - 6 മണിക്കൂർ അനക്കാതെ മൂടിയിട്ടു വയ്ക്കുക.
4 തൈര് തയ്യാറായി. ഇത് കൂടുതൽ പുളിപ്പാകാതിരിക്കാൻ ഫ്രിഡ്ജിലേക്കു മാറ്റം
തൈരു ബിസിനസ്സിലൂടെ” വീട്ടമ്മമാര്‍ക്ക് അധിക വരുമാനം നേടാം
വ്യാപകമായി പാലും പാലുൽപ്പന്നങ്ങളും ഉപയോഗിക്കുന്നവരാണ് കേരളീയർ .സുലഭമായി പാൽ ലഭിക്കുകയാണെങ്കിൽ വീട്ടിലിരുന്ന് വീട്ടമ്മമാർക്ക് കുറഞ്ഞ മുതൽമുടക്കിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് തൈര് ബിസിനെസ്സ്.
200 ഗ്രാമിന്റെയും 500 ഗ്രാമിന്റെയും പാക്കറ്റുകളാക്കി ഷോപ്പുകളിൽ സപ്ലൈ ചെയ്യുക എന്നുള്ളത് വളരെ എളുപ്പമായിട്ടുള്ള കാര്യമാണ് .ഒരു ലിറ്റർ പാലിന് 40 രൂപയാണെങ്കിൽ അത് തൈരാക്കി വിൽക്കുമ്പോൾ 80 രൂപ വരെ നമുക്ക് അതിൽ നിന്ന് നേടാൻ കഴിയും.തൈര് പാക്കറ്റുകൾക്ക് ബൾക്ക് ഓർഡറുകൾ ധാരാളമായി ലഭിക്കുന്ന സ്ഥാപനങ്ങളുണ്ട്.
അതുപോലെ സൂപ്പർ മാർക്കറ്റുകളിൽ കൊടുക്കാം,വെജിറ്റബ്ൾസ് വിൽക്കുന്ന കടകളിൽ കൊടുക്കാം .പ്രൊഡക്ടിന്റെ ക്വാളിറ്റി അനുസരിച്ചു ധാരാളം ഓർഡറുകൾ നമുക്ക് ലഭിക്കും.വീട്ടമ്മമാർക്ക് ഇൻവെസ്റ്റ്മെന്റ് ഇല്ലാതെയും ഒഴിവുസമയങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ടും ചെയ്യാൻ കഴിയുന്ന ഒന്നാണ് ഈ തൈര് ബിസിനസ്സ്.