മഞ്ഞൾ ഭാരതീയർക്ക്, പ്രത്യേകിച്ച് കേരളീയർക്ക് എത്രമാത്രം പ്രധാനമാണെന്നത് പറയേണ്ടതില്ല. ഭക്ഷണത്തിന് നിറവും രുചിയുമായി മാത്രമല്ല, പലവിധ രോഗങ്ങൾ ശമിപ്പിക്കുന്നതിനുള്ള ആയുർവേദ ഒറ്റമൂലി കൂടിയാണ് മഞ്ഞൾ. പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ചർമ സംരക്ഷണത്തിനുമെല്ലാം മഞ്ഞൾ അത്യുത്തമമാണ്. ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ നിയന്ത്രിക്കാനും മഞ്ഞൾ സഹായകരമാണ്.
ബന്ധപ്പെട്ട വാർത്തകൾ: രാവിലെ വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത ഭക്ഷണപദാർത്ഥങ്ങൾ
സന്ധിവാതം, റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, മൾട്ടിപ്പിൾ സ്ക്ലിറോസിസ് എന്നിവയുടെ ചികിത്സയ്ക്കും മഞ്ഞൾ ഗുണപ്രദമാണെന്നു വിദഗ്ധർ പറയുന്നു. ശരീരത്തിൽ ബാഹ്യമായും ആന്തരികമായും ഉണ്ടാകുന്ന മുറിവുകൾ, ക്ഷതങ്ങൾ എന്നിവയ്ക്കും മഞ്ഞൾ ഗുണം ചെയ്യും.
ശരീരത്തിൽ ഉണ്ടാകുന്ന നീരും വേദനയും കുറയ്ക്കാൻ മഞ്ഞൾ ഫലപ്രദമാണ്. കുടലിലുണ്ടാകുന്ന പുഴുക്കൾ, കൃമി എന്നിവ നശിപ്പിക്കാൻ വെള്ളം തിളപ്പിച്ച് അതിൽ മഞ്ഞൾപ്പൊടി കലക്കി കുടിച്ചാൽ മതിയെന്ന് പറയുന്നു.
മഞ്ഞളിൽ അടങ്ങിയിരിക്കുന്ന വോളറ്റൈൽ ഓയിലുകൾ, പൊട്ടാസ്യം, ഒമേഗാ-3 ഫാറ്റി ആസിഡ്, ലിനോലെനിക് ആസിഡ്, പ്രൊട്ടീൻ, കാർബോഹൈഡ്രേറ്റ്, ഫൈബറുകൾ എന്നിവ അടങ്ങിയിരിക്കുന്നതിനാലാണ് മഞ്ഞളിന് ഇത്രയേറെ ഔഷധഗുണങ്ങൾ ഉള്ളത്. അലർജി, തുമ്മൽ, ചുമ എന്നിവയ്ക്ക് മഞ്ഞൾ അത്യുത്തമമാണ്. ഇത്രയധികം ഗുണങ്ങൾ അടങ്ങിയിട്ടുള്ള മഞ്ഞൾ ചേർത്ത പാൽ കുടിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് നിങ്ങൾക്കറിയാമായിരിക്കും. എന്നാൽ മഞ്ഞൾ ചായയും ശരീരത്തിന് പലരീതിയിൽ പ്രയോജനകരമാണ്. പേരിൽ ചായ ഉണ്ടെങ്കിലും തേയില ഉപയോഗിച്ചല്ല ഈ സ്പെഷ്യൽ- ഹെൽത്തി ചായ തയ്യാറാക്കുന്നത്. മഞ്ഞൾ ചായ കുടിക്കുന്നതിലൂടെ കുടവയർ കുറയ്ക്കാനാകുമെന്നതാണ് പ്രധാന നേട്ടം.
മഞ്ഞൾ ചായ തയ്യാറാക്കുന്ന വിധം
മഞ്ഞളും ഇഞ്ചിയും വെള്ളത്തിലിട്ട് തിളപ്പിക്കുക. ഇത് തിളച്ച ശേഷം അത് അടുപ്പിൽ നിന്ന് മാറ്റി ചൂടാറാൻ വെക്കാം. ഈ വെള്ളം ദിവസവും കുടിക്കുക. ഇഞ്ചി ചേർക്കുന്നതിന് പകരം പുതിനയോ, പട്ടയോ ആയാലും നല്ലതാണ്. പാനീയത്തിന് മധുരം വേണമെന്ന് തോന്നിയാൽ പഞ്ചസാരയോ തേനോ ചേർക്കാവുന്നതാണ്.
ഈ ചായ ചാടിയ വയറിനെ ഒതുക്കാനുള്ള ഒറ്റമൂലിയാണ്. ഫാറ്റ് സെൽ പ്രോലിഫറേഷൻ ഒഴിവാക്കുന്നതിന് മഞ്ഞളിന്റെ ഈ ആന്റി ഇൻഫ്‌ളമേറ്ററി ഗുണങ്ങൾക്ക് സാധിക്കും.
രക്തസമ്മർദം നിയന്ത്രിക്കുന്നതിനും മഞ്ഞൾ ചായ സഹായിക്കുന്നു. എന്നാൽ ഇത് ഉപയോഗിക്കുന്നത് അധികമാകാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.