കഴിക്കാൻ തെരഞ്ഞെടുക്കുന്ന ഭക്ഷണം പോലെത്തന്നെ പ്രധാനമാണ് അത് കഴിക്കുന്ന സമയവും. കൃത്യനിഷ്ടയില്ലാത്ത ഭക്ഷണരീതി നമ്മുടെ ആരോഗ്യത്തെ വളരെയധികം ബാധിക്കുന്നു. ഇന്ന് ജോലി തിരക്ക് കൊണ്ട് പലർക്കും സമാധാനമായി ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സമയം കിട്ടാറില്ല. ശാരീരിക പ്രവർത്തനങ്ങൾ ശരിയായി നടക്കുന്നതിന് ശരീരത്തിന് കൃത്യമായ സമയത്ത് ഭക്ഷണം നൽകേണ്ടത് അത്യാവശ്യമാണ്.
നല്ല രീതിയിൽ ശാരീരിക പ്രവർത്തനങ്ങൾ നടക്കുന്നതിന് കൃത്യമായ സമയത്തുള്ള പോഷകമേറിയ ഭക്ഷണം ആവശ്യമാണ്. മറിച്ച്, സമയം തെറ്റിയുള്ള ഭക്ഷണരീതികൾ ശരീരഭാര വർദ്ധനവ്, അനാരോഗ്യതകൾ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. കൃത്യമായ ഇടവേളകൾ നിശ്ചയിച്ച ഭക്ഷണം കഴിക്കേണ്ടത് എന്തുകൊണ്ടാണെന്നറിയാം.
കുട്ടികളിൽ വളർച്ചയുടെ പ്രായത്തിൽ കൃത്യമായ ഇടവേളകളിൽ ഉള്ള ഭക്ഷണശീലം ശാരീരിക വളർച്ചയ്ക്ക് അത്ഭുതകരമായ ഗുണങ്ങൾ നൽകുന്നുണ്ടെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ശരിയായ ഭക്ഷണക്രമം എല്ലാ വ്യക്തികളിലും ശാരീരിക ഊർജ്ജസ്വലതയുടെയും ദീർഘായുസ്സിൻറെയും കാര്യത്തിൽ സ്വാധീനം ചെലുത്തുന്നുണ്ട് എന്ന് പഠനങ്ങൾ പറയുന്നു. സമയക്രമം ഇല്ലാത്ത ഭക്ഷണശീലം രക്തത്തിലെ ഗ്ലൂക്കോസ് ലെവലിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കുമെന്ന് ചൂണ്ടികാണിക്കപ്പെടുന്നുണ്ട്.
പ്രഭാത ഭക്ഷണം
തലേന്ന് രാത്രിയിൽ കഴിക്കുന്ന അത്താഴവും പ്രഭാതഭക്ഷണം തമ്മിലുള്ള ഇടവേള സമയം 12 മണിക്കൂർ ആയിരിക്കണം എന്നാണ്. ഉദാഹരണത്തിന് തലേ ദിവസം രാത്രി 8 മണിക്ക് ആണ് അത്താഴം കഴിച്ചതെങ്കിൽ അടുത്ത ദിവസം രാവിലെ 8 മണിക്ക് ആയിരിക്കണം പ്രഭാത ഭക്ഷണം കഴിക്കേണ്ടത്. നിങ്ങൾ രാവിലെ നേരത്തെ തന്നെ എഴുന്നേൽക്കുകയാണെങ്കിൽ പോലും തലേദിവസത്തെ രാത്രിയിലെ അത്താഴം കഴിഞ്ഞതിന് 12 മണിക്കൂർ പൂർത്തിയാക്കിയതിന് ശേഷം മാത്രമേ പ്രഭാതഭക്ഷണം കഴിക്കാവൂ. കഴിയുന്നതും നേരത്തെ തന്നെ ഉറങ്ങാനും നേരത്തെ എഴുന്നേൽക്കാനും ശ്രമിക്കുക. ഇത് ഈയൊരു പ്രവർത്തി കൂടുതൽ എളുപ്പം ആക്കി മാറ്റുക മാത്രമല്ല ഒരു വ്യക്തിയെ ആരോഗ്യവാനാക്കുകയും ചെയ്യും. ദിവസത്തിലെ ആദ്യ ഭക്ഷണമായ പ്രഭാതഭക്ഷണം പോഷക സമൃദ്ധമായിരിക്കുകയും വേണം.
വിറ്റാമിൻ ഇ അടങ്ങിയ ഭക്ഷണം ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ, രോഗപ്രതിരോധ ശേഷി വർധിപ്പിക്കൂ
ഉച്ചഭക്ഷണം
നമ്മൾ കഴിക്കുന്ന ഭക്ഷണം ദഹിപ്പിക്കാൻ നമ്മുടെ ദഹനവ്യവസ്ഥയ്ക്ക് കുറഞ്ഞത് ഏകദേശം 4 മണിക്കൂർ എങ്കിലും വേണ്ടിവരും. അതുകൊണ്ടുതന്നെ പ്രഭാതഭക്ഷണം കഴിച്ചു കഴിഞ്ഞ് ഏറ്റവും കുറഞ്ഞത് 4 മണിക്കൂർ കഴിഞ്ഞ ശേഷം ഉച്ചഭക്ഷണം കഴിക്കുന്നതാണ് നല്ലത്. അതുപോലെ തന്നെ പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും ഇടയിലുള്ള ദൈർഘ്യം ഒരു പരിധിയിലധികം വർദ്ധിപ്പിക്കാതിരിക്കാനും ശ്രദ്ധിക്കണം. ഇത് ദഹന വ്യവസ്ഥിതിയിൽ അസ്വാഭാവികതകൾ സൃഷ്ടിച്ചുകൊണ്ട് അസിഡിറ്റി പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകും.
അത്താഴം
അത്താഴവും ഉച്ചഭക്ഷണവും തമ്മിലുള്ള ഇടവേള ഏറ്റവും കുറഞ്ഞത് 4 മണിക്കൂർ ആയിരിക്കണം. 4 - 6 മണിക്കൂറിൽ കൂടുതൽ ഇത് നീട്ടിവെക്കരുത്. കാരണം ഇത് അടുത്ത ദിവസത്തെ പ്രഭാതഭക്ഷണ സമയത്തെ ബാധിക്കും. സാധാരണയായി എല്ലാ ആരോഗ്യ വിദഗ്ധരും ശുപാർശ ചെയ്യുന്നത് അത്താഴം ലളിതവും ലഘുവും ആക്കി മാറ്റാനാണ്. എല്ലാവരിലും പ്രത്യേകിച്ചും ശരീരഭാരം കുറയ്ക്കാൻ ലക്ഷ്യമിടുന്നവർക്ക് ഇത് കൂടുതൽ പ്രയോജനകരമാണ്.
ലഘുഭക്ഷണങ്ങളുടെ പ്രാധാന്യം
എല്ലാ മനുഷ്യ ശരീരത്തിനും ഒരുപോലെ മുകളിൽ സൂചിപ്പിച്ച സമയ ഇടവേളകളുമായി പൊരുത്തപ്പെടാൻ കഴിഞ്ഞെന്നുവരില്ല. അത്തരം ഘട്ടങ്ങളിൽ ആണ് ലഘുഭക്ഷണങ്ങളുടെ പ്രാധാന്യം തിരിച്ചറിയേണ്ടത്. ഇടയ്ക്കിടെ വീണ്ടും വിശപ്പ് അനുഭവപ്പെടുമ്പോൾ കഠിനമായ രീതിയിൽ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനായി ലഘുഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക. പ്രത്യേകിച്ചും അമിതഭാരമുള്ള ആളുകളിൽ ശരീരഭാരം കുറയ്ക്കുന്നതിനുള്ള മാർഗ്ഗമായി ഇത് പ്രവർത്തിക്കും. അത്തരം സന്ദർഭങ്ങളിൽ, ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ കഴിക്കാം. തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് നട്ട്സും പഴങ്ങളും ആരോഗ്യകരമായ ലഘുഭക്ഷണമായി കണക്കാക്കപ്പെടുന്നു. ശരീരഭാരം നിയന്ത്രിച്ചു നിർത്തുക എന്നത് ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരുന്നതിൻറെ ഭാഗമാണ്. ഇതിനായി നാം കഴിക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരത്തിലും അളവിലും സമയത്തിലും പ്രത്യേകം ശ്രദ്ധ നൽകേണ്ടതുണ്ട്.