ജന്തുക്കളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങളുടെ വ്യാപനവും ബാധയും തടയാന്‍ ക്ഷീര കര്‍ഷകരും മൃഗ പരിപാലകരും പ്രത്യേക ശ്രദ്ധ നല്‍കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.എന്‍. ഉഷാറാണി അറിയിച്ചു. അശാസ്ത്രീയമായ മൃഗപരിപാലനം മൂലവും മൃഗങ്ങളുടെ ആവാസവ്യവസ്ഥയിലേക്കുള്ള കടന്നുകയറ്റം മൂലവുമാണ് മൃഗങ്ങളില്‍ നിന്നു മനുഷ്യരിലേക്ക് രോഗങ്ങള്‍ പകരുന്നത്.
മഴക്കാലം ആരംഭിച്ചതോടെ എറണാകുളം ജില്ലയിലെ ഡെങ്കിപ്പനിയുടെയും എലിപ്പനിയുടെയും ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. കൊതുകുകളാണ് ഡെങ്കിപ്പനി പകര്‍ത്തുന്നതെങ്കിലും പ്രതിരോധ മാര്‍ഗ്ഗങ്ങളില്‍ ക്ഷീരകര്‍ഷകരുടെ പങ്ക് വലുതാണ്.
പശു, ആട്, പന്നി തുടങ്ങിയ മൃഗങ്ങളെ വളര്‍ത്തുന്ന സ്ഥലങ്ങളില്‍ മൃഗങ്ങളുടെ കാഷ്ഠം, മൂത്രം മറ്റ് ജൈവമാലിന്യങ്ങള്‍ എന്നിവ ശരിയായി സംസ്‌കരിക്കുന്നതിലൂടെ കൊതുകുകളെ നിയന്ത്രിക്കാനാകും. ഫാമുകള്‍ക്ക് ചുറ്റുമുള്ള വെളളക്കെട്ടുകള്‍ നിര്‍ബന്ധമായും ഒഴിവാക്കണം. കൃത്യമായ ഇടവേളകളില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് കൊതുക്, ഈച്ച തുടങ്ങിയ പ്രാണികളുടെ വര്‍ധന നിയന്ത്രിക്കാന്‍ സഹായിക്കും.
എലിപ്പനിയ്ക്ക് എതിരെ ജാഗ്രത
എല്ലാ വിഭാഗം സസ്തനികളെയും ബാധിക്കാറുള്ള എലിപ്പനി അഥവാ ലെപ്‌റ്റോസ്‌പൈറോസിസ് ഒരു ജന്തുജന്യരോഗം മാത്രമല്ല ഒരു തൊഴില്‍ജന്യ രോഗം കൂടിയാണ്. എലിയുടെ മല - മൂത്ര വിസര്‍ജ്യത്തിലൂടെയാണ് ഈ രോഗാണു പുറത്തെത്തുന്നത്.
രോഗാണുവടങ്ങിയ വിസര്‍ജ്യങ്ങളാല്‍ മലിനമാക്കപ്പെട്ട കെട്ടിക്കിടക്കുന്ന വെള്ളം, അഴുക്ക് ചാലുകള്‍, ചെളി പ്രദേശം തുടങ്ങി ഈര്‍പ്പമുള്ള ഇടങ്ങളിലെല്ലാം ഈ രോഗാണുക്കള്‍ ഉണ്ടാകാം. വളര്‍ത്തു മൃഗങ്ങള്‍ ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ ഇറങ്ങാതെ പ്രത്യേകം ശ്രദ്ധിക്കണം.
വളര്‍ത്തുമൃഗങ്ങളില്‍ നായ്ക്കളിലാണ് ഏറ്റവുമധികം എലിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിനാല്‍ നായ്ക്കള്‍ക്ക് പേവിഷബാധക്കെതിരെയുള്ള പ്രതിരോധ കുത്തിവെയ്പ് എടുക്കുന്നത് പോലെ എലിപ്പനിക്കെതിരെയുള്ള പ്രതിരോധ കുത്തിവെയ്പും നിര്‍ബന്ധമായും എടുക്കണം.
രോഗബാധിതരായ/ ലക്ഷണങ്ങളില്ലാത്ത രോഗവാഹകരായ മൃഗങ്ങളുടെ കാഷ്ഠം, മൂത്രം മറ്റ് ശരീരസ്രവങ്ങള്‍, ഗര്‍ഭാവശിഷ്ടങ്ങള്‍, ജനനേന്ദ്രിയസ്രവങ്ങള്‍ എന്നിവ കലര്‍ന്ന മണ്ണും വെള്ളവുമായുള്ള സമ്പര്‍ക്കം വഴിയും മ്യഗപരിപാലകര്‍ക്ക് എലിപ്പനി പകരാം.
എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങള്‍ പകരാതിരിക്കാന്‍ മൃഗപരിപാലകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. ക്ഷീരകര്‍ഷകര്‍ തൊഴുത്തില്‍ കയറുമ്പോള്‍ ഗംബൂട്ട്‌സ് (കാലുറ ) കൈയ്യുറ
എന്നിവ ഉപയോഗിച്ചാല്‍ എലിപ്പനിയെ പ്രതിരോധിക്കാം.
2. മൃഗങ്ങളെ പരിപാലിക്കുന്നതിന് മുന്‍പും ശേഷവും കൈകള്‍ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകുക.
3. മൃഗങ്ങളുടെ ചാണകം, കാഷ്ടം, മൂത്രം എന്നിവ അടിഞ്ഞു കൂടാതെ ശ്രദ്ധിക്കുക. തൊഴുത്ത് വൃത്തിയാക്കാനായി അലക്കുകാരം, ബ്ലീച്ചിങ്ങ് പൗഡര്‍ ,കുമ്മായം എന്നിവ ഉപയോഗിക്കാം
4. ഓമനമൃഗങ്ങളെ പരിപാലിക്കുന്നവരും ഗ്ലൗസ് സ്ഥിരമായും നിര്‍ബന്ധമായും ഉപയോഗിക്കുക.
5. വളര്‍ത്തുമൃഗങ്ങള്‍ക്ക് കൃത്യമായി പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കുക. വളര്‍ത്തുമൃഗങ്ങളിലെ പനി പോലെയുള്ള രോഗങ്ങള്‍ക്ക് ഒരു വെറ്ററിനറി ഡോക്ടറെ കാണിക്കുക.
6. പാടത്തും പറമ്പിലും വെള്ളകെട്ടുകള്‍ക്ക് സമീപവും കൃഷിപ്പണിയില്‍ ഏര്‍പ്പെടുന്ന കര്‍ഷകര്‍, കൈതച്ചക്കത്തോട്ടത്തിലും കരിമ്പിന്‍ തോട്ടത്തിലും ജോലിയെടുക്കുന്നവര്‍, കന്നുകാലികളെയും പന്നികളേയും വളര്‍ത്തുന്നവര്‍, കന്നുകാലി വില്പനയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, പശുവിനെയും എരുമയേയും കറക്കുന്നവര്‍, കശാപ്പുകാര്‍, കശാപ്പുശാലകളിലെ ജോലിക്കാര്‍, പാലുത്പാദന മേഖലയില്‍ ജോലിചെയ്യുന്നവര്‍, അരുമമൃഗങ്ങളുടെ പരിപാലകര്‍, വെറ്ററിനറി ഡോക്ടര്‍മാര്‍ തുടങ്ങിയവരെല്ലാം എലിപ്പനി ബാധിക്കാന്‍ സാധ്യത കൂടുതലുള്ളവരാണ്.
മൃഗപരിപാലകര്‍ വെള്ളം കയറാത്ത ഗംബൂട്ടുകളും റബ്ബര്‍ കൈയ്യുറകളും ധരിക്കണം. മുറിവുകളില്‍ അയഡിന്‍ അടങ്ങിയ ലേപനങ്ങള്‍ പുരട്ടി മുറിവിനു പുറത്ത് പ്ലാസ്റ്റര്‍ ഒട്ടിക്കണം. പാടത്തേയും പറമ്പിലേയും കെട്ടിനില്ക്കുന്ന വെള്ളത്തില്‍ ഇറങ്ങുകയും മുഖം കഴുകുകയും ചെയ്യരുത്.
ബന്ധപ്പെട്ട വാർത്തകൾ: ALERT! മരുന്നുകൾക്കൊപ്പം ഇവ തീരെ പാടില്ല
കെട്ടിനില്‍ക്കുന്ന വെള്ളത്തിലും മലിന ജലത്തിലും കുളിക്കുന്നതും വളര്‍ത്തുമൃഗങ്ങളെ കുളിപ്പിക്കുന്നതും ഒഴിവാക്കണമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.