കോവിഡ്- 10 നെ തുടർന്നുള്ള സാഹചര്യത്തിൽ നിരവധി സംരംഭകർ മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട് ഫാമുകൾ തുടങ്ങാനുള്ള തയാറെടുപ്പിലാണ്. സംസ്ഥാന സർക്കാരിൻ്റെ സുഭിക്ഷ പദ്ധതിയിലുൾപ്പെടുത്തിയും സംരംഭങ്ങൾ ആരംഭിക്കാം.
പുതുതായി ഫാം തുടങ്ങുബോൾ ഡയറി, ആട്, പന്നി ഫാമുകൾക്ക് കൂടുതൽ സ്ഥല വിസ്തൃതിയുള്ളത് ഏറെ ഗുണകരമാകും. ഡയറി ഫാം തുടങ്ങുമ്പോൾ പശുവൊന്നിന് 5-10 സെന്റു സ്ഥലം എന്ന തോതിൽ തീറ്റപ്പുൽ കൃഷിക്കു നീക്കിവച്ചാൽ പാലുത്പാദനച്ചെലവു കുറയ്ക്കാം.
ഫാം ഭൂനിരപ്പിൽ നിന്നുയർന്ന സ്ഥലത്തായിക്കണം. വെള്ളം കെട്ടി നിൽക്കാത്തതും നല്ല നീർവാർച്ചയുള്ളതുമായ സ്ഥലം ഇതിനായി കണ്ടെത്തണം. കൂടുതൽ ജനസാന്ദ്രതയുള്ളിടത്ത് ഫാമുകൾ തുടങ്ങിയാൽ വിപുലീകരണ സാധ്യത കുറവായിരിക്കും. റോഡ്, വെള്ളം, വൈദ്യുതി എന്നിവയും ഉത്പന്നങ്ങളുടെ വിപണന സാധ്യതയും വിലയിരുത്തണം,
മൂന്നിൽ കൂടുതൽ തവണ പ്രസവിച്ച പശുക്കളെ വാങ്ങരുത് കറവയും പശുക്കളുടെ ആരോഗ്യവും പ്രത്യേകം പരിശോധിക്കണം. അത്യുത്പാദന ശേഷിയുള്ള കറവപശുക്കളെ വാങ്ങുമ്പോൾ അവയുടെ പാലുത്പാദനം വിലയിരുത്തണം. ഒത്ത ഉടൽ, തിളക്കമാർന്ന കൊമ്പുകൾ, തുടുത്ത പാൽ ഞരമ്പ്, കറവയ്ക്കു ശേഷം ചുരുങ്ങുന്ന അകിട് എന്നിവ നല്ല പശുവിൻ്റെ ലക്ഷണമാണ്.
തീറ്റപ്പുൽകൃഷിക്കായി പ്രത്യേകം സ്ഥലം നീക്കി വയ്ക്കണം. സങ്കരയിനം തീറ്റപ്പുല്ലിനങ്ങളായ CO3,4,5 എന്നിവയുടെ നടീൽ വസ്‌തുക്കൾ ക്ഷീരവികസന വകുപ്പിൻ്റെ സ്ഥാപനങ്ങൾ, കാർഷിക, വെറ്ററിനറി സർവകലാശാല ഫാമുകൾ എന്നിവിടങ്ങളിൽ നിന്നു ലഭിയ്ക്കും.
തൊഴുത്തിന്റെ മേൽക്കൂരയ്ക്കു ഓല, ഓട്, ലൈറ്റ് റൂഫിംഗ് ഷീറ്റുകൾ, കോൺക്രീറ്റ് എന്നിവയിലൊന്ന് ഉപയോഗിക്കാം. നിലം കോൺക്രീറ്റ് ചെയ്യണം. രണ്ടു പശുക്കൾ കിടന്നാൽ കൂട്ടിമുട്ടാത്ത രീതിയിൽ തൊഴുത്തിൽ സ്ഥലം ക്രമീകരിച്ചാൽ പശുക്കളുടെ ഉത്പാദന മികവുയർത്താം. മൂത്രച്ചാൽ, വളക്കുഴി എന്നിവ ശാസ്ത്രീയ രീതിയിൽ നിർമിക്കണം. തൊഴുത്തിൻ്റെ തറയ്ക്ക് ആവശ്യത്തിനു ചെരിവു വേണം. മിനുസമുള്ള തറ അപകടം ക്ഷണിച്ചു വരുത്തും. 20 പശുക്കളെ വരെ വളർത്താൻ ഫാം ലൈസൻസിൻ്റെ ആവശ്യമില്ല.