കാർപ്പ്, വാള എന്നീ മത്സ്യങ്ങളുടെ കൂടെ നട്ടർ വളർത്താൻ മാർഗ്ഗനിർദ്ദേശങ്ങൾ ഉണ്ടെങ്കിലും, ചെറിയ കുളങ്ങളിൽ (10 സെൻ്റിൽ താഴെ) ഇവ ഒറ്റയ്ക്ക് വളർത്തുന്നതായിരിക്കും അഭികാമ്യം. നട്ടർ പേടി ഇല്ലാതെ, ആർത്തിയോടെ ഭക്ഷണം കഴിക്കുന്ന മത്സ്യമായതിനാൽ കുളത്തിൽ ഉള്ള ഭക്ഷണം മുഴുവൻ ഇവ ഭക്ഷിക്കും. കൂടെ വളരുന്ന മത്സ്യങ്ങൾക്ക് വേണ്ടത്ര തീറ്റ ലഭിക്കാതിരുന്നാൽ അവ ശോഷിച്ചു പോവും.
എന്നാൽ പടുതാകുളങ്ങളിൽ ഷീറ്റിന്റെ്റെ മടക്കുകളിൽ കുടുങ്ങിക്കിടക്കുന്ന തീറ്റ ലഭിക്കാനായി ഇവ പല്ലു കൊണ്ട് പടുത നശിപ്പിക്കാറുണ്ട്.
എയറേറ്റർ, പമ്പ് മുതലായ ഇലക്ട്രിക് ഉപകരണങ്ങളുടെ വയറുകൾ ഇവ കടിച്ച് മുറിച്ച അനുഭവങ്ങളും ഉണ്ട്. അതിനാൽ അക്വാപോണിക്സ്, ആർ. എ. എസ്., പോലെയുള്ള ഊർജിത കൃഷി രീതികളിൽ നട്ടർ വളർത്തുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.
നട്ടർ നിക്ഷേപിച്ചുവളർന്ന കുളങ്ങളിൽ മറ്റു മത്സ്യങ്ങളെ (കാർപ്പ്, തിലാപ്പിയ, വാള) നിക്ഷേപിക്കുന്നത് അത്ര ഉചിതമല്ല കാരണം ഇവ ചെറിയ മത്സ്യങ്ങളെ ഭക്ഷിക്കാറുണ്ട്. എന്നാൽ മറ്റു മത്സ്യങ്ങൾ വളർന്ന കുളങ്ങളിൽ ഇവയെ നിക്ഷേപിക്കുമ്പോൾ ഇവ അവയെ ഭക്ഷിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല.