ജനിച്ച ഉടനെ കന്നുകുട്ടിയുടെ പിൻകാലുകളിൽ പിടിച്ച് അവയെ തലകീഴായി 3-4 തവണ ആട്ടണം. ഇത് ശ്വാസോച്ഛ്വാസം ക്രമീകരിക്കാനും ശ്വസനേന്ദ്രിയത്തിലുള്ള ശ്ലേഷ്‌മസ്രവം പുറത്തേക്ക് വരാനും സഹായിക്കും. തുടർന്ന് അവയുടെ നെഞ്ച് ചെറുതായി അമർത്തി തടവണം. മൂക്കിനകത്ത് ചെറിയ പുൽക്കൊടി ചലിപ്പിച്ച് ശ്വസന പ്രക്രിയ ക്രമീകരിക്കണം.
ജനിച്ച് അരമണിക്കൂറിനകം തന്നെ യഥേഷ്‌ടം കന്നിപ്പാൽ കുടിക്കാൻ പ്രേരിപ്പിക്കണം. ഇത് ഒരാഴ്‌ചവരെ തുടരണം. പിറന്നയുടനെ പൊക്കിൾകൊടിയുടെ അഗ്രഭാഗത്ത് ടിംങ്ചർ അയഡിൻ തടവണം. ജനിച്ച ആദ്യത്തെ മാസം ശരീരതൂക്കത്തിൻ്റെ പത്തിലൊന്നും, രണ്ടാമത്തെമാസം 15 ലൊന്നും നാലാമത്തെ മാസം 20 ലൊന്നും പാൽ നൽകണം. മൂന്നു മാസത്തിനു ശേഷം പാൽ നൽകേണ്ടതില്ല. ഈ കാലയളവിൽ തന്നെ പോഷകമൂല്യമേറിയ കന്നുക്കുട്ടിത്തീറ്റ, പച്ചപ്പുല്ല്, ശുദ്ധമായ വെള്ളം എന്നിവ കഴിക്കാൻ ശീലിപ്പിച്ചെടുക്കണം.
മൂന്നാഴ്ച പ്രായത്തിൽ വിരമരുന്ന് നൽകി തുടങ്ങണം. ഇത് 6 മാസംവരെ തുടർച്ചയായി മാസത്തിലൊരിക്കൽ വീതം നൽകാം. തുടർന്ന് ചാണക സാമ്പിളുകൾ മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് പരിശോധിപ്പിച്ച് വിരമരുന്നുകൾ നൽകാം. വളരുന്ന പ്രായത്തിൽ മീനെണ്ണ (ജീവകം-എയുടെ കുറവ് നികത്താൻ), വിറ്റാമിൻ-ധാതുലവണ മിശ്രിതം എന്നിവ പതിവായി നൽകി തുടങ്ങണം.
കന്നുകുട്ടിയെ ഈർപ്പരഹിതമായ ചുറ്റുപാടിൽ പാർപ്പിക്കണം. വിരിപ്പായി ചാക്കിടുന്നത് നല്ലതാണ്. ആവശ്യത്തിലധികം പാൽകുടിച്ച് ദഹനക്കേടിനിടവരുത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.