ജനിതകഗുണം മെച്ചപ്പെടുത്തി (Genetically Improved) യതും വേഗത്തിൽ വളരുന്നതുമായ കൊഞ്ച് ഇനം ഭാരതീയ കാർഷിക ഗവേഷണ കൗൺസിലിനു കീഴിൽ ഒഡീഷയിലെ ഭുവനേശ്വറിലുള്ള കേന്ദ്ര ശുദ്ധജല മത്സ്യക്കൃഷി സ്ഥാപനം (ICAR-CIFA) (Genetically Improved) വികസിപ്പിച്ചെടുത്തിട്ടുണ്ട്. കൃഷി ഒരു വർഷമെങ്കിലും നീളുമെന്നതിനാൽ ആണ്ടുവട്ടം ജലലഭ്യതയുള്ള സ്വാഭാവിക കുളങ്ങളാണ് കൃഷിക്കനുയോജ്യം.
ജലം മുഴുവനായും പമ്പ് ചെയ്‌തു കളഞ്ഞ് കുളം വറ്റിക്കുക. നിലവിലുള്ള കളമത്സ്യങ്ങളെ ടീ സീഡ് പൊടി ഉപയോഗിച്ചു നശിപ്പിച്ചു കുളം വൃത്തിയാക്കണം. ശേഷം സെൻ്റിന് 2 കിലോ തോതിൽ കുമ്മായം വിതറി വേണ്ടത്ര ആൽഗകൾ വളരുന്നതിനായി സെൻ്റിന് 5 കിലോ തോതിൽ ഉണക്ക ച്ചാണകവും 300 ഗ്രാം തോതിൽ കപ്പലണ്ടിപ്പിണ്ണാക്കും ചേർക്കണം.
പക്ഷിശല്യം തടയാൻ കുളത്തിനു മുകളിൽ പ്ലാസ്‌റ്റിക് വല വിരിക്കണം. കുഞ്ഞുങ്ങൾക്ക് തരി രൂപത്തിലുള്ള തീറ്റ കുഴച്ച് ഒരു പാത്രത്തിലാക്കി കുളത്തിൻ്റെ അടിത്തട്ടിൽ വച്ചു കൊടുക്കണം. തുടക്കത്തിൽ പൊടിത്തീറ്റയും ഒരു മാസത്തിനുശേഷം 800 മൈക്രോൺ വലുപ്പമുള്ള തീറ്റയും രണ്ടാം മാസത്തിൽ 1.2 മി.മീ. വലുപ്പമുള്ള തീറ്റയും നാലാം മാസം മുതൽ 2 മി. മീ. വലുപ്പമുള്ള തീറ്റയും ദിവസം 2 നേരം നൽകണം.
ഇടയ്ക്ക് കപ്പ പുഴുങ്ങിയതും കൊടുക്കാം. ഒരു വർഷത്തെ പരിപാലനം കൊണ്ട് ആൺകൊഞ്ചുകൾ ശരാശരി 70 ഗ്രാം വരെയും പെൺകൊഞ്ചുകൾ ശരാശരി 50 ഗ്രാം വരെയും വളരുന്നു. അതിജീവനത്തോത് (20% മാത്രം) കുറവാണന്നതാണ് പ്രധാന വെല്ലുവിളി.
കൊടുങ്ങല്ലൂർ അഴീക്കോട് സർക്കാർ പ്രാദേശിക ചെമ്മീൻ ഹാച്ചറിയിൽ മുൻകൂട്ടി ബുക്ക് ചെയ്‌താൽ പരിമിതമായ എണ്ണം കുഞ്ഞുങ്ങൾ ലഭ്യമാണ്. ഒഡീഷയിലെ കേന്ദ്ര ശുദ്ധജല മത്സ്യക്കൃഷി ഗവേഷണ സ്‌ഥാപന (ICAR-CIFA)ത്തിലും ലഭ്യമാണ്.