എല്ലാ വർഷവും ഏപ്രിൽ 25 ന് ലോക പെൻഗ്വിൻ ദിനമായി ആചരിക്കുന്നു. ജനുവരി 20 പെൻഗ്വിൻ അവബോധദിനമായും ആചരിക്കുന്നു.
ദക്ഷിണാർദ്ധഗോളത്തിൽ കാണപ്പെട്ടുവരുന്ന പറക്കാൻ സാധിക്കാത്ത പക്ഷിയാണ് പെൻഗ്വിൻ. ദക്ഷിണ ധ്രുവത്തോട് അടുത്തുള്ള ദ്വീപുകളിലും, ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ്, ഓസ്ട്രേലിയ, തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളിലും ഭൂമധ്യ രേഖയോടടുത്തുള്ള ഗാലപ്പോസ് ദ്വീപുകളിലും പെൻഗ്വിനുകൾ കാണപ്പെടുന്നു. കടലിൽ വെച്ച് മാത്രമാണ് ഇവ ഇരപിടിക്കാറുള്ളത്. ക്രിൽ, ചെറു മത്സ്യങ്ങൾ, കണവ , കൊഞ്ച്, പുറംതോടുള്ള സമുദ്രജീവികൾ മുതലായവ ആണ് ഇവയുടെ ഭക്ഷണം. അവർ തങ്ങളുടെ ജീവിതത്തിന്റെ പകുതിയോളം കരയിലും ബാക്കി പകുതി കടലിലും ചെലവഴിക്കുന്നു.
പല തരം പെൻഗിനുകൾ
1. ചെറിയ പെൻഗ്വിൻ
ഏകദേശം ഒരു കിലോ ഭാരവും 35 സെ. മി ഉയരവുമുള്ളവയാണ് ചെറിയ പെൻഗ്വിനുകൾ. നീല നിറത്തിലുള്ള ഇവയാണ് ഈ ശ്രേണിയിലെ ഏറ്റവും ചെറിയവ.
2. ചക്രവർത്തി പെൻഗിനുകൾ
1.1 മീറ്റർ വരെ ഉയരമുള്ള ചക്രവർത്തി പെൻഗ്വിൻ ആണ് ഇവയിൽ ഏറ്റവും വലിയവ. ഇവയ്ക്ക് 40 കിലോ വരെ ഭാരം ഉണ്ടാവും !ചിറകുകളുടെ നീളം ഏകദേശം 30 സെ.മി.
പ്രത്യേകതകൾ
കാൽപാദങ്ങളിൽ വെച്ച് മുട്ട വിരിയിക്കുന്നു.ചിറകുകൾ ഉണ്ടെങ്കിലും പറക്കാൻ കഴിവില്ല.പക്ഷിലോകത്തിലെ മികച്ച നീന്തൽ താരങ്ങളും മുങ്ങൽ വിദഗ്ദ്ധരും ആണ്.രണ്ട് കാലുകളിൽ നിവർന്നു നിൽക്കാൻ കഴിയും.നീന്താൻ കാലുകൾ ഉപയോഗിക്കാറില്ല. ശക്തമായ ചിറകുകൾ ഉപയോഗിച്ച് മണിക്കൂറിൽ 7 - 8 കി.മി. വേഗത്തിൽ നീന്തുന്നു.
ചക്രവർത്തി പെൻഗിനുകളിൽ ആൺ പക്ഷി ആണ് മുട്ടയ്ക്ക് അടയിരിക്കാറ്.എല്ലാ വർഷവും ഒരിക്കലെങ്കിലും തൂവലുകൾ എല്ലാം പൊഴിച്ചുകളഞ്ഞു പുതിയവ ധരിക്കുന്നു. ഈ വിദ്യക്ക് മോൾട്ടിങ് എന്ന് പറയുന്നു.മുട്ടകൾക്ക് ചൂട് പകരാനും സ്വയം ചൂടേൽക്കാനും പെൻഗിനുകൾ കൂട്ടം കൂടി നിൽക്കുന്നു.മാസങ്ങൾ നീണ്ടുനിൽക്കുന്ന അടയിരിപ്പു കാലത്ത് പെൻഗ്വിൻ ആഹാരം കഴിക്കാറില്ല. ആ സമയത്ത് ശരീരത്തിലെ കൊഴുപ്പാണ് അവയുടെ ജീവൻ നിലനിർത്തുന്നത്.
പെൻഗ്വിനുകളെപ്പറ്റി ചില ലോക കാര്യങ്ങളും അറിവുകളും
വിശ്വസാഹിത്യത്തിൽ പെൻഗ്വിനുകൾക്ക് ഇടം നേടിക്കൊടുത്ത കൃതിയാണ് അനറ്റോൾ ഫ്രാൻസ് എന്ന ഫ്രഞ്ച് എഴുത്തുകാരൻ രചിച്ച പെൻഗ്വിൻ ദ്വീപ് എന്ന കൃതി.ലോകപ്രശസ്ത സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ "ലിനക്സ്ന്റെ ഭാഗ്യമുദ്ര "ടക്സ്" എന്ന പെൻഗ്വിൻ ആണ്.
ലോക പെൻഗ്വിൻ ദിനം
എല്ലാ വർഷവും ഏപ്രിൽ 25 ന് ലോക പെൻഗ്വിൻ ദിനമായി ആചരിക്കുന്നു. ജനുവരി 20 പെൻഗ്വിൻ അവബോധദിനമായും ആചരിക്കുന്നു.