വീട്ടാവശ്യത്തിനായും മുട്ട, ഇറച്ചി എന്നിവ വാണിജ്യ അടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കുന്നതിനായും കോഴികളെ വളർത്തുന്നവരാണ് മിക്കയുള്ളവരും. കേരളത്തിലാണെങ്കിൽ പ്രത്യേകിച്ച് നാട്ടിൻപുറങ്ങളിൽ എല്ലാ വീട്ടിലും കോഴികളെ വളർത്താറുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: കുറഞ്ഞ മുതൽമുടക്കിൽ ചെയ്യാം വിഗോവ വളർത്തൽ
എന്നാൽ പക്ഷിപ്പനിയും കോഴികളിലുണ്ടാകുന്ന വിരശല്യവുമാണ് ഈ മേഖലയിലെ കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളി. ഇതിൽ തന്നെ ഫാമുകളിൽ വളർത്തുന്ന കോഴികളെക്കാൾ വിരശല്യ പ്രശ്നങ്ങൾ കൂടുതലായുള്ളത് തുറന്നിട്ട് വളർത്തുന്ന കോഴികൾക്ക് ആണ്.
കോഴികളിൽ കൂടുതലും വിരശല്യം ഉണ്ടാകുന്നത് വിരകളുടെ മുട്ട, ലാർവ എന്നിവ കോഴികൾ ഭക്ഷിക്കുന്നതിലൂടെയാണ്. ഇതുകൂടാതെ, മണ്ണിര,ഒച്ച് തുടങ്ങിയ ജീവികളെ ഭക്ഷിക്കുന്നതിലൂടെയും വിരശല്യം ഉണ്ടാകാറുണ്ട്.
വിരശല്യം എങ്ങനെ തിരിച്ചറിയാം?
കോഴികൾക്ക് ഇടയ്ക്കിടെ വയറിളക്കമുണ്ടാകുന്നെങ്കിൽ ഇതിന് കാരണം വിരശല്യമാണ്. മുട്ടയുടെ ഉൽപാദനം കുറയൽ, വലിപ്പം കുറഞ്ഞ മുട്ട, കോഴികൾക്ക് തൂക്കക്കുറവ്, വിശപ്പില്ലായ്മ, കോഴിയുടെ പൂവിനും ആടയ്ക്കും നീല നിറം എന്നിവയും വിരശല്യത്തിൻറെ ലക്ഷണങ്ങളാണ്. തളർച്ച, തീറ്റ എടുക്കാതിരിക്കൽ, നെഞ്ച് ഉണങ്ങി ഉണങ്ങി പോകുന്ന അവസ്ഥ, എന്നിവയും ഈ രോഗത്തിന്റെ ലക്ഷണങ്ങളാണെന്ന് പറയുന്നു.
വിരശല്യത്തിനുള്ള പ്രതിവിധികൾ
മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് വിരശല്യത്തിനുള്ള മരുന്ന് ലഭിക്കും. എന്നാൽ ഈ മരുന്ന് നൽകുന്ന സമയത്തിലും മറ്റും ശ്രദ്ധിക്കണം. അതായത്, ഇംഗ്ലീഷ് മരുന്നുകൾ വൈകുന്നേരങ്ങളിൽ കൊടുക്കുന്നതാണ് ഉത്തമം. ഒരു വെറ്റിനറി ഡോക്ടറുടെ സഹായത്തോടെ മരുന്നുകൾ നൽകുന്നതും നല്ലതാണ്. കോഴികൾക്ക് മരുന്ന് നൽകുന്നതിന് 3 മണിക്കൂർ മുൻപ് മുതൽ വെള്ളം കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കണം.
തുറന്ന് വിട്ടു വളർത്തുന്ന കോഴികൾക്ക് മൂന്നു മാസത്തിൽ ഒരിക്കലും, കൂടുകളിലും ഫാമുകളിലും വളർത്തുന്നവയ്ക്ക് ആറ് മാസത്തിൽ ഒരിക്കലും വിര മരുന്ന് നൽകുക. കൂടുകളിൽ വളത്തുന്ന കോഴികൾക്ക് മരുന്ന് നൽകി ഒരാഴ്ചയ്ക്ക് ശേഷം മറ്റ് കൂടുകളിലേക്ക് മാറ്റുന്നതിനും ശ്രദ്ധിക്കുക.
വിരശല്യത്തിന് ജൈവരീതികൾ
ഇംഗ്ലീഷ് മരുന്നുകൾ പോലെ ഔഷധമൂല്യമുള്ള നാടൻപ്രയോഗങ്ങളും വിരശല്യത്തിന് ഫലപ്രദമാണെന്ന് പറയുന്നു. കച്ചോലവും വെളഞ്ഞുള്ളിയും തുളസിയിലയും ചതച്ചെടുക്കുന്ന നീര് കോഴികളിലെ വിരശല്യത്തിന് പരിഹാരമായി പ്രയോഗിക്കാമെന്ന് പറയുന്നു. കൂടാതെ, കോഴികളിലുണ്ടാവുന്ന കാൽസ്യത്തിന്റെ കുറവും അതുമൂലം ഉണ്ടാകുന്ന അസുഖങ്ങളും പരിഹരിക്കാൻ ചുണ്ണാമ്പ് വെള്ളത്തിന്റെ തെളിയിൽ കക്ക ചേർത്ത് കൊടുക്കുക.
കോഴിയുടെ മുട്ട ഉൽപ്പാദനം കുറഞ്ഞാൽ പപ്പായയുടെ ഇല അരിഞ്ഞ് കൊടുക്കുന്ന രീതി നാട്ടിൻപുറങ്ങളിൽ കാണുന്നു. കൂടാതെ, കോഴിയ്ക്ക് സംഗീതം കേൾപ്പിച്ചാൽ മുട്ട ഉൽപ്പാദനം വർധിക്കുമെന്നാണ് പറയുന്നത്. ഇതിന് പുറമെ, ചക്കക്കുരു പുഴുങ്ങി പൊടിച്ച് കൊടുക്കുന്നതിലൂടെയും കോഴി മുട്ട ഉൽപാദനം പ്രോത്സാഹിപ്പിക്കാമെന്നും കൂടാതെ, മുട്ടയുടെ വലിപ്പവും കൂട്ടാനും സാധിക്കുന്നു.
മുട്ടയിടുന്ന കോഴികൾക്ക് കൂടുതൽ സൂര്യപ്രകാശം ലഭ്യമാക്കുന്നതും മുട്ട ഉൽപ്പാദനം വർധിപ്പിക്കുന്നതിനെ സ്വാധീനിക്കുന്നു. ഇതുകൂടാതെ, കോഴികൾക്ക് വല്ലപ്പോഴും പുളിയരിപ്പൊടി നൽകിയാൽ അവയുടെ ശരീരത്തിൽ നെയ്യ് കെട്ടുന്നത് ഒഴിവാക്കാം. മാസത്തിൽ രണ്ട് തവണയെങ്കിലും പാൽക്കായം കലക്കി കൊടുത്താൽ ഇവയുടെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാമെന്നും പറയുന്നു.