പ്രകൃത്യാ രോഗപ്രതിരോധശേഷി കൂടുതലുള്ളവരാണ് താറാവുകള്‍. എങ്കിലും താറാവ് പ്ലേഗ്, താറാവ് കോളറ, പൂപ്പല്‍ വിഷബാധ തുടങ്ങിയ രോഗങ്ങള്‍ മൂലം കര്‍ഷകര്‍ക്ക് വലിയ നഷ്ടങ്ങളുണ്ടാകാറുണ്ട്. വിറ്റാമിനുകള്‍, ധാതുലവണങ്ങള്‍ എന്നിവ ആവശ്യത്തിനുള്ളത് തീറ്റയിലൂടെ ലഭിക്കാതെ വന്നാലും രോഗമുണ്ടാകാം. തീറ്റ തിന്നുന്നതിന്റെ അളവിലുള്ള കുറവ് രോഗലക്ഷണങ്ങളില്‍ പ്രഥമവും പ്രധാനവുമാണ്.
ബന്ധപ്പെട്ട വാർത്തകൾ: പ്രിയമേറും കുട്ടനാടൻ താറാവുകൾ
താറാവ് വസന്ത അഥവാ താറാവ് പ്ലേഗ് വൈറസ് രോഗമാണ്. രോഗമുള്ളവയുടെ വിസര്‍ജ്ജ്യം കലര്‍ന്ന തീറ്റയും, വെള്ളവും രോഗം പകര്‍ത്തുന്നു. പാതിയടഞ്ഞ കണ്ണുകള്‍, കാലുകള്‍ക്കും ചിറകുകള്‍ക്കും തളര്‍ച്ച, വെളിച്ചത്തില്‍ വരാതെ ഒളിക്കുക, തല കുനിക്കുമ്പോള്‍ പച്ചകലര്‍ന്ന ദ്രാവകം ഒഴുകി വരുക തുടങ്ങിയ ലക്ഷണങ്ങള്‍ കാണിച്ചേക്കാം. ചികിത്സയില്ലാത്ത രോഗത്തിന് പ്രതിരോധ കുത്തിവെയ്പ് ലഭ്യമാണ്. താറാവ് കോളറയാകട്ടെ ബാക്ടീരിയ മൂലമാണ് ഉണ്ടാകുന്നത്. നല്ല ആരോഗ്യമുള്ള താറാവുകള്‍ പെട്ടെന്ന് ചത്തുപോകുന്നതിനാല്‍ കര്‍ഷകര്‍ ഈ രോഗത്തെ 'അറ്റാക്ക്' എന്ന് പറയാറുണ്ട്. രോഗം ബാധിച്ചവയുടെ വായില്‍ നിന്നും മൂക്കില്‍ നിന്നും ചിലപ്പോള്‍ രക്തം വരാം. ആന്റിബയോട്ടിക് ചികിത്സ വേണ്ടിവരും. പ്രതിരോധ കുത്തിവെയ്പ് ലഭ്യമാണ്. ചൂടും ഈര്‍പ്പവുമുള്ള നമ്മുടെ കാലാവസ്ഥയില്‍ തീറ്റയില്‍ നിന്ന് പൂപ്പല്‍വിഷബാധയുണ്ടാകാം.
ബന്ധപ്പെട്ട വാർത്തകൾ: താറാവ് കൃഷി തുടങ്ങാൻ ആഗ്രഹിക്കുന്നവർ അറിയാൻ
പൂപ്പല്‍ ബാധിച്ച തീറ്റ യാതൊരു കാരണവശാലും താറാവിനോ, കുഞ്ഞുങ്ങള്‍ക്കോ കൊടുക്കരുത്. അസ്പര്‍ജില്ലസ് ഫ്യൂമിഗേറ്റസ് എന്ന പൂപ്പല്‍ ശ്വാസകോശത്തെ ബാധിച്ച് ബ്രൂഡര്‍ ന്യുമോണിയ ഉണ്ടാക്കാം. രോഗനിര്‍ണ്ണയം കൃത്യമായി നടത്തി ചികിത്സ നല്‍കണം. വിറ്റാമിന്‍ ബി-3 (നിയാസിന്‍)യുടെ കുറവുമൂലം താറാവുകളില്‍ പെറോസിസ് രോഗം വരാം. മറ്റ് പക്ഷികളേക്കാള്‍ 20 ഇരട്ടി നിയാസിന്‍ താറാവുകള്‍ക്ക് വേണം. കാലിന് തളര്‍ച്ച, കാല്‍മുട്ടിന്റെ സന്ധിവീക്കം എന്നിവ ലക്ഷണങ്ങളാണ്. കാല്‍സ്യത്തിന്റെ കുറവു മൂലവും കാലിനു തളര്‍ച്ചയുണ്ടാകാം.
ബന്ധപ്പെട്ട വാർത്തകൾ: കൂടുതല്‍ വരുമാനത്തിന് വളര്‍ത്താം കാക്കി ക്യാമ്പല്‍ താറാവുകളെ
താറാവു രോഗങ്ങളുടെ പ്രതിരോധത്തില് പ്രധാനം കൃത്യസമയത്ത് നല്കുന്ന പ്രതിരോധ കുത്തിവെയ്പുകളാണ്. ഡക്ക് കോളറയ്‌ക്കെതിരെയുള്ള ആദ്യ കുത്തിവെയ്പ് നാലാഴ്ച പ്രായത്തിലും ഡക്ക് പ്ലേഗിനെതിരെ ആറാമത്തെ ആഴ്ചയിലും നല്‍കണം. ഡക്ക് പ്ലേഗിന് 12 ആഴ്ച പ്രായത്തില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കണം. ഡക്ക്, കോളറ, പ്ലേഗ് ഇവയുടെ കുത്തിവെയ്പ് യഥാക്രമം 6 മാസം, വര്‍ഷത്തില്‍ എന്ന ഇടവേളയില്‍ ആവര്‍ത്തിക്കണം. കൂടാതെ തീറ്റയും പരിസരവും പൂപ്പല്‍ ബാധയില്ലാതെ സൂക്ഷിക്കണം. സംതുലിത തീറ്റക്രമം പിന്‍തുടരണം.
ബന്ധപ്പെട്ട വാർത്തകൾ: വാത്ത താറാവിനെക്കുറിച്ചറിയാൻ
വളർത്തു മൃഗങ്ങളും ജല കൃഷിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Livestock & Aqua'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.