കോഴിവളര്‍ത്തല്‍ മേഖലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ താറാവുവളര്‍ത്തല്‍ അത്രമാത്രം വ്യാപ്തിയും വികാസവും പ്രാപിച്ചിട്ടില്ല. ഒരു പക്ഷേ ഇതിനുകാരണം നാട്ടിൻപുറങ്ങളിൽ തോടുകൾ . കുളങ്ങൾ പോലുള്ള ജലാശയങ്ങൾ കുറഞ്ഞു, വിദേശയിനങ്ങളുടെ വരവ് മൂലം നാടൻ താറാവുകൾ കുറഞ്ഞു,, താറാവിനെക്കുറിച്ചുള്ള പുസ്തകങ്ങൾ പോലും കിട്ടാനില്ല . പിന്നെ എങ്ങനെ ഒരു കർഷകൻ തന്റെ സംശയങ്ങൾ ദൂരീകരിക്കും എന്നതും കാരണങ്ങളാണ്.
അനുകൂല ഘടകങ്ങള്‍
ഇക്കാലത്ത് കൃഷിയിൽ രാസവളങ്ങളോടുള്ള താൽപര്യക്കുറവ് എല്ലാർക്കുമുണ്ട്. ജൈവവളങ്ങളോടാണ് താൽപര്യം. ഇത് താറാവു വളര്‍ത്തലിന് അനുകൂലമായ ഘടകങ്ങളാണ്. പാടങ്ങളിലേക്കിറങ്ങുന്ന താറാവുകളുടെ കാഷ്ഠം നെല്‍കൃഷിക്ക് നല്ല ഒരു ജൈവവളമാണ്. കൂടാതെ പാടങ്ങളില്‍ ജൈവകീടനിയന്ത്രണത്തിന് താറാവ് ഗണ്യമായ പങ്ക് വഹിക്കുന്നു. ഇതിനോടൊപ്പം തന്നെ മണ്ണിന്റെ വളക്കൂറ് വര്‍ധിപ്പിക്കുന്നതിനും താറാവുകൃഷി സഹായകമാകുന്നുണ്ട്. താറാവു കൃഷിയുടെ 70 ശതമാനവും മത്സ്യസാന്നിധ്യമുള്ള പ്രദേശത്താണ്. നെല്‍ക്കൃഷി, താറാവുകൃഷി, മത്സ്യകൃഷി ഇവ പരസ്പര ബന്ധിതമായ മൂന്ന് കാര്‍ഷികവൃത്തികളാണ്.
ജലസ്രോതസ്സുകളാല്‍ സമ്പന്നമാണ് ആലപ്പുഴയിലെയും കോട്ടയത്തേയും കുട്ടനാടന്‍ പ്രദേശം, തൃശൂര്‍, മലപ്പുറം ജില്ലകളിലെ കോള്‍പാടങ്ങള്‍ തുടങ്ങിയവ. ഇവയെല്ലാം താറാവുവളര്‍ത്തലിന് പ്രയോജനപ്പെടുത്താവുന്ന പ്രകൃതിയുടെ വരദാനമാണ്. മത്സ്യ സമ്പത്തുകൊണ്ട് സമ്പുഷ്ടമായ കേരളത്തിലെ 580 കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള കടല്‍ത്തീരം താറാവിനുവേണ്ട പഥ്യാഹാരത്തിന്റെ നിറസ്രോതസ്സാണ്. ഇവയുടെ ഇഷ്ടാഹാരമായ ചെറുമീന്‍ ഇപ്പോഴും കേരളത്തിലെ തീരപ്രദേശങ്ങളില്‍ സുലഭമാണ്. സജീവമായ ഒരു മത്സ്യവിപണിയും സംസ്ഥാനത്തുണ്ട്. ഇത് താറാവ് വളര്‍ത്തലിന് അനുയോജ്യമായ ഘടകമാണ്. ജലസ്രോതസ്സുകളെ നിലനിര്‍ത്തുകയും അവയെ പരിരക്ഷിക്കുകയും ചെയ്യേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ പരമപ്രധാനമായ ഒരു ആവശ്യമാണ്.
പാലക്കാട് ജില്ലയില്‍ കൊയ്ത്ത് ആരംഭിക്കുന്നതോടെ പല സ്ഥലത്തുനിന്നും താറാവു കര്‍ഷകര്‍ പാലക്കാട്ടേക്ക് യാത്ര തിരിക്കുന്നതു കാണാം. കുറഞ്ഞത് നാലു മാസത്തേക്ക്, ഓഗസ്റ് മുതല്‍ നവംബര്‍ വരെ, അനവധി താറാവുകൂട്ടങ്ങള്‍ പല സ്ഥലങ്ങളിലായി അവിടെ കാണാം. നെല്‍കൃഷി വ്യാപിപ്പിക്കുന്നതിന് അധികൃതര്‍ എല്ലാവിധ പ്രോത്സാഹനവും നല്‍കുന്ന കാലമാണിത്. ഇങ്ങനെ വര്‍ധിക്കുന്ന കൃഷിയിടങ്ങള്‍ താറാവ് വളര്‍ത്തലിനെ പരോക്ഷമായി സഹായിക്കുന്നു. കാരണം കൊയ്ത്തുകഴിഞ്ഞ പാടശേഖരങ്ങളിലെ തീറ്റ അവയുടെ ഒരു ഭക്ഷ്യശേഖരം തന്നെയാണ്.
താറാവിന്റെ മുട്ടയും മാംസവും
മനുഷ്യന്റെ ആരോഗ്യസംരക്ഷണത്തിന് വിലപ്പെട്ട സംഭാവനയാണ് താറാവുമുട്ടയും താറാവിറച്ചിയും നല്‍കുന്നത്. മാത്രമല്ല ഇവയുടെ ഔഷധഗുണവും പണ്ടുമുതലേ കേരളത്തിലെ ജനങ്ങള്‍ക്കറിയാം. അര്‍ശസ് രോഗികള്‍ക്ക് താറാവിന്‍മുട്ട ഉപയോഗിക്കുന്നതുകൊണ്ട് രോഗശമനം ലഭിക്കുന്നു. . താറാവുമുട്ടയിലും താറാവിറച്ചിയിലും അടങ്ങിയിരിക്കുന്ന കൊഴുപ്പമ്ളങ്ങള്‍ അപൂരിതങ്ങളായതിനാല്‍ രക്തത്തിലെ ദോഷകാരിയായ കൊളസ്ട്രോളിനെ ഇത് ഒരിക്കലും കൂട്ടാറില്ല. അപ്പോൾ കൊളസ്ട്രോള്‍ഭയം മൂലം ഭക്ഷ്യവിഭവങ്ങളില്‍ നിന്നും താറാവുമുട്ടയും, താറാവിറച്ചിയും മാറ്റി നിര്‍ത്തേണ്ടതില്ല.
മുട്ടകളുടെ പ്രത്യേകതകൾ.
കോഴിമുട്ടകളെക്കാള്‍ വലിപ്പം കൂടിയവയാണ് താറാവിന്‍ മുട്ടകള്‍. കോഴിമുട്ടയുടെ തൂക്കത്തിനേക്കാള്‍ 10-20 ഗ്രാം തൂക്കക്കൂടുതല്‍ ഇവയ്ക്കുണ്ടാവും. ഏകദേശം 65 ഗ്രാം മുതല്‍ 75 ഗ്രാം വരെ തൂക്കവും പ്രതീക്ഷിക്കാം ഒരു താറാവിന്റെ മുട്ടയ്ക്ക്. അല്പം മങ്ങിയ നിറമാണ് താറാവുമുട്ടകള്‍ക്ക്. വെള്ളക്കരുവും മഞ്ഞക്കരുവും ചേര്‍ന്ന് ഒരു താറാവുമുട്ട 70 ഗ്രാം ഭക്ഷ്യവസ്തു നല്‍ കുന്നു എന്നാണ് കണക്ക്. വെള്ളക്കരു (ആല്‍ബുമിന്‍) 60 ശതമാനവും മഞ്ഞക്കരു (കൊഴുപ്പ്) 30 ശതമാനവും മുട്ടത്തോട് 10 ശതമാനവും വരും. മുട്ടത്തോട് ഒഴിവാക്കിയാല്‍ 70 ഗ്രാം ഭാരം വരുന്ന ഒരു മുട്ടയില്‍ 49.6 ഗ്രാമും ജലമാണ്. അന്നജം ശരാശരി 1.0 ഗ്രാം, മാംസ്യം 8.97 ഗ്രാം, കൊഴുപ്പ് 9.63 ഗ്രാം, ധാതുലവണങ്ങള്‍ 0.8 ഗ്രാം, ഊര്‍ജ്ജത്തിന്റെ അളവ് 130 കിലോ കലോറി എന്നിവയടങ്ങിയിരിക്കുന്നു. കോഴിമുട്ടയില്‍ വളരെ നേരിയ തോതില്‍ സിങ്ക് കൂടുതലുള്ളതൊഴിച്ച് ബാക്കി ധാതുലവണങ്ങളായ കാത്സ്യം, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം മുതലായവ താറാവിന്‍മുട്ടയില്‍ കൂടുതലാണുള്ളത്. ജീവകം 'എ' യുടെ അളവും താറാവിന്‍മുട്ടയിലാണ് കൂടുതലുള്ളത്. ചുരുക്കത്തില്‍ താറാമുട്ടയിലാണ് പോഷകഘടകങ്ങള്‍ കൂടുതല്‍ അടങ്ങിയിട്ടുള്ളത്. ഇത് താറാവുമുട്ടയ്ക്ക് മാര്‍ക്കറ്റില്‍ നല്ല ഡിമാന്‍ഡ് സൃഷ്ടിക്കുന്നു. കോഴിമുട്ടയുമായി താരതമ്യപ്പെടുത്തുമ്പോള്‍ മുട്ടത്തോടിന് നല്ല കട്ടിയുണ്ട്. (0.53 മില്ലിമീറ്റര്‍). അതിനാല്‍ മുട്ട ഉടയാതെ അനായാസേന കൈകാര്യം ചെയ്യുവാന്‍ സാധിക്കും. താറാവ് മുട്ടയുടെ കട്ടിയുള്ള കവചംമൂലം താറാവുമുട്ടയുടെ അകത്തെ ജലാംശം നഷ്ടപ്പെടുന്നില്ല. അന്തരീക്ഷവായു അകത്ത് പ്രവേശിക്കുന്നതുമില്ല. അതിനാല്‍ ഇവ കൂടുതല്‍ സമയം കേടുകൂടാതെ സൂക്ഷിക്കുവാന്‍ സാധിക്കു. മുട്ടയുടെ വലിപ്പം, ഔഷധമേന്മ, പോഷകഗുണം, സ്വര്‍ണ്ണവര്‍ണ്ണമായ മഞ്ഞക്കരു, സംഭരിച്ചുവയ്ക്കുമ്പോള്‍ ഉടയാത്ത മുട്ടത്തോടിന്റെ കട്ടി തുടങ്ങിയവയെല്ലാം താറാവുമുട്ടയുടെ പ്രിയം വര്‍ധിപ്പിക്കുന്നു.
താറാവിറച്ചി
കേരളത്തിലെ ഒട്ടു മുക്കാലും ജനങ്ങളുടെ പരമ്പരാഗത ഇഷ്ടാഹാരമാണ് താറാവിറച്ചി. താറാവ് റോസ്റ്, താറാവ് സ്റൂ എന്നിവ ഇവയില്‍ പ്രധാനവിഭവങ്ങളാണ്. പാലപ്പത്തിനൊപ്പം സ്റ്റൂവുണ്ടെങ്കിൽ കുശാലായി. കേരളത്തിന്റെ സ്വന്തം ഇനമായ കുട്ടനാടന്‍ താറാവുകളുടെ തൂക്കത്തിന്റെ പാചകയോഗ്യമായ ഇറച്ചി 68 ശതമാനമാണ്. താറാവിറച്ചിയില്‍ 48.5 ശതമാനം ജലം, 11.49ശതമാനം കാത്സ്യം, 39.34 ശതമാനം കൊഴുപ്പ്, 0.68 ശതമാനം പൊട്ടാസ്യം എന്നിവയടങ്ങിയിരിക്കുന്നു. ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ശിപാര്‍ശ ചെയ്യുന്നത് ഒരു വ്യക്തിയുടെ ആഹാരത്തില്‍ ഒരു ദിവസം ശരാശരി 37 ഗ്രാം മാംസമെങ്കിലും അടങ്ങിയിരിക്കണമെന്നാണ്. എന്നാല്‍ നമുക്ക് ലഭിച്ചിരിക്കുന്ന കണക്കനുസരിച്ച് ഒരു വ്യക്തിക്ക് ലഭിക്കുന്ന പ്രതിദിന ആളോഹരി വിഹിതം 18.75 ഗ്രാമാണ്. അതായത് ആവശ്യമുള്ള മാംസത്തിന്റെ പകുതി മാത്രമേ ഇവിടെ ഉത്പാദിപ്പിക്കുന്നുള്ളു . ആവശ്യവും ഉത്പാദനവും തമ്മിലുള്ള ഈ അന്തരം വ്യക്തമാക്കുന്നത് താറാവ് വളര്‍ത്തല്‍ മേഖലയിലെ സാദ്ധ്യതയാണ്.
നേട്ടങ്ങള്‍
കോഴികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ താറാവുകളില്‍ നിന്ന് കൂടുതല്‍ മുട്ട ലഭിക്കും എന്നുള്ളത് ഒരു പ്രധാനപ്പെട്ട കാര്യമാണ്. ലോകത്തില്‍ വച്ചേറ്റവും മുട്ടയുത്പാദനശേഷിയുള്ള താറാവിനമാണ് ക്യാംപ്ബെല്‍.
വെള്ള, കറുപ്പ്, കാക്കി എന്നിങ്ങനെ ക്യാംബെല്ലുകള്‍ മൂന്നിനമുണ്ട്. ഏകദേശം 50-55 ഗ്രാം തൂക്കം വരുന്ന 340–350 വരെ മുട്ടകള്‍ ഈ ഇനത്തില്‍ പെട്ട താറാവുകള്‍ നമുക്ക് തരുന്നു. ഇതിലെ പൂവന് ഏകദേശം 2.5 കിലോയും പിടയ്ക്ക് ഏകദേശം 2.2 കിലോയും തൂക്കമുണ്ടാകും. ഇതിൽത്തന്നെ കാക്കി ക്യാംബെല്ലുകളാണ് മുട്ടയുദ്പാദനത്തിൽ ഏറ്റവും നല്ലത്.
അഞ്ചുമാസം പ്രായമെത്തുമ്പോള്‍ ഇവ മുട്ടയിട്ട് തുടങ്ങും. ആണ്ടില്‍ ശരാശരി മുന്നൂറിലധികം മുട്ടയിടും. നല്ലയിനം മുട്ടക്കോഴികളില്‍നിന്ന് ഒരു വര്‍ഷം ഏകദേശം 260 മുട്ട മാത്രമേ ലഭിക്കൂ. കൂടാതെ താറാവിനെ മുട്ടയ്ക്കുവേണ്ടി രണ്ടോ, മുന്നോ വര്‍ഷം ലാഭകരമായി വളര്‍ത്താം. എന്നാല്‍ കോഴികളെ മുട്ടയിട്ടുതുടങ്ങിയാല്‍പിന്നെ ഒരു വര്‍ഷത്തേക്ക് മാത്രമേ ലാഭകരമായി വളര്‍ത്താന്‍ സാധിക്കുകയുള്ളു. ദ്രുതഗതിയിലുള്ള വളര്‍ച്ച, വലിപ്പമേറിയ മുട്ടകള്‍ എന്നിവ താറാവിന്റെ എടുത്തുപറയത്തക്ക സവിശേഷതകളാണ്. സാധാരണഗതിയില്‍ കോഴിയിലുണ്ടാവുന്ന രോഗങ്ങള്‍ താറാവില്‍ കാണുന്നില്ല. കോഴിവളര്‍ത്തലിനെന്നപോലെ വിപുലമായ പാര്‍പ്പിടം താറാവിന് ആവശ്യമില്ല. രാത്രി കിടക്കുന്നതിനു ഒരു ചെറിയ ഷെഡ് മതിയാകും. താറാവുകള്‍ അതിരാവിലെ തന്നെ മുട്ടയിടുന്നു. ഏകദേശം 98 ശതമാനം മുട്ടയും രാവിലെ തന്നെ ശേഖരിക്കാം. എന്നാല്‍ കോഴികളുടെ മുട്ട ദിവസം പല തവണയായി ശേഖരിക്കേണ്ടിവരുന്നു. താറാവുകള്‍ എളുപ്പത്തില്‍ ഇണങ്ങുന്നതാണ്. രാവിലെ കൂട് തുറന്നുവിട്ടാല്‍ പകല്‍സമയം മുഴുവന്‍ അടുത്തുള്ള പുരയിടത്തിലോ കുളത്തിലോ ചെലവഴിക്കും. വൈകുന്നേരത്തോടെ വീണ്ടും ഷെഡില്‍ കയറ്റിയാല്‍ മതി.
കുട്ടനാടന്‍ താറാവുകള്‍
കുട്ടനാടന്‍ താറാവുകള്‍ പ്രധാനമായും രണ്ടിനങ്ങളാണ്. ചാരയും ചെമ്പല്ലിയും. തൂവലുകളുടെ നിറവ്യത്യാസത്തെ ആസ്പദമാക്കിയാണ് ഈ പേരുകള്‍ വന്നത്. ഇടയ്ക്കിടെ തവിട്ടുനിറമുള്ള കറുത്ത തൂവലുകളോടു കൂടിയതാണ് ഒരിനം. പൊതുവെ ചാരനിറത്തിലുള്ള ഇവയെ ചാര താറാവുകള്‍ എന്ന് വിളിക്കുന്നു. കറുപ്പിന്റെ അംശം ഒട്ടുമില്ലാത്ത മങ്ങിയ തവിട്ടുനിറമുള്ള താറാവുകളാണ് ചെമ്പല്ലി താറാവുകള്‍. കുട്ടനാടന്‍താറാവുകളുടെ വളര്‍ച്ച വളരെ പെട്ടെന്നാണ്. എട്ടാഴ്ച പ്രായത്തില്‍തന്നെ ഇവയ്ക്ക് നല്ല തൂക്കം ഉണ്ടായിരിക്കും പിടത്താറാവുകള്‍ ഇരുപതാമത്തെ ആഴ്ചയില്‍ പ്രായപൂര്‍ത്തിയായി മുട്ടയിട്ടുതുടങ്ങുന്നു. മുട്ടയുത്പാദനത്തിന്റെ കാര്യത്തില്‍ കേരളത്തിന്റെ തനതു ജനസ്സായ ചാരയും ചെമ്പല്ലിയും, വിദേശയിനമായ കാക്കി ക്യാംബലിനോട് കിടപിടിക്കുന്നതാണ്. ഇത്രയും ഉത്പാദനശേഷിയുള്ള തനത് ഇനങ്ങള്‍ നമുക്കുള്ളപ്പോള്‍ താറാവുകൃഷി വളരെ ആദായകരമായി ചെയ്യാവുന്നതാണ്.
ഇറച്ചിക്കുവേണ്ടി വളര്‍ത്തുന്നവ
വൈറ്റ് പെക്കിന്‍, അയില്‍സ്ബെറി, വിഗോവ സൂപ്പര്‍ എം എന്നീ ഇറച്ചിക്കോഴി വിഭാഗത്തില്‍പ്പെട്ട ഇനങ്ങള്‍ പ്രജനനം നടത്തി ഉല്പാദിപ്പിച്ചവയായതിനാല്‍ ഡീപ്പ് ലിറ്റര്‍ സമ്പ്രദായത്തില്‍ ലാഭകരമായി വളര്‍ത്താന്‍ നമുക്ക് കഴിയും. ഇവയ്ക്ക് വര്‍ദ്ധിച്ച രോഗപ്രതിരോധ ശക്തിയുള്ളതും ഇവയെ വാണിജ്യാടിസ്ഥാനത്തിൽ വളർത്താൻ തിരഞ്ഞെടുക്കാൻ ഊന്നൽ നൽകുന്നു
താറാവു വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കാനായി മൃഗസംരക്ഷണ വകുപ്പ് വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. മൃഗസംരക്ഷണ വകുപ്പിന്റെ ജീവരേഖ പദ്ധതി, ത്രിതല പഞ്ചായത്തിന്റെ വിവിധ പദ്ധതികള്‍ തുടങ്ങിയവ ഈ രംഗത്തെ സംരംഭകര്‍ക്ക് പ്രയോജനപ്പെടുത്താം. . ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തുന്നതില്‍ താറാവുകൃഷിയുടെ പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. ഒരു വീട്ടിലേയ്ക്കാവശ്യമുള്ള മുട്ടയ്ക്കു വേണ്ട താറാവുകളെ ഒരോരുത്തരും വളര്‍ത്തിയാല്‍ തന്നെ മുട്ടയുത്പാദനം ഗണ്യമായി വര്‍ധിക്കുന്നതാണ്.
ശ്രദ്ധയോടെയുള്ള പരിചരണമുണ്ടെങ്കിൽ കേരളത്തിലെവിടെയും താറാവുകൃഷി ലാഭകരമായി ചെയ്യാവുന്നതാണ്
ഈ കോവിഡ് കാലത്ത് താറാവുവളര്‍ത്തലിലൂടെ നമുക്കും ഭക്ഷ്യസുരക്ഷായത്നത്തില്‍ പങ്കാളികളാകാം.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കരിങ്കോഴിയെ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ