കേരളത്തിൽ ഏതു പ്രദേശത്തും ചെയ്യാവുന്ന ഒരു കൃഷിയാണ് താറാവ് കൃഷി. അല്പം ശ്രദ്ധയോടെ നടത്തിയാല്‍ കേരളത്തിലെവിടെയും താറാവ് വളര്‍ത്താം. താറാവ് കറി മലയാളികളുടെ തനത് വിഭവമാണ്. ഇതിന്റെ രുചിയില്‍ മയങ്ങി വിദേശികളെ വളരെയധികം ആകർഷിച്ചിട്ടുണ്ട്. താറാവ് മുട്ടയും നമ്മുക്ക് പ്രിയപ്പെട്ടതാണ്. ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയതും ചീത്ത കൊഴുപ്പിൻ്റെ അംശം കുറവുമായതിനാല്‍ ഏതുപ്രായക്കാര്‍ക്കും കഴിക്കാവുന്നതാണ് താറാവിറച്ചി. വിറ്റാമിന്‍ ബി 3 ധാരാളം അടങ്ങിയിട്ടുമുണ്ട്.
താറാവ് കൃഷി ചെറിയ തോതിൽ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് വീട്ടുവളപ്പിൽ താല്‍ക്കാലിക കുളങ്ങളുണ്ടാക്കി താറാവുകളെ വളര്‍ത്താം. ആറ് അടി നീളവും നാല് അടി വീതിയും രണ്ടടി ആഴവുമുള്ള കുഴി ഉണ്ടാക്കിയാൽ മതിയാകും വശങ്ങളിൽ നല്ല കനത്തിൽ മണ്ണുപയോഗിച്ച് വരമ്പുണ്ടാക്കണം. കുഴിയില്‍ പ്ലാസ്റ്റിക്ക് ചാക്കുവിരിച്ചതിനു ശേഷം മുകളില്‍ ടാര്‍പ്പായ വിരിക്കണം. ടാര്‍പ്പായയ്ക്കു മുകളില്‍ ഇഷ്ടികവച്ച് ഷീറ്റ് ടാങ്കിലേക്ക് വീഴാതെ തടയണം. തുടര്‍ന്ന് ടാങ്കിലേക്ക് വെള്ളം നിറച്ച്, നാലാഴ്ച പ്രായമായ താറാവുകുഞ്ഞുങ്ങളെ കുളത്തിലേക്ക് വിടാം. കുളത്തിനു ചുറ്റും ഒരു ചെറിയ വേലി തീർക്കുന്നത് നന്നായിരിക്കും. മേല്‍പ്പറഞ്ഞ അളവില്‍ തീര്‍ത്ത ടാങ്കില് 300 ലിറ്റര്‍ വെള്ളം നിറക്കാം.10 ഓ 15 ഓ താറാവുകളെവരെ ഈ കുളത്തിൽ വളർത്താം.
ചെറുപ്രായത്തിൽ കുതിര്‍ത്ത് പകുതി വേവിച്ച ഗോതമ്പും അരിയും തുല്യമായി കലര്‍ത്തിയത് അതുപോലുള്ള മറ്റു കട്ടികുറഞ്ഞ ഭക്ഷണങ്ങൾ താറാവ് കുഞ്ഞുങ്ങൾക്ക് കൊടുക്കാം. വലുതാകുമ്പോൾ എത്ര കട്ടിയുള്ള ആഹാരവും അവർ കൊക്കുകൊണ്ടു കിള്ളി തിന്നുകൊള്ളും. അടുക്കളയിൽ ബാക്കി വരുന്ന അവശിഷ്ടങ്ങള്‍, വാഴതട, പപ്പായ എന്നിവ ചെറുകഷണങ്ങളാക്കി താറാവുകള്‍ക്ക് ഭക്ഷണമായി കൊടുക്കാവുന്നതാണ്.
അസോള, ഗോതമ്പുമാവ് കുറുക്കിയത്, ഉണക്കമീന്‍ എന്നിവ കൂട്ടികലര്‍ത്തിയും താറാവുകള്‍ക്ക് കൊടുക്കാം. പകല്‍ സമയങ്ങളില്‍ താറാവുകളെ അഴിച്ചുവിടുന്നത് നല്ലതാണ്. ചെറു പ്രായത്തില്‍ തന്നെ താറാവു വസന്തപോലുള്ള രോഗങ്ങള്‍ തടയാന്‍ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം. രാത്രി സമയത്ത് താറാവുകള്‍ക്ക് ഉറങ്ങാന്‍ ചെലവുകുറഞ്ഞ വൃത്തിയുള്ള കൂടുകള്‍ തയ്യാറാക്കണം. അറക്കപ്പൊടി അല്ലെങ്കില്‍ ഉമി തറയില്‍ ഇട്ടുകൊടുക്കുന്നതിലൂടെ താറാവിന്റെ കാഷ്ടവും മറ്റും വൃത്തിയാക്കാന്‍ എളുപ്പമാകും. 120 ദിവസമാകുന്നതോടെ താറാവുകള്‍ മുട്ടയിട്ടു തുടങ്ങും. ഒരു താറാവ് ശരാശരി 200 മുട്ടവരെ ഒരു വര്‍ഷം തരുന്നതാണ്.