ചിറകുചീയല്‍ രോഗം മത്സ്യങ്ങളില്‍ സാധാരണയായി കണ്ടുവരുന്ന ഒരു രോഗമാണ്. വളർത്തു മൽസ്യങ്ങളിലും അക്വേറിയം മത്സ്യങ്ങളിലുമാണ് കൂടുതലായി കാണുന്നത്. സ്യൂഡോമോണസ്, എയ്റോമോണസ്, എന്നീ ബാക്ടീരിയകളാണ് ഈ രോഗത്തിന് കാരണം. ശുദ്ധജലമത്സ്യങ്ങളിലും ചില ലവണജല മത്സ്യങ്ങളിലും ഈ രോഗം കാണാറുണ്ട്. എന്നാല്‍, ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും ചിറകുചീയല്‍ രോഗം കൂടുതലായും കാണപ്പെടുന്നത് സിപ്രിനിഡെ കുടുംബത്തിലെ കട്ല, രോഹു, മൃഗല്‍, കോമണ്‍ കാര്‍പ്പ്, ഗ്രാസ് കാര്‍പ്പ്, സില്‍വര്‍ കാര്‍പ്പ്, ഗോള്‍ഡ് ഫിഷ് എന്നിവയിലും അനബാന്‍ഡിഡെ കുടുംബത്തിലെ ഫൈറ്റര്‍, ഗൌരാമി തുടങ്ങിയ മത്സ്യങ്ങളിലുമാണ്.
വാൽച്ചിറകും ചിറകുകളും ചീഞ്ഞുപോകുന്നനാണ് രോഗലക്ഷണം. ചിറകുകളുടെ അഗ്രങ്ങളില്‍നിന്നാണ് ചീയല്‍ ആരംഭിക്കുന്നത്. ക്രമേണ ചിറകുകളുടെ അടിഭാഗത്തേക്കും തുടര്‍ന്ന് ശരീരത്തിലേക്കും ചീയല്‍ വ്യാപിക്കുന്നു. പൂപ്പല്‍ബാധ കൊണ്ടും ചിറകുചീയൽ രോഗം ഉണ്ടാകാറുണ്ട്. ചിറകുകളുടെ അഗ്രഭാഗത്ത് വെള്ളനിറം കാണുന്നുണ്ടെങ്കിൽ രോഗം പൂപ്പൽ ബാധകൊണ്ടാണെന്ന് മനസിലാക്കാം. രോഗം അധികമാകുന്ന സമയത്ത് മത്സ്യങ്ങള്‍ ചലനങ്ങൾ കുറയുകയും തീറ്റയെടുക്കുന്നത് കുറയുകയുംചെയ്യുന്നു. ചിറകുകള്‍ക്ക് പൂര്‍ണമായും ക്ഷതം സംഭവിച്ചാല്‍ ചലനശേഷിതന്നെ നഷ്ടമാവുന്നു.
ബന്ധപ്പെട്ട വാർത്തകൾ: അലങ്കാര മത്സ്യങ്ങളിൽ തനി രാവണൻ! ഫൈറ്റർ ഫിഷുകളെ കുറിച്ച് അറിയേണ്ടതെല്ലാം...
ജലം മലിനമാകുന്നതും ജലാശയത്തിന്റെ അടിത്തട്ടില്‍ ജൈവമാലിന്യങ്ങള്‍ അടിഞ്ഞുകൂടുന്നതുമാണ് രോഗബാധയ്ക്കുള്ള പ്രധാന കാരണം. ജലത്തിന്റെ ഗുണനിലവാരത്തിലുണ്ടാവുന്ന പൊടുന്നനെയുള്ള മാറ്റങ്ങള്‍ രോഗം മൂര്‍ച്ഛിക്കാന്‍ ഹേതുവാകുന്നു. ജലോഷ്മാവ് താരതമ്യേന കൂടുതലുള്ള മാര്‍ച്ച് മുതൽ മെയ് വരെയാണ് നമ്മുടെ നാട്ടില്‍ ചിറകുചീയല്‍ രോഗം കൂടുതലായി കാണപ്പെടുന്നത്.
ആരംഭത്തിൽ തന്നെ കണ്ടുപിടിക്കുകയാണെങ്കിൽ ചിറകുചീയല്‍ രോഗം എളുപ്പത്തില്‍ നിയന്ത്രിക്കാം. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ വളര്‍ത്തുകുളങ്ങളിലെ മലിനജലം മാറ്റി പുതുജലം നിറച്ച് രോഗത്തെ നിയന്ത്രിക്കാം. അക്വേറിയങ്ങളാണെങ്കില്‍ പഴയ ജലം മാറ്റി അടിത്തട്ടില്‍ അടിഞ്ഞുകൂടിയ ജൈവാവശിഷ്ടങ്ങള്‍ ഒരു സൈഫണ്‍ ഉപയോഗിച്ച് നീക്കംചെയ്ത് പുതുജലം നിറയ്ക്കണം. അക്വേറിയത്തിൽ നിന്ന് 20–25 ശതമാനത്തിലേറെ ജലം മാറ്റാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ആരംഭദശയില്‍ രോഗം ബാധിച്ച മത്സ്യങ്ങളെ കറിയുപ്പുലായനിയില്‍ മുക്കിയും രോഗശമനം സാധ്യമാക്കാം. 3 ശതമാനം കറിയുപ്പുലായനിയില്‍ ദിവസവും 15 മിനിറ്റ്വീതം മുക്കിവയ്ക്കുന്നത് രോഗം ഭേദമാക്കും. അയഡിന്‍ ചേര്‍ക്കാത്ത കറിയുപ്പ് ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. രോഗം ഏറെ മൂര്‍ച്ഛിച്ചാല്‍ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കേണ്ടിവരും. ക്ളോറോമൈസറ്റിന്‍, ടെട്രാസൈക്ളിന്‍ തുടങ്ങിയ ആന്റിബയോട്ടിക്കുകള്‍ ഏറെ ഫലപ്രദമാണ്. പൂപ്പല്‍ബാധയുണ്ടെങ്കില്‍ മെത്ലിന്‍ ബ്ളൂ, തുരിശുലായനി എന്നിവയില്‍ മൂക്കുന്നത് രോഗശമനം വേഗത്തിലാക്കാന്‍ സഹായിക്കും.