ആദ്യത്തെ ആറു മാസം കന്നുകുട്ടികളുടെ പരിചരണം പ്രധാനമാണ്. ഈ കാലയളവിൽ ഇവയ്ക്ക് നൽകുന്ന പോഷകസമൃദ്ധമായ ഭക്ഷണമാണ് മുതിർന്നു പശു വാങ്ങുമ്പോൾ പാലുൽപാദനത്തിൽ നിർണായക സ്ഥാനം വഹിക്കുന്നത്. അതുകൊണ്ട് ആദ്യത്തെ മൂന്നു മാസം കന്നു കുട്ടിയുടെ പ്രധാന ആഹാരം അവയുടെ അമ്മയുടെ പാലാണ്. എന്നാൽ പാലിന് ബദലായി ഒട്ടു മിക്ക കർഷകരും ഇപ്പോൾ സോയപ്പാൽ നൽകുന്നുണ്ട്. സാധാരണ പാലിനെ അപേക്ഷിച്ച് 24 ശതമാനത്തോളം മാംസ്യം കൂടുതലാണ് സോയാപ്പാലിൽ. പാലിൽ അടങ്ങിയിരിക്കുന്ന ലാക്ടോസ് സോയപ്പാലിൽ വളരെ കുറവാണ്.
സോയാപ്പാൽ എങ്ങനെ തയ്യാറാക്കാം
സോയാബീൻ കുരുക്കൾ നല്ലവണ്ണം കഴുകി വൃത്തിയാക്കി 18 മണിക്കൂറോളം പച്ച വെള്ളത്തിലിട്ടു കുതിർത്തു വയ്ക്കുക. അതിനുശേഷം ഇതിൻറെ വെള്ളം മാറ്റി പ്രഷർ കുക്കറിൽ 10 മിനിറ്റ് നേരം വേവിക്കണം. വേവിച്ചെടുത്ത പദാർത്ഥം ഒരു ഭാഗത്തിന് എട്ടു ഭാഗം വെള്ളം എന്ന കണക്കിൽ നേർപ്പിച്ച് എടുക്കണം.
വെള്ളം ഒഴിച്ച് നേർപ്പിച്ച ശേഷം നല്ലവണ്ണം ഇളക്കണം. അതിനുശേഷം വേവിച്ചു നേർപ്പിച്ച സോയാബീൻസ് മിക്സിയിലിട്ട് നല്ലവണ്ണം അരച്ചെടുക്കണം. അരച്ചെടുത്ത ദ്രാവകം തുണിയിൽ ഇട്ട് അരിക്കുമ്പോൾ കിട്ടുന്നതാണ് സോയാപ്പാൽ. ഇത് 100 ഡിഗ്രി ഊഷ്മാവിൽ 15 മിനിറ്റ് നേരം തിളപ്പിയ്ക്കുക. കൂടെ കൂടെ ഇളക്കിക്കൊണ്ടിരിക്കണം. അതിനുശേഷം 40 ഡിഗ്രി ഊഷ്മാവ് ലേക്ക് (ചെറിയ ചൂട്) തണുപ്പിക്കുക. സാധാരണ പശുവിൻ പാലുമായി കലർത്തി കന്നുകുട്ടികൾക്ക് നൽക്കാം. 100ഗ്രാം സോയാബീൻ കുരുവിൽനിന്ന് 800 മില്ലി, സോയാപ്പാൽ ലഭിക്കും. ഒരു കിലോ സോയാബിന് 40 രൂപ കണക്കാക്കിയാൽ ഒരു ലിറ്റർ സോയാപ്പാലിന് വെറും അഞ്ചു രൂപ വരുന്നുള്ളൂ. സോയാപ്പാൽ അരിച്ചെടുത്ത് ഫ്രിഡ്ജിൽവച്ച് തണുപ്പിച്ച് സൂക്ഷിച്ചാൽ 48 മണിക്കൂർ വരെ കേടുകൂടാതെ ഇരിക്കും.
ഈയടുത്ത് പൂക്കോട് വെറ്റിനറി കോളേജിലെ അനിമൽ ന്യൂട്രീഷൻ വിഭാഗത്തിൽ നടത്തിയ പരീക്ഷണത്തിൽ കുട്ടിക്ക് സോയ പാലും പശുവിൻപാലിൽ ചേർത്ത് നല്കാം എന്നും, പശുവിൻ പാൽ മാത്രം കുടിക്കുന്ന കുട്ടികളുടെ വളർച്ചയെക്കാൾ കൂടുതൽ വളർച്ച സോയാപ്പാൽ കുടിച്ച് കുട്ടികൾക്ക് ഉണ്ടെന്ന് കണ്ടെത്തിയിരിക്കുന്നു.