കുറഞ്ഞ സ്ഥല സൗകര്യവും മുതല്‍ മുടക്കും മുയല്‍ വളര്‍ത്തലിനെയിപ്പോള്‍ ജനപ്രിയമാക്കുന്നു. കുട്ടികള്‍ മുതല്‍ ഏതു പ്രായത്തിലുള്ളവര്‍ക്കും മുയലുകളെ പരിപാലിക്കാനും എളുപ്പമാണ്. പച്ചപ്പുല്ല്, കാരറ്റ്, കാബേജ്, പയറുകള്‍, മുരിക്കില എന്നിവയും കൂടുതല്‍ മാംസ്യം അടങ്ങിയ തീറ്റമിശ്രിതവുമാണ് മുയലുകളുടെ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടത്.
മുയല്‍ വളര്‍ത്തല്‍ നടത്തുമ്പോള്‍ ശാസ്ത്രീയമായ രീതികള്‍ അവലംബിച്ചില്ലങ്കില്‍ പരാജയപ്പെടാന്‍ സാധ്യതയുണ്ട്. മുയലിനെ വളര്‍ത്തുന്നത് പ്രധാനമായും ഇറച്ചിക്കും ചര്‍മ്മത്തിനും വേണ്ടിയാണ്. മുയലിറച്ചിയിലുള്ള ഒമേഗ-3 ഫാറ്റി ആസിഡ് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും ഹൃദ്രോഗസാധ്യത ഒഴിവാക്കുകയും ചെയ്യുന്നു. മറ്റു മാംസാഹരങ്ങള്‍ കഴിക്കാന്‍ പറ്റാത്തവര്‍ക്കും മുയലിറച്ചി ഭയം കൂടാതെ ഉപയോഗിക്കാം.
ഇറച്ചിക്കായി പ്രധാനമായും മൂന്നിനം മുയലുകളെയാണ് വളര്‍ത്തുന്നത്. സോവിയേറ്റ് ചിഞ്ചില, ഗ്രേ ജയന്റ്, ന്യൂസിലാന്റെ വൈറ്റ്, ഡച്ച് എന്നിവയാണ്.
മുയല്‍ക്കൂട് നിർമ്മാണം
മുയല്‍ക്കൂട് നിര്‍മ്മിക്കുമ്പോള്‍ ചില മുന്‍കരുതലുകള്‍ എടുക്കുന്നത് നല്ലതാണ്. കൂട് കമ്പ് കൊണ്ടോ കമ്പിവേലി കൊണ്ടോ നിര്‍മ്മിക്കാം. വായുസഞ്ചാരമുള്ളതും ഇഴജന്തുക്കള്‍ കടക്കാത്ത രീതിയിലും വേണം കൂട് നിര്‍മ്മിക്കൂവാന്‍. കൂടുകളുടെ ശുചിത്വമില്ലായ്മ രോഗങ്ങള്‍ ഉണ്ടാകുന്നതിന് കാരണമാകും.പ്രജനനത്തിനുള്ള മുയലുകള്‍ക്ക് ഒന്നിന് 90 സെ.മി നീളവും 70 സെ.മി വീതിയും 50 സെ. മി ഉയരവുമുള്ള കൂടുകള്‍ ആവശ്യമാണ്. കൂടിലുള്ളില്‍ ശൂദ്ധജലം കൃത്യമായി ലഭിക്കണം. കൂടാതെ വിസര്‍ജ്യവസ്തുക്കള്‍ എളുപ്പത്തില്‍ താഴെക്കു പോകുന്നതിനുള്ള മാര്‍ഗ്ഗത്തിലാണ് കൂട് നിര്‍മ്മിക്കേണ്ടത്.
മുയലുകള്‍ക്ക് കൂട് ഒരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ജലലഭ്യത -
ശുദ്ധജലം മുയലുകള്‍ക്ക് കൂടുതല്‍ ആവശ്യമാണ്. കൂടുകള്‍ കഴുകി വൃത്തിയാക്കാനും വെള്ളം വേണം.
ജലം നിര്‍ഗമന മാര്‍ഗംവെള്ളം കെട്ടിനില്‍ക്കാത്ത സ്ഥലത്തായിരിക്കണം കൂട് നിര്‍മ്മിക്കാന്‍. കൂട് കഴുകുമ്പോള്‍ ഉണ്ടാകുന്ന മലിനജലം കൂടിന്റെ പരിസരത്ത് കെട്ടിനില്‍ക്കരുത
സുരക്ഷിതത്വം - മുയല്‍ക്കൂടുകള്‍ നിര്‍മ്മിക്കേണ്ടത് സുരക്ഷിതമായ സ്ഥലത്തായിരിക്കണം. പാമ്പ്, മരപ്പട്ടി, നായ എന്നിവ മുയലിന്റെ ശത്രുക്കളാണ്.
കാലാവസ്ഥ - മുയലുകള്‍ക്ക് തണുത്ത കാലാവസ്ഥയാണ് കൂടുതല്‍ നല്ലത്. കൂടിന് ചുറ്റും തണലും കൂട്ടില്‍ ഫാനം നല്ലതാണ്. കൂടിയ അന്തരീക്ഷ ആര്‍ദ്രത മുയലുകള്‍ക്ക് രോഗം വരുത്തും. ഇതിനൊക്കെ പൂറമെ കൂട്ടില്‍ തീറ്റയും വെള്ളലും കൊടുക്കാനുള്ള നല്ല സൗകര്യവും ഉണ്ടായിരിക്കണം.
പെണ്‍മുയലിനെയും ആണ്‍മുയലിനെയും പ്രത്യേകം കൂട്ടില്‍ വേണം വളര്‍ത്തുവാന്‍. അഞ്ച് മുയലുകള്‍ക്ക് ഒരു ആണ്‍മുയല്‍ എന്ന അനുപാതത്തിലാണ് വളര്‍ത്തേണ്ടത്. 8 മുതല്‍ 12 മാസം പ്രായം പൂര്‍ത്തിയായ ആണ്‍മുയലുകളെയും 6 മുതല്‍ 8 മാസം പ്രായം പൂര്‍ത്തയായ പെണ്‍മുയലുകളെയും ഇണചേര്‍ക്കാവുന്നതാണ്.
മുയലുകളെ ബാധിക്കുന്ന രോഗങ്ങള്‍
പാസ്ചുറെല്ലോസിസ്
മൂക്കൊലിപ്പ്, ചുമ, ശ്വാസതടസം, ശ്വാസകോശ വീക്കം, ഉയര്‍ന്ന ശരീരതാപനില എന്നിവയാണ് രോഗലക്ഷണങ്ങള്‍. തീവ്രം, അതിതീവ്രം, തുടര്‍ന്നു നില്‍ക്കുന്നത് എന്നീ മൂന്നു രീതികളില്‍ രോഗം കാണപ്പെടുന്നു. മുയല്‍ക്കുഞ്ഞുങ്ങളെയാണ് അതിതീവ്ര പാസ്ചുറെല്ലോസിസ് ബാധിക്കുന്നത്. ഈ അവസ്ഥയില്‍ പ്രകടമായ രോഗലക്ഷണങ്ങള്‍ ഇല്ലാതെ മുയല്‍ക്കുഞ്ഞുങ്ങള്‍ ചത്തുവീഴും. ആന്റീബയോട്ടിക്കുകളും സള്‍ഫാ മരുന്നുകളും ഫലപ്രദമാണ്.
കോക്‌സീഡിയോസിസ്
ആറ് മുതല്‍ 12 ആഴ്ച വരെയുള്ള മുയല്‍ക്കുഞ്ഞുങ്ങളെയാണ് ഈ രോഗം കൂടുതലായി ബാധിക്കുന്നത്. ആഹാരത്തിലൂടെ പകരുന്ന ഈ രോഗം കരളിനെയും കുടലിനെയുമാണ് ബാധിക്കുക. പ്രോട്ടോസോവ വര്‍ഗത്തിലെ കോക്‌സീഡിയ അണുക്കളാണ് രോഗമുണ്ടാക്കുത്. സള്‍ഫാ മരുന്നുകള്‍ ഫലപ്രദമാണ്.
ചര്‍മരോഗങ്ങള്‍
സാര്‍കോപ്റ്റ്‌സ് പോലുള്ള ചെറുകീടങ്ങള്‍ ഉണ്ടാക്കുന്ന മേഞ്ച് ബാധയാണ് സാധാരണ മുയലുകളില്‍ കാണുന്ന ചര്‍മരോഗം. മൂക്കിനു ചുറ്റും ചെവിയുടെ വശങ്ങളിലും രോമം കൊഴിയുകയും കുരുപ്പുപോലെ കാണപ്പെടുകയും ചെയ്യും. തുടര്‍ന്നു ജനനേന്ദ്രിയങ്ങളിലേക്കും നഖങ്ങളിലേക്കും രോഗം പടരാം. ബെന്‍സൈല്‍ബെന്‍സോയേറ്റ് ലോഷന്‍ പുരട്ടുന്നത് രോഗം ശമിക്കാന്‍ സഹായിക്കും. ശുചിത്വം പാലിക്കുകയും ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ ചികിത്സ നല്‍കുകയും ചെയ്താല്‍ രോഗബാധ ഒരു പ്രശ്‌നമാകില്ല.