2017 മുതൽ യു എൻ ആഭിമുഖ്യത്തിൽ മെയ് 2 ചൂര (tuna ) ദിനം ആയി ആചരിക്കുന്നു
ചൂര എന്നത് thunnus എന്ന ജെനുസ്സിൽ പെട്ട എട്ടോളം വർഗ്ഗങ്ങൾക്ക് പൊതുവേ പറയുന്ന പേരാണ്. ഇവയ്ക്കു പുറമേ Scombridae കുടുംബത്തിലെ മറ്റു ചില മത്സ്യങ്ങളെയും ചൂര എന്നു വിളിക്കുന്നു. (പട്ടിക കാണുക). മലങ്കര-മലബാർ പ്രദേശങ്ങളിൽ കുടുത, കേര, കുടുക്ക, വെള്ള കേരഎന്നും ഇവ അറിയപെടുന്നു.
ആകൃതി, ആഹാരം, ആവാസം
ചൂരവർഗ്ഗത്തിൽ ഭൂരിഭാഗവും ഉഷ്ണമേഖലാ സമുദ്രങ്ങളിലാണ് വസിക്കുന്നത്, എന്നാലും ശീതസമുദ്രത്തിലും ചില ചൂരകൾ ആവസിക്കുന്നുണ്ട്. . പല വലിപ്പത്തിലുള്ള ചൂരകളുണ്ട്. ഏറ്റവും വലിയ ഇനം പസിഫിക്ക് ബ്ലൂഫിൻ ട്യൂണയാണ് ഇവയ്ക്ക് നാലുമീറ്റർ വരെ നീളവും എണ്ണൂറു കിലോഗ്രാം വരെ തൂക്കവും ഉണ്ടാകും . മഹാഭൂരിപക്ഷം മത്സ്യങ്ങളെയും പോലെ ചൂരയും ചെകിള വഴിയാണ് ശ്വസിക്കുന്നത്. എന്നാൽ ഭൂരിപക്ഷം മത്സ്യങ്ങളെയും പോലെ ഇവയ്ക്ക് ചെകിളയ്ക്കുമേലേക്ക് വെള്ളം പമ്പ് ചെയ്യാനുള്ള കഴിവ് ഇല്ലാത്തതിനാൽ ഇവ ശ്വസിക്കാൻ വേണ്ടി സദാ നീന്തിക്കൊണ്ടേയിരിക്കണം .
മാംസഭോജിയായ ചൂരയുടെ മുഖ്യ ആഹാരം ചെറിയ മത്സ്യങ്ങൾ, ചെമ്മീൻ, ചെറിയ കടൽ ജീവികൾ എന്നിവയാണ്. വിവിയയിനം ചൂരകളുടെ ആയുർ ദൈർഘ്യവും പലതാണ്. അഞ്ചു മുതൽ പന്ത്രണ്ട് വർഷം വരെ ചൂരകൾ ജീവിക്കും
വിപണി
ആഗോള മത്സ്യ വിപണിയിൽ ചെമ്മീൻ കഴിഞ്ഞാൽ ഏറ്റവും വിറ്റുവരവുള്ള സമുദ്ര ഭക്ഷ്യവിഭവം ചൂരയാണ് . ജപ്പാനാണ് ചൂരയുടെ ഏറ്റവും വലിയ ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയടക്കം നിരവധി രാജ്യങ്ങൾ ചൂര കയറ്റുമതി ചെയ്യുന്നുണ്ട്. ക്യാനിൽ അടച്ചും, മരവിപ്പിച്ചും ചൂര അന്താരാഷ്ട്ര കമ്പോളത്തിൽ വിൽപ്പനയ്ക്ക് എത്തുന്നു.
കഷ്ണങ്ങളാക്കി പ്രെസെർവടിവുകൾ ചേർത്ത പാചകം ചെയ്യാൻ പാകത്തിൽ ചെറിയ റ്റിനുകളിലാക്കി ഗൾഫ് നാടുകളിലെ സൂപ്പർമാർകെട്ടിലും ഗ്രോസറി കടകളിലും ഇത് ലഭ്യമാണ്.
കേരളത്തിലും ഇന്ത്യയിലെ മറ്റുഭാഗങ്ങളിലും കാണുന്ന ചൂരകൾ
ചൂര Pacific bluefin tuna, Thunnus orientalis (Temminck & Schlegel, 1844)
പൂവൻ ചൂര Yellowfin tuna, Thunnus albacares (Bonnaterre, 1788)
വല്യചൂര, വൻചൂര Bigeye tuna, Thunnus obesus (Lowe, 1839)
കാരച്ചൂര Longtail tuna, Thunnus tonggol (Bleeker, 1851)
ടാക്സോണമി പ്രകാരം ചൂര (thunnus) വർഗ്ഗത്തിലെ അല്ലെങ്കിലും Scombridae കുടുംബത്തിലെ താഴെ പറയുന്ന മീനുകളെയും മലയാളത്തിൽ ചൂര എന്നും ആംഗലേയത്തിൽ ട്യൂണ എന്നും വിളിക്കുന്നു:
ഉരുളൻ ചൂര Bullet tuna Auxis rochei (Risso, 1810)
അയിലച്ചൂര, എള്ളിച്ചൂര Frigate tuna Auxis thazard (Lacepede, 1800)
ചൂര, *ചൂവ, ചൂര Little tunny (little tuna) Euthynnus alletteratus (Rafinesque, 1810),
ചൂര Skipjack tuna Katsuwonus pelamis (Linnaeus, 1758)
കേരളത്തിൽ കിട്ടുന്ന ചൂര മുഖ്യമായും മാംസത്തിന് കറുത്ത നിറമുള്ളതും വെളുത്ത നിറമുള്ളതും ആണ്. കറുത്തത് സൂതയെന്നും വെളുത്തത് 'കേദർ' എന്നും മലബാർ പ്രദേശങ്ങളിൽ അറിയപ്പെടുന്നു.
രുചി കുറഞ്ഞ മൽസ്യമായത് കൊണ്ട് കേരളത്തിൽ ഇതിന് വിലയും താരതമ്യേന കുറവാണ്. കേരളത്തിൽ മൽസ്യ വിപണിയിൽ കോഴിക്കോട് ഇത് ധാരാളമായി കണ്ടു വരുന്നു.
ചൂര കൃഷി
ചില രാജ്യങ്ങൾ ചൂര കൃഷി നടത്തുന്നുണ്ട് എങ്കിലും ഇന്ത്യയിൽ ഇത് നിലവിലായിട്ടില്ല. ചൂര കൃഷി ചെയ്യുന്ന സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിൽ അഗ്രഗണ്യമായ പങ്ക് ജപ്പാൻ വഹിക്കുന്നു
ചൂരയും ഡോൾഫിനും
നിരവധി ഇനം ചൂരകൾ കൂട്ടം ചേർന്ന് ഡോൾഫിൻ പറ്റങ്ങളോടൊത്താണ് സഞ്ചരിക്കാറ്. ഇവ തമ്മിലെ സൗഹൃദത്തെപ്പറ്റി വ്യക്തമായ ധാരണയില്ലെങ്കിലും ഡോൾഫിനും ചൂരയും ഒരേ തരം ചെറുമത്സ്യക്കൂട്ടങ്ങളെ വേട്ടയാടി തിന്നുന്നതിനാൽ ശബ്ദതരംഗങ്ങൾ ഉപയോഗിച്ച് മത്സ്യസങ്കേതൾ കണ്ടെത്താനുള്ള കഴിവ് (എക്കോലൊക്കേഷൻ) തങ്ങൾക്കുകൂടി പ്രയോജനപ്പെടാനാണ് ചൂരപ്പറ്റങ്ങൾ ഡോൾഫിൻ പറ്റങ്ങൾക്കൊത്ത് സഞ്ചരിക്കുന്നതെന്ന് കരുതപ്പെടുന്നു.
പഴ്സ് സീൻ വലകൾ ഉപയോഗിച്ച് ചൂരകളെ മത്സ്യബന്ധനം നടത്തുമ്പോൾ വ്യാപകമായി ഡോൾഫിനുകൾ വലയിൽപ്പെട്ട് മരിക്കുന്നതിനു ഇതു കാരണമാകുന്നു. അടുത്തകാലത്ത് ഡോൾഫിനുകൾക്ക് ഹാനികരമല്ലാത്ത മത്സ്യബന്ധനം പ്രചാരത്തിലെത്തുകയുണ്ടായി. പല വാണിജ്യ സ്ഥാപനങ്ങളും ക്യാൻ ചെയ്യുന്ന ട്യൂണയുടെ ലേബലിൽ "ഡോൾഫിൻ സൗഹൃദ രീതിയിൽ നിർമ്മിച്ചത്" എന്ന് ചേർക്കാറുണ്ട്.
വിഭവങ്ങൾ
ചൂര ഒട്ടുമിക്ക രാജ്യങ്ങളിലും പ്രിയപ്പെട്ട ഭക്ഷണമാണ്. ചൂര സലാഡ് , സാൻഡ്‌വിച്ച്, സ്റ്റീക്ക് ഗ്രിൽ തുടങ്ങിയവ ഇതിൽ പെടുന്നു. ജപ്പാനിൽ ചൂര സുഷി ഏറെ പ്രിയങ്കരമായ ഭക്ഷണമാണ്.
കേരളത്തിൽ ചൂര മുളകിട്ട കറി , വറുത്തരച്ച കറി, ഉലർത്തിയത്, തലക്കറി, വറ്റിച്ചത്, മപ്പാസ് തുടങ്ങിയ വിഭവങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. ക്യാൻ ചെയ്ത ചൂര കട്ട്‌ലെറ്റ് തുടങ്ങിയ വിഭവങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. ചൂര അച്ചാറും കേരളത്തിൽ പ്രചാരത്തിലുണ്ട്