അത്യുഷ്ണവും കുളമ്പുരോഗവുമാണ് കന്നുകാലികൾ നേരിടുന്ന പ്രധാന വെല്ലുവിളികൾ. ഇതിൽ നിന്നും പശുക്കളെ സംരക്ഷിക്കുന്നതിനായി ശ്രദ്ധിക്കേണ്ട ചില പ്രധാന മുൻകരുതലുകളെ പറ്റി അറിയാം. പശു പരിപാലനത്തിൽ തൊഴുത്ത് നിർമാണത്തിനും വാക്സിനേഷനും വളരെയധികം പ്രധാന്യം നൽകണം.
തൊഴുത്ത് നിര്‍മിക്കുമ്പോള്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
കന്നുകാലി തൊഴുത്തിന്റെ മേല്‍ക്കൂരയില്‍ ഓല, വൈക്കോല്‍, ചാക്ക് എന്നിവ ഇട്ടുകൊടുക്കുന്നത് ഒരു പരിധി വരെ തൊഴുത്തിന് ഉള്ളിലെ ചൂട് കുറയ്ക്കാൻ സഹായിക്കും. മേല്‍ക്കൂരയ്ക്ക് താഴെ താല്‍ക്കാലിക തട്ട് അടിയ്ക്കുന്നതും, മേല്‍ക്കൂര ഇടവിട്ട് നനച്ചുകൊടുക്കുന്നതും നല്ലതാണ്.
തെഴുത്തിനകത്ത് കാറ്റ് കേറുന്ന രീതിയിലായിരിക്കണം നിർമാണം. മാത്രമല്ല തൊഴുത്തിനു ചുറ്റും തണല്‍മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതും ചൂട് കുറയ്ക്കുന്നു. സൂര്യപ്രകാശം നേരിട്ട് തൊഴുത്തിനുള്ളില്‍ എത്താതിരിക്കാൻ മേല്‍ക്കൂരയുടെ ചായ്‌വ് 3 അടിവരെ നീട്ടിക്കൊടുക്കുന്നത് നല്ലതാണ്.
കുളമ്പുരോഗം പ്രതിരോധിക്കാൻ എന്തൊക്കെ ശ്രദ്ധിക്കാം
കന്നുകാലികളില്‍ ഉണ്ടാകുന്ന ഒരുതരം മാരകമായ വൈറസ് രോഗമാണ് കുളമ്പുരോഗം. കേരളത്തിൽ എരുമ, പന്നി, പശു, ആട്, ആന എന്നീ മൃഗങ്ങളിലാണ് കുളമ്പുരോഗം പ്രധാനമായും ബാധിക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ:ഇന്ത്യ ഹൈറേഞ്ച് മൗണ്ടൻ ലാൻഡ്സ്‌കേപ്പ് അനുഭവ വിജ്ഞാന വ്യാപന ശിൽപശാലയ്ക്ക് ഇന്ന് സമാപനം
നാവിലും മോണയിലും കുമിളകള്‍ ഉണ്ടാവുക, ശക്തമായ പനി എന്നിവയാണ് കുളമ്പുരോഗത്തിന്റെ മുന്നറിയിപ്പ്. വായിൽ കുമിളകൾ ഉണ്ടാകുന്നത് കാരണം മൃഗങ്ങൾക്ക് തീറ്റ കഴിക്കാൻ സാധിക്കാതെ വരുന്നു. തുടർന്ന് ഉമിനീര്‍ പുറത്തേക്ക് വരും. കാലുകളിലും കുളമ്പിനിടയിലും വ്രണങ്ങൾ ഉണ്ടാകുന്നത് മൂലം നടക്കാൻ ബുദ്ധിമുട്ടും വേദനയും ഉണ്ടാകും. ഈച്ചകളുടെ ശല്യം ഉണ്ടാകുന്നത് വ്രണങ്ങൾ കൂടുതൽ പഴുക്കാൻ കാരണമാകുന്നു. കന്നുകാലികളുടെ മുലക്കാമ്പിലും വ്രണങ്ങള്‍ ഉണ്ടാകും. ബോറിക് ആസിഡ് തേനിൽ ചേർത്ത് വായിലും വൃണങ്ങളിലും പുരട്ടുന്നത് നല്ലതാണ്.
മുൻകരുതലുകൾ
കൃത്യമായ സമയങ്ങളില്‍ പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നത് പ്രധാനമാണ്. ഓരോ ആറ് മാസം കൂടുമ്പോഴും കൃത്യമായി കുത്തിവയ്പ്പ് എടുക്കണം. കൃത്യമായ ഇടവേളകളിൽ എടുത്തില്ലെങ്കിൽ ഫലം ഉണ്ടാകില്ല. പശു കുട്ടികൾക്ക് നാലാം മാസം ആദ്യ കുത്തിവയ്പ്പ് എടുക്കണം. കൃത്യം ഒരു മാസം കഴിഞ്ഞ് അടുത്ത ഡോസും നല്‍കണം. ഏതെങ്കിലും തരത്തിലുള്ള രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയിൽ പെട്ടാൽ അതിനെ മറ്റ് മൃഗങ്ങളിൽ നിന്നും മാറ്റി വേണം ചികിത്സ നൽകാൻ. രോഗം ബാധിച്ച മൃഗങ്ങളെ ശുശ്രൂഷിക്കുന്നവർ കൈകളും വസ്ത്രങ്ങളും അണുവിമുക്തമാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ക്ഷീരോത്പന്ന നിര്‍മാണ വികസന പരിശീലനം
ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ വികസന പരിശീലന കേന്ദ്രത്തില്‍ വച്ച് ക്ഷീരോത്പന്ന നിര്‍മാണത്തില്‍ പത്ത് ദിവസത്തെ ക്ലാസ്സ് റൂം പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജൂലൈ 4 മുതല്‍ 15 വരെയാണ് പരിശീലനം നടക്കുക. പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ഓച്ചിറ ക്ഷീര പരിശീലന കേന്ദ്രം മുഖേന നേരിട്ടോ, ആലപ്പുഴ, കൊല്ലം ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ വഴിയോ, ബ്ലോക്ക് ക്ഷീര വികസന ഓഫീസര്‍മാര്‍ മുഖേനയോ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്‌ട്രേഷന്‍ ഫീസ് 135 രൂപയാണ്. ജൂലൈ 2ന് വൈകുന്നേരം 5 മണിക്ക് മുമ്പ് 8075028868, 9947775978, 0476 2698550 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണം. പരിശീലനത്തിനെത്തുന്നവര്‍ ആധാര്‍ കാര്‍ഡ്, കൊവിഡ് വാക്‌സിനേറ്റഡ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.