മുയൽ വളർത്തലിലൂടെ വീട്ടമ്മമാർക്ക് മാന്യമായ ഒരു വരുമാനം ഉണ്ടാക്കാവുന്നതാണ്. വലിയ അധ്വാനമൊന്നും മുയൽവളർത്തലിന് ആവശ്യമില്ല. തോട്ടത്തിലോ വീട്ടുമുറ്റത്തോ മുയൽകൂട് സ്ഥാപിക്കവുന്നതാണ്. പൊതുവേ ഇറച്ചിക്ക് വേണ്ടിയാണ് മുയലിനെ വളർത്താറ്. എന്നാൽ ഇതിൻറെ ചർമത്തിനും വളരെ ആവശ്യക്കാരുണ്ട്. മുയൽ വളർത്തൽ വരുമാനത്തോടൊപ്പം മനസ്സിന് സന്തോഷം തരുന്ന ഒരു പ്രവർത്തി കൂടിയാണ്.
എന്തുകൊണ്ടാണ് മുയൽ വളർത്തൽ ലാഭകരം ആകുന്നത് എന്ന് നോക്കാം. കൊഴുപ്പു കുറഞ്ഞ ഇറച്ചി ആണ് എന്നുള്ളത് കൊണ്ട് ആവശ്യക്കാർ കൂടുതലാണ്. ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം മുയൽ ഇറച്ചിയിൽ കാണപ്പെടുന്നു. ഹൃദ്രോഗികൾക്ക് അതുകൊണ്ടുതന്നെ ഇതു വളരെ ഉത്തമമായ ഭക്ഷണമാണ്.
പെറ്റുപെരുകുന്ന കാര്യത്തിലും മുയലുകൾ മുൻപന്തിയിലാണ്. മറ്റു മൃഗങ്ങളെ വളർത്തുന്നതിനേക്കാൾ മുതൽമുടക്ക് കുറവാണ് എന്നുള്ളതാണ് മറ്റൊരു ആകർഷണം. കൂടുതൽ സ്ഥലം ഇവയെ വളർത്താനായി കാണേണ്ടതില്ല എന്നും കൂട്ടത്തിൽ പറയേണ്ടതുണ്ട്.
കൂടു നിർമ്മാണത്തിനായി കമ്പി വലകളും മരവും ഉപയോഗിക്കാവുന്നതാണ്. വായുസഞ്ചാരമുള്ള കൂടുകളാണ് നിർമിക്കേണ്ടത്. മണ്ണിൽ നിന്നും ഒരു അടി പൊക്കമെങ്കിലും കൂടുകൾക്ക് ഉണ്ടായിരിക്കണം.കൂടുതൽ വൃത്തിയാക്കി സൂക്ഷിച്ചില്ലെങ്കിൽ രോഗങ്ങൾ പടരാൻ കാരണമാകും. ശുദ്ധജല ലഭ്യത കൂടിനുള്ളിൽ ഉറപ്പാക്കേണ്ടതുണ്ട്. വലിയ കൂടുകളാണ് അഭികാമ്യം.
മുയലുകളുടെ ഭക്ഷണം ക്യാരറ്റ് ക്യാബേജ് പയറുകൾ തുടങ്ങിയവയാണ്. ഇവയോടൊപ്പം കടല കടലപ്പിണ്ണാക്ക് എള്ളിൻ പിണ്ണാക്ക് എന്നിവയും നൽകണം. കുടിക്കാനായി ധാരാളം വെള്ളം എപ്പോഴും കൂട്ടിൽ കരുതണം.
ഇണചേരുന്ന കാര്യത്തിനെ കുറിച്ച് പറയുകയാണെങ്കിൽ ആൺ മുയലുകളെയും പെൺ മുയലുകളെയും വേറെ കൂട്ടിലാണ് വളർത്താറുള്ളതെങ്കിലും മദി ലക്ഷണങ്ങൾ കാണിക്കുന്ന സമയത്ത് അഞ്ച് പെൺ മുയലുകൾക്ക് ഒരു മുയൽ എന്ന രീതിയിൽ ഒരു കൂട്ടിൽ ആക്കണം. എട്ടു മുതൽ 12 മാസം വളർച്ചയുള്ള ആൺ മുയലുകളെ ആറു മുതൽ എട്ട് മാസം വരെ പ്രായമുള്ള പെൺ മുയലുകളുമായാണ് ഇണ ചേർക്കേണ്ടത്. മുയലുകളുടെ ഗർഭകാലം 28 മുതൽ 34 ദിവസം വരെയാണ്. ഒരു പ്രസവത്തിൽ ആറു മുതൽ എട്ടു കുട്ടികൾ വരെ വരെ ഉണ്ടാകാറുണ്ട്. പ്രസവിച്ച ഉടനെ കുട്ടികളെ തിന്നാൻ തള്ള മുയലുകൾ ശ്രമിക്കാറുണ്ട്. ഗർഭ കാലത്ത് മതിയായ ഭക്ഷണം കൊടുത്ത് ഈ പ്രവണത തടയവുനതാണ്. ആറു മാസമാകുമ്പോഴേക്കും കുഞ്ഞുങ്ങളെ മറ്റൊരു കൂട്ടിലേക്ക് മാറ്റണം.
ഓമനത്തമുള്ള മൃഗം ആയതിനാൽ ആരും അതിനെ താലോലിക്കാൻ ശ്രമിക്കും. അതുകൊണ്ടുതന്നെ മുയലിനെ എടുക്കുമ്പോൾ നല്ലവണ്ണം ശ്രദ്ധിക്കണം. കഴുത്തിലെ അയഞ്ഞ ഭാഗം പിടിചുയർത്തിയാണ് എടുക്കേണ്ടത്. അതേ സമത്തുതന്നെ ഇടതു കൈകൊണ്ട് പിൻഭാഗം താങ്ങുകയും ചെയ്യണം. ചെവി പിടിച്ച് ഉയർത്താൻ ശ്രമിക്കരുത്.
പാസ്ചുറെല്ലോസിസ് കോക്‌സീഡിയോസിസ് ചര്‍മരോഗങ്ങള്‍ തുടങ്ങിയവയാണ് മുയലുകളെ ബാധിക്കുന്ന രോഗങ്ങൾ. സമയത്ത് തന്നെ ചികിത്സിക്കുകയാണെങ്കിൽ മുയലുകളെ രക്ഷിക്കാവുന്നതാണ്