നല്ല ശ്രദ്ധയും അധ്വാനവും ആവശ്യമുള്ള സംരംഭമാണ് ഡയറി ഫാം. ഒരുദിവസം പോലും ഡയറി ഫാം നിര്‍ത്തിവെച്ചു വിശ്രമിക്കാനാവില്ല. ഡയറി ഫാം തുടങ്ങുന്നതിന് മുൻപ് ചില കാര്യങ്ങൾ മുൻകൂട്ടി അറിഞ്ഞിരിക്കേണ്ടത് വളരെ സഹായകമാകും. എന്തൊക്കെയാണെന്ന് നോക്കാം.
തെരഞ്ഞെടുക്കുന്ന സ്ഥലം വളരെ പ്രധാനമാണ്. പരമാവധി സ്ഥലം ഉപയോഗപ്പെടുത്തണം. തൊഴുത്ത്, തീറ്റപുല്‍കൃഷി, ബയോഗ്യാസ് പ്ലാന്‍റ്, കമ്പോസ്റ്റ് നിര്‍മ്മാണം, വളക്കുഴി എന്നിവയ്‌ക്കെല്ലാം സ്ഥലം ആവശ്യമാണ്. ചാണകം ഉണക്കി വിപണനം, പാല്‍ സംസ്കരണം, മൂല്യവര്‍ദ്ധിത ഉല്‍പന്ന നിര്‍മ്മാണം തുടങ്ങി അനേകം സാധ്യതകള്‍ ഡയറി ഫാർമിലുണ്ട്.
ഡയറിഫാം ലൈസന്‍സിംഗ് നടപടി ക്രമങ്ങള്‍ മനസ്സിലാക്കുക, മൃഗചികിത്സ സൗകര്യം ഉറപ്പാക്കുക. സംസ്ഥാന സര്‍ക്കാരിന്‍റെ പദ്ധതികള്‍ ലഭ്യമാക്കുന്നതിന് അനുബന്ധ ഓഫീസുകളുമായി ബന്ധപ്പെടുക. ബാങ്ക് ലോണ്‍ ആവശ്യമെങ്കില്‍ നബാര്‍ഡിന്‍റെ പദ്ധതികള്‍ (DEDS) ലഭ്യമാകുന്നതിനുള്ള സാധ്യതകളും കൂടി ബാങ്കില്‍ അന്വേഷിക്കാം.
കര്‍ഷകരുടെ വാട്സ്ആപ്, ഫേസ്ബുക്ക് കൂട്ടായ്മകളിലും ഭാഗമാകാം. ചിലവ് കുറച്ചു തീറ്റയും മറ്റ് ആവശ്യ വസ്തുക്കളും ഒന്നിച്ച് ഓര്‍ഡര്‍ ചെയ്ത് എടുക്കാനൊക്കെ ഇതു സഹായകമാണ്.
കാലിത്തീറ്റയാണ് വേറൊരു പ്രധാനപ്പെട്ട കാര്യം. കാലിത്തീറ്റ, പുല്ല്, വൈക്കോല്‍ എന്നിവ മാത്രം ഉപയോഗപ്പെടുത്താതെ ലഭ്യമായ എല്ലാ തീറ്റവസ്തുക്കളും പശുവിന് നല്‍കുന്നതാണ് കൂടുതൽ മെച്ചം. ആവശ്യമായ പോഷകങ്ങള്‍ പശുവിന് ലഭ്യമാക്കുന്ന രീതിയില്‍ വിപണിയില്‍ ലഭ്യമായ ചിലവ് കുറഞ്ഞ തീറ്റവസ്തുക്കള്‍ ശേഖരിച്ചു, തീറ്റ മിശ്രിതം സ്വയം തയ്യാറാക്കാം. ടി.എം.ആര്‍. തീറ്റയും മറ്റും ഇതൊക്കെതന്നെ.
ബന്ധപ്പെട്ട വാർത്തകൾ: ഒരു ചിലവുമില്ല ഈ ഇനം നാടൻ പശുക്കളെ വളർത്താൻ.
നല്ല പശുക്കളെ കണ്ടെത്തുന്നതാണ് ഏറ്റവും വലിയ ഒരു കടമ്പ. വിശ്വസ്തരായവര്‍ വഴി കേരളത്തിന് പുറത്തുനിന്നും പശുക്കളെ വാങ്ങാം. എവിടെനിന്ന് വാങ്ങിയാലും നിലവില്‍ നല്‍കിവരുന്ന തീറ്റ എന്താണെന്ന് അന്വേഷിക്കണം. എത്ര പാല്‍ കിട്ടുമെന്ന് മാത്രം ചോദിച്ചാല്‍ പോര. കുറച്ചുനാളത്തേക്ക് ആ തീറ്റ തന്നെ കൊടുത്ത്, പതിയെ നമ്മുടെ സാഹചര്യങ്ങളിലേക്ക് ഇണക്കി കൊണ്ടുവരുവാനും ശ്രദ്ധിക്കണം. നമ്മുടെ ഫാമില്‍ നല്ല സംരക്ഷണം കൊടുത്തു വളര്‍ത്തിയെടുക്കുന്ന പശുക്കുട്ടി തന്നെയാണ് നാളത്തെ മികച്ച കറവ പശു.
പാലിന് വിപണി കണ്ടെത്താന്‍ എളുപ്പം തന്നെയാണ്. പാല്‍ കറന്നെടുത്ത ഉടനെ മികച്ച രീതിയില്‍ പാക്ക് ചെയ്ത് അല്ലെങ്കില്‍ കുപ്പികളിലാക്കി ഫാം ഫ്രഷ് മില്‍ക്ക് എന്ന പേരില്‍ വില്‍ക്കാം. നഗരപ്രദേശങ്ങളില്‍ ഇതിന് വലിയ ഡിമാന്‍റ് തന്നെയുണ്ട്. തൈര്, നെയ്യ്, പനീര്‍, സിപ്-അപ് തുടങ്ങിയ ഉല്‍പന്നങ്ങള്‍ ആക്കുമ്പോള്‍ അധിക വില ലഭിക്കുകയും ചെയ്യും.
ഫാം ടൂറിസം ഇന്നത്തെ കാലഘട്ടത്തിന് അനുയോജ്യമായ സാധ്യതയാണ്. കുറച്ചു സ്ഥലം കയ്യിലുണ്ടെങ്കില്‍ നഗരത്തിലെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് സ്വസ്ഥമായി കുറച്ചുദിവസം ചെലവിടാന്‍ ആഗ്രഹിക്കുന്നവരെ ആകര്‍ഷിക്കുവാന്‍ ആകും. പക്ഷിമൃഗാദികളും, ഫലവൃക്ഷങ്ങളും, അരുവിയും, കുളവും, കിളികളുടെ കൊഞ്ചലുകളും, തണുത്ത കാറ്റും, നാടന്‍ ഭക്ഷണവും, വയലും, പാടങ്ങളും ആസ്വദിച്ചു മടങ്ങാന്‍ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്.