കേരളത്തിൽ കോഴി വളർത്തൽ ആദായകരമായ കൃഷി- വ്യവസായമാണെന്നതിൽ സംശയമില്ല. പ്രത്യേകിച്ച് കൊവിഡിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങി, കൃഷിയിലേക്ക് തിരിഞ്ഞവർ കോഴി വളർത്തലിനെയാണ് ആശ്രയിച്ചത്. മുട്ടയ്ക്കും ഇറച്ചിക്കും വേണ്ടി നമ്മൾ കോഴികളെ വളര്‍ത്തുന്നുണ്ട്. നാട്ടിൻ പുറങ്ങളിലാണെങ്കിൽ പോലും അത്യാധുനിക രീതികളും ഫാമുകളും പ്രത്യേക കൂടുകളും നിർമിച്ച് കോഴികളെ വളർത്തുന്നു. നല്ല ലാഭം ലക്ഷ്യമിട്ട് തുടങ്ങുന്ന ഇത്തരം കാർഷിക സംരഭങ്ങളിൽ നിന്ന് ആദായം ലഭിച്ചില്ലെങ്കിലോ? അതായത്, കോഴി കൃത്യമായി മുട്ടയിടുന്നില്ലെന്നുള്ള പരാതികൾ കർഷകർ പലപ്പോഴും പറയാറുണ്ട്.
ഇങ്ങനെയുള്ള പ്രശ്നങ്ങൾ വളരെ നിസ്സാരമായ കുറച്ച് കാര്യങ്ങളിൽ ശ്രദ്ധ നൽകി പരിഹരിക്കാനാകും. കോഴി കൃത്യമായി മുട്ട ഇടുന്നതിന് ശ്രദ്ധിക്കേണ്ടതെന്തെന്ന് നോക്കാം.
കോഴിക്കുഞ്ഞുങ്ങളെ വാങ്ങുമ്പോള്‍ തന്നെ അവയ്ക്ക് വിരമരുന്ന് നല്‍കുക. മാസം തോറും മരുന്ന് നല്‍കാനും ശ്രദ്ധിക്കണം. ഇവയ്ക്ക് നൽകേണ്ട മറ്റ് വാക്സിനുകളും കൃത്യമായി പാലിക്കുക. കോഴിയ്ക്ക് ഇലകള്‍ തീറ്റയായി നല്‍കുന്നത് നല്ലതാണ്. അതായത് മുരിങ്ങ, പാഷന്‍ ഫ്രൂട്ട്, പപ്പായയുടെ ഇടത്തരം പ്രായത്തിലുള്ള ഇലകൾ ചെറുതായി അരിഞ്ഞ് നല്‍കുക. കൂട്ടില്‍ അടച്ച് വളർത്തുന്ന കോഴികൾക്ക് ഇത് വളരെ പ്രയോജനകരമാണ്. കാരണം, ഇലകളിലൂടെ അവരുടെ ശരീരത്തിലേക്ക് പ്രോട്ടീനും വിറ്റാമിനുകളും എത്തും. ഇത് മുട്ട കൃത്യമായി ലഭിക്കാൻ സഹായിക്കുന്നു.
കോഴികൾക്ക് ഭക്ഷണത്തിലൂടെ മാത്രമല്ല പോഷകങ്ങൾ ലഭിക്കുന്നത്. അവ നല്ല രീതിയിൽ മുട്ട ഉൽപാദിപ്പിക്കണമെങ്കിൽ, ഒരു ദിവസം ശരാശരി 16 മണിക്കൂർ വെളിച്ചം നൽകണം. അതിനാൽ ഫാമുകൾ നിർമിക്കുമ്പോൾ ഇതുകൂടി പരിഗണിക്കണം.
ബന്ധപ്പെട്ട വാർത്തകൾ: കോഴിമുട്ടയോ ഇറച്ചിയോ! ശരീരത്തിന് ഏത് ഗുണം ചെയ്യും?
മുട്ട ഉൽപാദനത്തിന് സഹായിക്കുന്ന ശരീരത്തിലെ ഹോർമോണുകൾ പിറ്റ്യൂറ്ററി ഗ്രന്ധികളിൽ നിന്ന് ലഭ്യമാകുന്നതിന് 16 മണിക്കൂർ വെളിച്ചം അനിവാര്യമാണ്. ഇങ്ങനെ വെളിച്ചം ലഭിക്കാത്ത, മഴക്കാലത്ത് മുട്ട ഉൽപാദനം താരതമ്യേന കുറയാനിടയുള്ളതിനാൽ ഫാമുകളിൽ അതിരാവിലെയും വൈകുന്നേരങ്ങളിലും കുറച്ചു നേരം ബൾബുകൾ ഓൺ ആക്കി ഇടുന്നത് ഫലം ചെയ്യും.
ഇതിന് പുറമെ, ഇവയ്ക്ക് കൃത്യമായി വെള്ളം ലഭിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തണം. സൂര്യപ്രകാശം ആവശ്യമാണെങ്കിലും ബഹളം, ഉയർന്ന ചൂട് എന്നിവ മൂലമുണ്ടാകുന്ന സമ്മർദം മുട്ട കുറയാൻ കാരണമാകും.
കൂടുകളിൽ ആവശ്യമില്ലാതെ ആളുകൾ കയറി ഇറങ്ങുന്നതും, ബഹളം വയ്ക്കുന്നതും ഒഴിവാക്കുക. അതായത്, മനുഷ്യർ വലിയ സമ്പർക്കത്തിന് പോകരുത്.
കോഴികൾക്ക് ആഴ്ചയില്‍ മൂന്നു തവണ ഗോതമ്പ് നൽകുക. ഇത് വെള്ളത്തിലിട്ട് കുതിർത്ത് നൽകുന്നതാണ് നല്ലത്. തവിട് കൊഴച്ചു കൊടുക്കുന്നതും ഗുണം ചെയ്യും. കോഴിത്തീറ്റ, അരി, മീൻ വേസ്റ്റ്, കക്ക പൊടിച്ചത് എന്നിവ ഇടയ്ക്ക് നൽകുന്നതും നല്ലതാണ്.