തിലാപിയ മത്സ്യങ്ങളിൽ ആൺ മത്സ്യങ്ങൾ പെൺമത്സ്യങ്ങളേക്കാൾ വേഗത്തിൽ വളർന്നു തൂക്കം വയ്‌ക്കുന്നതിനാൽ ആൺ മത്സ്യങ്ങളെ കൃഷി ചെയ്യാനാണ് കർഷകർക്ക് കൂടുതൽ താത്പര്യം.
അതിനാൽ ഗിഫ്‌റ്റ് തിലാപിയ മത്സ്യക്കുഞ്ഞുങ്ങളെ വളർത്തുന്നതിന് കർഷകർക്ക് കൊടുക്കുന്നത് ആൺ മത്സ്യങ്ങളെ മാത്രമായിരിക്കും. കുറഞ്ഞ കാലയളവിൽത്തന്നെ പെട്ടെന്ന് വളർന്നു വിപണത്തിന് പാകമാകുന്ന തിലാപിയ മത്സ്യമാണിത്. ശരിയായ രീതിയിൽ തീറ്റ നൽകി വേണ്ടത്ര പരിപാലനം നടത്തി വളർത്തുകയാണെങ്കിൽ ഗിഫ്‌റ്റ് തിലാപിയ മത്സ്യങ്ങൾ 240 ദിവസത്തിനുള്ളിൽ ഒരു കിഗ്രാം വരെ തൂക്കം വരും. ഒരു കിലോഗ്രാം ഭാരമുള്ള ഒരു മത്സ്യം വളർത്തണമെങ്കിൽ ചുരുങ്ങിയത് 1.5 കിലോഗ്രാം തീറ്റ ആവശ്യമായി വരും. കുറഞ്ഞ സ്ഥലത്ത് കൂടുതൽ മത്സ്യങ്ങളെ കൃഷി ചെയ്യാൻ അനുയോജ്യമായതിനാൽ കൂട് കൃഷിക്കും ടാങ്ക് മത്സ്യകൃഷിക്കും അനുയോജ്യമാണ്.
എങ്ങനെ കൃഷി ചെയ്യാം?
- ഗിഫ്‌റ്റ് തിലാപിയ മത്സ്യങ്ങൾ പൊതു ജലാശയങ്ങളിൽ എത്തിയാൽ നാടൻ തിലാപിയ മത്സ്യങ്ങളുമായി പ്രത്യുത്പാദനം നടത്തുന്നതിനുള്ള സാധ്യത കൂടുതലാണ്. അതിനാൽ ഇവ സ്വാഭാവിക ജലാശയങ്ങളിലേക്ക് പോകുന്നത് തടയാൻ സർക്കാർ ലൈസൻസ് നിർബന്ധമാക്കിയിട്ടുണ്ട്. ലൈസൻസ് ലഭിക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള മത്സ്യവകുപ്പിന്റെ ജില്ലാ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.
-
100 രൂപയുടെ മുദ്രപത്രത്തിൽ തയ്യാറാക്കിയ അപേക്ഷ, സ്ഥലത്തിന്റെ കരമടച്ച രസീതും തിരിച്ചറിയൽ രേഖകളും സഹിതം വേണം സമർപ്പിക്കാൻ.
-
50 സെന്റിൽ അധികം വലിപ്പമുള്ള പാറമടകൾ, തനതായ ജലസ്രോതസുകളുമായി നേരിട്ട് ബന്ധപ്പെട്ടുകിടക്കാത്ത കുളങ്ങൾ, കൃത്രിമരീതിയിൽ ഒരു സെന്റ് വിസ്തൃതിയിൽ കുറയാതെ നിർമ്മിക്കുന്ന കുളങ്ങൾ എന്നിവയിൽ കൃഷി ചെയ്യുന്നതിനാണ് ലൈസൻസ് ലഭിക്കുക. ഇതിന് പുറമേ സിമന്റ് ടാങ്കിലും കൃഷി ചെയ്യാം.
-
കൃത്രിമ കുളങ്ങളിൽ കൃഷി നടത്തുമ്പോൾ മത്സ്യങ്ങൾക്ക് വേണ്ട തീറ്റ, ഓക്‌സിജൻ എന്നിവ സമയാസമയങ്ങളിലും കൊടുക്കണം. കൂടാതെ കുളങ്ങളിൽ ഉണ്ടാകുന്ന അവശിഷ്‌ടങ്ങൾ എല്ലാദിവസവും മാറ്റി വൃത്തിയാക്കുകയും വേണം.
മുൻ കരുതലുകൾ
-
കൃഷി ചെയ്യുന്നതിന് ഉദ്ദേശിക്കുന്ന സ്ഥലം വെള്ളപ്പൊക്ക സാദ്ധ്യതയുള്ള സ്ഥലം, പ്രധാന ജലസ്രോതസുകൾ എന്നിവ ആയിരിക്കരുത്
-
ആൺമത്സ്യങ്ങളെ മാത്രമേ കൃഷി ചെയ്യുന്നതിന് അനുവാദമുള്ളൂ
-
കൃഷി ചെയ്യാൻ തിരഞ്ഞെടുക്കുന്ന സ്ഥലം 50 സെന്റിന് മുകളിലും പത്ത് ഏക്കറിന് താഴെയും ആയിരിക്കണം
-
തുറന്നുവിട്ടിട്ടുള്ള കൃഷിക്ക് പത്തുഗ്രാം വലിപ്പമുള്ള കുഞ്ഞുങ്ങളെ മാത്രമേ ഉപയോഗിക്കുന്നതിന് അനുവാദമുള്ളൂ. ആയതിനാൽ ചെറിയ മത്സ്യകുഞ്ഞുങ്ങളെ പ്രത്യേകം തയ്യാറാക്കിയ കുളങ്ങളിലോ ടാങ്കുകളിലോ ചെറിയ കണ്ണിവലിപ്പമുള്ള വലകൾ (നൈലോൺ കൊണ്ട് നിർമ്മിക്കുന്ന ഹാപ്പാനെറ്റുകൾ) ഉപയോഗിച്ചോ പത്തുഗ്രാം വലിപ്പം ആകുന്നതുവരെ വളർത്തണം.
5. ഒരു ച. മീറ്റർ വിസ്‌തീർണത്തിൽ പരമാവധി അഞ്ചുമത്സ്യക്കുഞ്ഞുങ്ങൾ വരെയാണ് അനുയോജ്യം