തൃശൂർ: തൃശൂർ ജില്ലാ പഞ്ചായത്തിൻ്റെ 2023- 24 വർഷത്തെ ബജറ്റ് വൈസ് പ്രസിഡൻ്റ് ലത ചന്ദ്രൻ അവതരിപ്പിച്ചു. 134,01,50,422 രൂപ വരവും 133,33,10,000 രൂപ ചെലവും 68,40,422 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
കാർഷിക - അനുബന്ധ മേഖലയ്ക്കായി 10 കോടി രൂപയും ആരോഗ്യ-സേവന മേഖലകൾക്കായി 35 കോടി രൂപയും പശ്ചാത്തല മേഖലയുടെ വികസനത്തിനായി 40 കോടിയും ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്. ഗ്രാമീണ മേഖലയുടെ വികസനത്തോടൊപ്പം വിഭവസമാഹരണത്തിനും ഊന്നൽ നൽകിയാണ് ബജറ്റ് അവതരിപ്പിച്ചത്. ഭരണചെലവ് പരാമാവധി ലഘുകരിച്ച് കൂടുതൽ തുക വികസന പ്രവർത്തനങ്ങൾക്ക് ലഭ്യമാക്കുന്ന രീതിയിലാണ് ബജറ്റ് ആസൂത്രണം ചെയ്തത്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ജില്ലാപഞ്ചായത്തിന് ആസ്തി സൃഷ്ടിക്കുന്നതിനും ബജറ്റിൽ ഊന്നൽ നൽകിയിട്ടുണ്ട്.
ജില്ലാ പഞ്ചായത്തിൻ്റെ ധനസഹായത്തോടെ ആരംഭിക്കുന്ന തൊഴിൽ സംരംഭങ്ങൾ "സംരംഭ" എന്ന ബ്രാൻ്റിന് കീഴിലാക്കും. മൃഗസംരക്ഷണ വകുപ്പുമായി ചേർന്ന് മുന്തിയ ഇനം പശുക്കളുടെ ഫാം ആരംഭിച്ച് പാൽ, പാലുൽപ്പന്നങ്ങളും, മൂല്യവർധിത ഉൽപ്പന്നങ്ങൾ എന്നിവ ജില്ലാ പഞ്ചായത്തിന്റെ സ്വന്തം ബ്രാൻഡായി ഇറക്കാനും പദ്ധതിയുണ്ട്.
മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരമായി മാതൃക സൃഷ്ടിക്കാനൊരുങ്ങുകയാണ് ജില്ലാ പഞ്ചായത്ത്. തെരഞ്ഞെടുത്ത 29 പഞ്ചായത്തുകളിൽ ആരംഭിച്ച ശുചിപൂർണ പദ്ധതിക്ക് പരിപാടികൾ ആസൂത്രണം ചെയ്യും. ചേലക്കര ജില്ലാ കൃഷിത്തോട്ടത്തിൽ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിന് ഒരുകോടി രൂപ നീക്കിവെച്ചിട്ടുണ്ട്. കുടിവെള്ള വിതരണത്തിന് 3 കോടി രൂപ ജില്ലാ പഞ്ചായത്ത് വകയിരുത്തി.
ബന്ധപ്പെട്ട വാർത്തകൾ: മൃഗസംരക്ഷണ ക്ഷീരവികസന മേഖലയിൽ നഷ്ടപരിഹാരത്തിന് നടപടി: മന്ത്രി
കാൻസർ മുക്ത തൃശൂരിനായി ആരംഭിച്ച ക്യാൻ തൃശൂർ പദ്ധതിക്കായി 1.5 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. 2.5 കോടി രൂപയാണ് മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കുള്ള വിവിധ പരിപാടികൾക്കായി നീക്കിവെക്കുന്നത്.
ചേറ്റുവക്കോട്ട സൗന്ദര്യവത്കരണത്തിനും ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതിനും പദ്ധതിയുണ്ടാകും. പട്ടികജാതി കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനും ആദിവാസി ഊരുകളുടെ പുനരുദ്ധാരണത്തിനും വകയിരുത്തുന്നതിനു പുറമെ വിദൂര ആദിവാസി ഊരുകളിൽ നടപ്പാക്കുന്ന വിദ്യാതരംഗം പദ്ധതി തുടരുന്നതിനും ബഡ്ജറ്റ് വകയിരുത്തുന്നു.
മധ്യവേനലവധിക്കാലത്ത് വിദ്യാർത്ഥികൾക്കായി വിജ്ഞാന സാഗർ ശാസ്ത്ര സാങ്കേതിക പാർക്കിൽ ശാസ്ത്ര പരിശീലന ക്യാമ്പ് സംഘടിപ്പിക്കും. 12 ഡി തിയ്യറ്റർ സ്ഥാപിക്കുന്നതിനായി 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഡേവിസ് മാസ്റ്റർ അധ്യക്ഷനായി. സെക്രട്ടറി പി എസ് ഷിബു സ്വാഗതം പറഞ്ഞു. ബജറ്റ് ചർച്ചയിൽ ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ എസ് ജയ, ദീപ എസ് നായർ, എ വി വല്ലഭൻ, പി എം അഹമ്മദ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോസഫ് ടാജറ്റ്, വി എൻ സുർജിത്ത്, കെ വി സജു, ലീല സുബ്രഹ്മണ്യൻ, വി എസ് പ്രിൻസ്, ജെനീഷ് പി ജോസ്, ജിമ്മി ചൂണ്ടൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ രവി എന്നിവർ പങ്കെടുത്തു.