Updated on: 19 March, 2023 6:54 PM IST
ട്രോമകെയർ പരിശീലനത്തിന് ATELCയിൽ 25,000 ചതുരശ്ര അടിയിൽ പുതിയ സംവിധാനമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ട്രോമാകെയർ, എമർജൻസി മെഡിസിൻ മേഖലയിലെ വിപുലമായ പരിശീലന പദ്ധതിക്കായി തിരുവനന്തപുരത്തെ അപക്‌സ് ട്രോമ ആന്റ് എമർജൻസി ലേണിംഗ് സെന്ററിൽ (എ.ടി.ഇ.എൽ.സി) 25,000 ചതുരശ്ര അടിയിൽ പുതിയ സംവിധാനം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റും  തിരുവനന്തപുരം മെഡിക്കൽ കോളജിലെ എമർജൻസി മെഡിസിൻ വകുപ്പും ചേർന്ന് സംഘടിപ്പിച്ച പ്രഥമ കേരള എമർജൻസി മെഡിസിൻ സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ട്രോമകെയർ, എമർജൻസി മെഡിസിൻ മേഖലക്ക് സർക്കാർ നൽകുന്ന പ്രാധാന്യത്തിന്റെ ഉദാഹരണമാണ് 2021ൽ തിരുവനന്തപുരത്ത് പ്രവർത്തനം തുടങ്ങിയ എ.ടി.ഇ.എൽ.സി. 'ടാറ്റ ട്രസ്റ്റിന്റെ സ്‌പോൺസർഷിപ്പോടെ 25,000 ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടത്തിൽ തുടങ്ങിയ ഈ കേന്ദ്രത്തിൽ അഞ്ച് കോഴ്‌സുകളാണ് നടത്തുന്നത്. ഇവ കൂടുതൽ വിപുലീകരിക്കാനും കൂടുതൽ മികവുറ്റ പരിശീലനം നൽകാനുമായി പുതുതായി 25,000 ചതുരശ്ര അടി സ്ഥലം കൂടി അനുവദിക്കും. ട്രെയിനിങ് ഇൻ മിനിമം ആക്‌സസ് പ്രൊസീജിയർ സജ്ജീകരിക്കാൻ ആണിത്, ' മുഖ്യമന്ത്രി വ്യക്തമാക്കി.

ബന്ധപ്പെട്ട വാർത്തകൾ: സംസ്ഥാനത്തെ ആദ്യ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്റര്‍ പൊന്നാനിയില്‍

അപകടത്തിൽപ്പെട്ട് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുന്ന ആളുടെ ആദ്യ 48 മണിക്കൂറിലെ ചികിത്സാചെലവ് സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യരംഗത്ത് ലോകോത്തര മാതൃക സൃഷ്ടിച്ച കേരളം എമർജൻസി മെഡിസിൻ, ട്രോമകെയർ രംഗത്തും മുൻപന്തിയിലാണ്. ദേശീയ മെഡിക്കൽ മിഷന്റെ മാർഗനിർദേശങ്ങൾക്കനുസൃതമായി സ്വന്തം നിലയിൽ ട്രോമ പോളിസി ഡോക്യുമെന്റ് തയ്യാറാക്കി പ്രവർത്തിക്കുന്ന കേരളം ഈ മേഖലയിലെ നൂതന പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കാനുള്ള ശ്രമത്തിലാണ്.

ജില്ലാ, താലൂക്ക് തല ആശുപത്രികളിലെ എമർജൻസി ട്രോമകെയർ സംവിധാനങ്ങൾ ശക്തിപ്പെടുത്തൽ, അടിസ്ഥാനസൗകര്യം വർധിപ്പിക്കൽ, പുതിയ തസ്തിക സൃഷ്ടിക്കൽ എന്നിവ ധൃതഗതിയിൽ നടന്നുവരുന്നു.

തിരുവനന്തപുരം, കോഴിക്കോട് സർക്കാർ മെഡിക്കൽ കോളജുകളിൽ എമർജൻസി മെഡിസിൻ വകുപ്പ് ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. 106 പുതിയ തസ്തികകളാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ മാത്രം എമർജൻസി മെഡിസിൻ വിഭാഗത്തിൽ അനുവദിച്ചത്.

ബന്ധപ്പെട്ട വാർത്തകൾ: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നൂതന ബേൺസ് ഐസിയു യാഥാർത്ഥ്യമായി

തിരുവനന്തപുരം മെഡിക്കൽ കോളജിലെ എമർജൻസി മെഡിസിൻ വിഭാഗത്തെ മാതൃകാ വിഭാഗം ആയി ഉയർത്താനുള്ള നടപടിയിലാണ്. അത്യാധുനിക ഉപകരണങ്ങൾ ഉൾപ്പെടെ ഇവിടെ ലഭ്യമാക്കും.

സംസ്ഥാനത്തെ  ദേശീയപാതകളിൽ 315 അപകട മേഖലകൾ കണ്ടെത്തി അവ കേന്ദ്രീകൃത ആംബുലൻസ് നെറ്റ്വർക്കിലൂടെ ബന്ധിപ്പിച്ച കാര്യവും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആംബുലൻസുകൾ, തൊട്ടടുത്തുള്ള സർക്കാർ, സ്വകാര്യ ആശുപത്രികൾ, എന്നിവയെല്ലാം കേന്ദ്രീകൃത നെറ്റ്വർക്കിൽ ഉൾപ്പെടും.

അപകടം സംഭവിച്ചാൽ ഉടൻ തൊട്ടടുത്ത് പാർക്ക് ചെയ്ത ആംബുലൻസ് കുതിച്ച് എത്തുകയും രോഗിയെ സമയം നഷ്ടപ്പെടാതെ തൊട്ടടുത്ത ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിക്കുകയും ചെയ്യും.

ആശുപത്രികളിലെ അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികളുടെ അപകടാവസ്ഥ അനുസരിച്ച് ട്രയേജ് സമ്പ്രദായം നടപ്പാക്കി. കേരള ട്രോമ പോളിസി അനുസരിച്ച് ആശുപത്രികളിൽ റഫറൽ, ബാക്ക് റഫറൽ രീതികൾ ശക്തമായ നിലയിൽ നടപ്പാക്കാൻ പദ്ധതിയുള്ളതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ആശുപത്രികളിലെ അനാവശ്യ തിരക്ക് നിയന്ത്രിക്കാനാണിത്.

സുശക്തമായ പൊതുജന ആരോഗ്യമേഖല അടിത്തറയാക്കി ആരോഗ്യ രംഗത്ത് വൻ കുതിച്ചുചാട്ടം നടത്തിയ സംസ്ഥാനം ഇന്ന് ബയോടെക്‌നോളജി, വൈറോളജി, ജീനോമിക്‌സ് മേഖലകളിൽ കൂടുതൽ ഗവേഷണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആർദ്രം മിഷൻ വഴി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തിയത്, ജില്ലാ, താലൂക്ക് ആശുപത്രികളിൽ  സ്‌പെഷ്യാലിറ്റി സൗകര്യങ്ങൾ ഏർപ്പെടുത്തിയത്, ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാൻ പദ്ധതികൾ ആവിഷ്‌കരിച്ചത്... എല്ലാം ആരോഗ്യ രംഗത്തെ മികവിന് ഉദാഹരണങ്ങളാണ്. പരിപാടിയിൽ ആരോഗ്യമന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിച്ചു. കേരള എമർജൻസി മെഡിസിൻ സമ്മിറ്റ് പുതിയ ഒരു തുടക്കത്തിന്റെ നാന്ദി കുറിക്കലാണെന്ന് മന്ത്രി പറഞ്ഞു.

ചുരുങ്ങിയ സമയത്തിനുള്ളിൽ ഗുണമേന്മയുള്ള ചികിത്സ നൽകി രോഗിയുടെ ജീവൻ രക്ഷിക്കലാണ് ട്രോമാകെയറിന്റെ ലക്ഷ്യം. അത്യാഹിത വിഭാഗത്തിലെ ചികിത്സയിൽ മാറ്റങ്ങളുടെ തുടക്കം കുറിച്ചാണ് ആശുപത്രികളിലെ കാഷ്വാലിറ്റികളെ ട്രോമ ആൻഡ് എമർജൻസി കെയർ എന്ന് പുനർനാമകരണം ചെയ്തത്.

സംസ്ഥാന ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു, ലോകാരോഗ്യ സംഘടനാ പ്രതിനിധി പെയ്ഡൻ, ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ തുടങ്ങിയവർ സംസാരിച്ചു.

English Summary: 25,000 square feet new facility at ATELC for trauma care training: CM
Published on: 19 March 2023, 06:42 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now