1. PM KISAN SAMMAN NIDHIയിലൂടെ അനർഹരായ കർഷകർ തട്ടിയെടുത്തത് 43 കോടിയോളം രൂപ. ഛത്തീസ്ഗഡിലെ റായ്ഗഡ് ജില്ലയിലാണ് സംഭവം. വ്യാജ രേഖകൾ നൽകി 53,000 പേരാണ് ഓൺലൈൻ വഴി രജിസ്റ്റർ ചെയ്ത് ഭീമമായ തുക കൈക്കലാക്കിയത്. പദ്ധതിയുടെ ആദ്യഘട്ടം മുതൽ ഇത്തരത്തിൽ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. തട്ടിപ്പ് പുറത്തു വന്നതോടെ ആധാർ കാർഡ് വെരിഫിക്കേഷൻ, കർഷകരുടെ ഭൂമി സംബന്ധിച്ച വിവരങ്ങൾ എന്നിവ കൃഷി വകുപ്പ് പരിശോധന നടത്തി. ഇതോടെയാണ് വ്യാജ കർഷകരുടെ കണക്ക് പുറത്തുവന്നത്. ജില്ലയിലെ പുസോർ ബ്ലോക്കിൽ നിന്നുമാത്രം 23,379 പേരാണ് പണം നേടിയത്. അർഹതയില്ലാതെ തുക കൈപ്പറ്റിയ കർഷകർ മുഴുവൻ പണവും തിരികെ നൽകണമെന്ന് കൃഷിവകുപ്പ് അറിയിപ്പ് നൽകിയിരുന്നു. എന്നാൽ വെറും 53 ലക്ഷം രൂപ മാത്രമാണ് കഴിഞ്ഞ രണ്ട് വർഷത്തിനിടെ അനർഹരിൽ നിന്നും കൃഷിവകുപ്പിന് പിരിച്ചെടുക്കാൻ സാധിച്ചത്.
കൂടുതൽ വാർത്തകൾ: കോഴി വില കുറയുന്നു, തീറ്റവിലയിൽ മാറ്റമില്ല...കൂടുതൽ വാർത്തകൾ
2. പുതിയ തലമുറയെ കാർഷിക മേഖലയിലേക്ക് കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് കൃഷിമന്ത്രി പി പ്രസാദ്. പന്തളം കടയ്ക്കാട് ആത്മ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകര്‍ക്ക് മികച്ച വരുമാനം ഉറപ്പാക്കുന്നതിന് കാര്‍ഷിക ഉത്പന്നങ്ങളെ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റണമെന്നും ചക്ക, കൂവ, മുരിങ്ങയിലെ തുടങ്ങിയവയുടെ അന്തര്‍ദേശീയ വിപണി സാധ്യത പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അറിയിച്ചു.
3. ആലപ്പുഴ ജില്ലയിൽ റേഷൻകടകൾ വഴി നൽകുന്ന പുഴുക്കലരി വിഹിതം സർക്കാർ ഉയർത്തി. 50 ശതമാനം മുതൽ 60 വരെയാണ് വർധിപ്പിച്ചത്. ചെങ്ങന്നൂർ, മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകൾക്ക് 60 ശതമാനവും അമ്പലപ്പുഴ, ചേർത്തല, കുട്ടനാട് താലൂക്കുകൾക്ക് 50 ശതമാനവും പുഴുക്കലരി ലഭിക്കും. ഫോർട്ടിഫൈഡ് അരി വിതരണം അടുത്തമാസം ആരംഭിക്കും. ആദ്യഘട്ടത്തിൽ ചേർത്തല, അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകൾക്കാണ് പോഷിത അരി വിതരണം ചെയ്യുക. 5 മാസമായി റേഷൻ കടകളിൽ പച്ചരി മാത്രമാണ് ലഭിക്കുന്നത്.
4. ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെൽത്ത് കാർഡിന് ഫെബ്രുവരി 28 വരെ സാവകാശം അനുവദിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഭക്ഷ്യ സ്ഥാപനങ്ങളിലെ 60 ശതമാനത്തോളം ജീവനക്കാർ ഹെൽത്ത് കാർഡ് എടുത്തു എന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വിലയിരുത്തൽ. ബാക്കി വരുന്ന 40 ശതമാനം പേർക്ക് കൂടി ഹെൽത്ത് കാർഡ് എടുക്കാനുള്ള സാവകാശം പരിഗണിച്ചാണ് സമയം നീട്ടിയത്.
5. പത്തനംതിട്ട ജില്ലയിൽ കൊയ്ത്തുകാലം ആരംഭിച്ചു. സമയവും, പണവും ലാഭിക്കാൻ തൊഴിലാളികൾക്ക് പകരം യന്ത്രങ്ങൾ ഉപയോഗിച്ചാണ് ഇത്തവണത്തെ കൊയ്ത്തും മറ്റ് കാർഷിക പ്രവർത്തികളും നടത്തുക. ഓമല്ലൂർ, വള്ളിക്കോട്, കൊടുമൺ, പ്രമാടം, ആറന്മുള, കോഴഞ്ചേരി പഞ്ചായത്തുകളിലെ പാടശേഖരങ്ങളിലാണ് കൊയ്ത്ത് ആരംഭിച്ചത്. അപ്പർ കുട്ടനാട്ടിൽ കൊയ്ത്ത് തുടങ്ങാൻ ഒരുമാസംകൂടി വേണം. കഴിഞ്ഞ വർഷത്തെക്കാൾ കൂടുതൽ വിളവ് ഇത്തവണ ലഭിക്കുമെന്നാണ് കർഷകരുടെ പ്രതീക്ഷ.
6. തേനീച്ച പരിപാലന സര്‍ട്ടിഫിക്കറ്റ് കോഴ്‌സിൽ ചേരാൻ അവസരം. റബ്ബര്‍ബോര്‍ഡിന് കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങിന്റെയും റബ്ബറുത്പാദക സംഘങ്ങളുടെയും ആഭിമുഖ്യത്തിലാണ് കോഴ്സ് സംഘടിപ്പിക്കുന്നത്. ഒരുവര്‍ഷം വരെ നീണ്ടുനിൽക്കുന്ന കോഴ്സ് ഈ വർഷം മെയ് മുതൽ ആരംഭിക്കും. തേനീച്ചവളര്‍ത്തല്‍ പരിശീലകരായി ജോലി നേടുന്നതിനും, റബ്ബര്‍തോട്ടങ്ങളില്‍ തേനീച്ചകളെ വളര്‍ത്തി അധിക വരുമാനമുണ്ടാക്കുന്നതിനും ഈ കോഴ്‌സ് സഹായിക്കും. താല്‍പര്യമുള്ളവര്‍ക്ക് വിശദവിവരങ്ങള്‍ക്കായി അതതു പ്രദേശത്തെ റബ്ബര്‍ബോര്‍ഡ് ഓഫീസിലോ 04812353127, 7306464582 എന്നീ ഫോണ്‍ നമ്പരുകളിലോ, training@rubberboard.org.in എന്ന ഇ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.
7. തിരുവനന്തപുരം പട്ടം ക്ഷീരപരിശീലന കേന്ദ്രത്തില്‍ ‘ശുദ്ധമായ പാലുല്‍പാദനം’ വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. ഈ മാസം 20, 21 തീയതികളിലാണ് പരിശീലനം നടത്തുക. താല്പര്യമുള്ളവര്‍ ഫെബ്രുവരി 17ന് 5 മണിക്ക് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ ഫീസ് 20 രൂപയാണ്. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഓരോ ദിവസവും 150 രൂപ ദിനബത്തയും 100 രൂപ യാത്ര ബത്തയും നല്‍കും. പരിശീലനാര്‍ഥികള്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി, ബാങ്ക് പാസ് ബുക്കിന്റെ കോപ്പി എന്നിവ നൽകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ക്ഷീര പരിശീലന കേന്ദ്രം, പൊട്ടക്കുഴി റോഡ്, പട്ടം, പട്ടം പി ഒ., തിരുവനന്തപുരം 695004 എന്ന മേല്‍വിലാസിലോ, 0471 2440911 എന്ന ഫോണ്‍ നമ്പറിലോ principaldtctvm@gmail.com എന്ന ഇ -മെയില്‍ വിലാസത്തിലോ ബന്ധപ്പെടുക
8. രാജ്യത്ത് വിലക്കയറ്റം രൂക്ഷമാകുന്നു. പണപ്പെരുപ്പം ഉയർന്ന നിരക്കായ 6.52 ശതമാനത്തിലെത്തിയതായി ജനുവരിയിലെ കണക്കുകൾ സൂചിപ്പിക്കുന്നു. റിസർവ് ബാങ്ക് റിപ്പോ നിരക്ക് തുടർച്ചയായി വർധിപ്പിച്ചിട്ടും വിലക്കയറ്റം പിടിച്ചു കെട്ടാൻ സാധിക്കുന്നില്ല. ധാന്യങ്ങളുടെയും, പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണ സാധനങ്ങളുടെയും വില ഉയർന്നതാണ് പണപ്പെരുപ്പം വർധിച്ചതിന്റെ പ്രധാന കാരണമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഗ്രാമീണമേഖലയെ വിലക്കയറ്റം കൂടുതൽ ബാധിച്ചു. മേഖലയിൽ ഡിസംബറിൽ 6.05 ശതമാനമായിരുന്ന വിലക്കയറ്റം ജനുവരിയിൽ 6.85 ശതമാനമായി ഉയർന്നു.
9. ഷാർജയിലെ മെലീഹയിൽ നൂറുമേനി വിളഞ്ഞ് 400 ഹെക്ടർ ഗോതമ്പ് പാടം. മാർച്ച് മുതൽ വിളവെടുപ്പ് ആരംഭിക്കാനാണ് കർഷകരുടെ തീരുമാനം. പൂർണമായും ജൈവ രീതിയിലാണ് ഇവിടെ ഗോതമ്പ് കൃഷി നടത്തിയത്. മാർച്ച് 15നും 20നും ഇടയിൽ, 1700 ടൺ വരെ ഗോതമ്പ് വിളവെടുക്കാൻ സാധിക്കുമെന്നാണ് കർഷകരുടെ പ്രതീക്ഷ. വിളവെടുപ്പിനുശേഷം ഗോതമ്പ് മില്ലുകളിലേക്ക് അയക്കും. ശേഷം, മേയ്, ജൂൺ മാസത്തിൽ ഉൽപന്നങ്ങൾ വിപണിയിൽ ലഭ്യമാക്കാൻ സാധിക്കും. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനും, 2025ഓടെ 1400 ഹെക്ടർ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കാനുമാണ് ഷാർജ സർക്കാർ ലക്ഷ്യമിടുന്നത്.
10. പകൽച്ചൂടിൽ കേരളം ഉരുകുന്നു. കണ്ണൂർ ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില രേഖപ്പടുത്തിയത്. മലയോര മേഖലകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ പകൽച്ചൂട് 34 ഡിഗ്രി സെൽഷ്യസും, രാത്രി ചൂട് 25 ഡിഗ്രി സെൽഷ്യസുമാണ്. ഈ മാസം ആദ്യവാരം വരെ മാത്രമാണ് ശൈത്യം അനുഭവപ്പെട്ടത്. തുറന്ന പ്രദേശങ്ങളിൽ ജോലി ചെയ്യുന്നവർ സൂര്യഘാതം, നിർജലീകരണം എന്നിവ തടയാൻ മുൻകരുതൽ സ്വീകരിക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.