1. News

കോഴി വില കുറയുന്നു, തീറ്റവിലയിൽ മാറ്റമില്ല...കൂടുതൽ വാർത്തകൾ

ഫാമിൽ നിന്നും കോഴികളെ വിൽക്കുന്നത് നിലവിൽ 65 രൂപ നിരക്കിലാണ്

Darsana J

1. സംസ്ഥാനത്ത് ഇറച്ചിക്കോഴിയുടെ വില താഴുന്നു. ജനുവരി മുതലാണ് വിലയിടിവ് തുടങ്ങിയത്. ഫാമിൽ നിന്നും കോഴികളെ വിൽക്കുന്നത് നിലവിൽ 65 രൂപ നിരക്കിലാണ്. കോഴിയിറച്ചി വില കുറഞ്ഞിട്ടും കോഴിത്തീറ്റയ്ക്ക് വില കുറയാത്തത് കർഷകരെ പ്രതിസന്ധിയിലാക്കുന്നു. കേരളത്തിൽ കോഴി ഉൽപാദനം വർധിച്ചതും ഇറച്ചിക്ക് ആവശ്യക്കാർ കുറഞ്ഞതുമാണ് വിലയിടിവിന്റെ പ്രധാന കാരണമെന്ന് കർഷകർ പറയുന്നു. കോഴിക്കുഞ്ഞുങ്ങൾക്ക് 45 ദിവസം കൃത്യമായ പരിചരണം ആവശ്യമാണ്. ഒരു കോഴിയ്ക്ക് ഏകദേശം 3 കിലോ തീറ്റ നൽകണം. ഒരു കോഴിക്കുഞ്ഞിനെ ഫാമിൽ വളർത്തുന്നതിന് ഏകദേശം 100 രൂപ ചെലവ് വരും. ഇതിനുപുറമെ ഫാമുകളിൽ നിന്നും കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന കോഴികളെ കടകളിൽ നിന്നും നല്ല വിലയ്ക്കാണ് വിൽപന നടത്തുന്നത്. കടകളിൽ വില കുറഞ്ഞാൽ ആവശ്യക്കാർ കൂടുമെന്ന് കോഴിക്കർഷകർ പറയുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ഏകജാലക സംവിധാനം വഴി കർഷകർക്ക് ഫാം ലൈസൻസ് ലഭ്യമാക്കും: ക്ഷീരമന്ത്രി.. കൂടുതൽ വാർത്തകൾ

2. അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പാല്‍ പരിശോധന കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന ക്ഷീര സംഗമം പടവ് 2023 ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപഭോക്താക്കള്‍ക്ക് വിപണിയില്‍ ലഭ്യമാക്കുന്ന പാലിന്റെ ഭൗതിക-രാസ ഗുണനിലവാരം ഉറപ്പാക്കുന്നതിന് വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും വില നിയന്ത്രണം നടപ്പിലാക്കുന്നതിനും കാലിത്തീറ്റ ആക്ട് പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

3. ഔഷധി ഉത്പന്നങ്ങൾ സപ്ലൈകോ വഴി വിതരണം ചെയ്യാൻ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ. തൃശൂർ കുട്ടനെല്ലൂർ ഔഷധിയിൽ മുപ്പതോളം മരുന്നുകളുടെ നിർമ്മാണത്തിനാവശ്യമായ ആമ്പൽ കിഴങ്ങ് ലഭ്യമാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. കേരളത്തിലെ ഗ്രാമീണ മേഖലയിൽ പ്രവർത്തിക്കുന്ന 1000 റേഷൻ കടകൾ കേരള സ്റ്റോർ ആക്കി മാറ്റുമെന്നും, അക്ഷയ കേന്ദ്രം, ഗ്യാസ് ഏജൻസി, എടിഎം, സപ്ലൈകോ, മിൽമ, ഔഷധി തുടങ്ങിയവയുടെ സേവനങ്ങളും ഉത്പന്നങ്ങളും റേഷൻ കടകൾ വഴി ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

4. താമരയിൽ നിന്ന് മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കാൻ കൃഷിവകുപ്പ് പിന്തുണ നൽകുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. തവനൂർ കാർഷിക എൻജിനീയറിങ് കോളജിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. മൂല്യവർധിത കാർഷിക മിഷൻ യാഥാർഥ്യമാകുന്നതോടെ തിരുനാവായയിലെ താമര കർഷകരെ സഹായിക്കുമെന്നും ഭൗമസൂചിക പദവി ലഭിച്ച കൃഷി ഉൽപന്നങ്ങൾ ബ്രാൻഡ്ചെയ്ത് വിപണിയിൽ എത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

5. ആലപ്പുഴ ആര്യാട് ഗ്രാമപഞ്ചായത്തിൽ ചില്ലിഗ്രാമം പദ്ധതിക്ക് തുടക്കം. പദ്ധതിയുടെ ഉദ്ഘാടനം പിപി ചിത്തരഞ്ജന്‍ എം.എല്‍.എ നിർവഹിച്ചു. വീടുകളിലേക്ക് ആവശ്യമായ പച്ചമുളക് ഉത്പാദനം വര്‍ദ്ധിപ്പിക്കുക, കായികസംസ്‌കാരം പുതിയ തലമുറയ്ക്ക് പകര്‍ന്ന് നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തില്‍ 100 ജെ.എല്‍.ജികള്‍ക്കണ് പച്ചമുളക് തൈകള്‍ വിതരണം ചെയ്തത്. കൃഷി പരിശീലനം, വിപണനം എന്നിവ കുടുംബശ്രീയിലൂടെ ഉറപ്പാക്കി അതുവഴി പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുകയാണ് പഞ്ചായത്തിന്റെ ലക്ഷ്യം.

6. കേരളത്തിലെ മുഴുവൻ ജില്ലകളിലും കേരള ചിക്കൻ ഔട്ട്ലെറ്റുകൾ തുറക്കാനൊരുങ്ങി കുടുംബശ്രീ. നിലവിൽ 104 ഔട്ട്ലെറ്റുകളും 303 ബ്രോയ്ലർ ഫാമുകളും 8 ജില്ലകളിലായി പ്രവർത്തിക്കുന്നുണ്ട്. ഇതുവഴി പ്രതിദിനം 24,000 കിലോ ചിക്കൻ വിൽക്കുന്നുണ്ട്. എല്ലാ ജില്ലകളിലും 80 വീതം ഔട്ട്ലെറ്റുകൾ തുറക്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. കൂടുതൽ ഫാമുകളും ഔട്ട്ലെറ്റുകളും വരുന്നതോടെ കേരള ചിക്കന്റെ വരുമാനം 300 കോടിയിലെത്തുമെന്നാണ് പ്രതീക്ഷ.

7. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ഉള്ളൂർ കൃഷിഭവന്റെ നേതൃത്വത്തിൽ നെൽകൃഷി, ചെറു ധാന്യങ്ങൾ, ഫലവൃക്ഷത്തൈകൾ എന്നിവയുടെ നടീൽ ഉദ്ഘാടനം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ നിർവഹിച്ചു. ആക്കുളം കായലോരത്തോട് ചേർന്നുള്ള രണ്ടര ഏക്കർ സ്ഥലത്താണ് കൃഷി ആരംഭിച്ചത്.
സമഗ്ര കാർഷിക വികസന പദ്ധതിയുടെ ഭാഗമായി കിഴങ്ങുവർഗ്ഗ വിത്തുകൾ, ചെറുധാന്യ തൈകൾ, അലങ്കാര പുഷ്പചെടികൾ, ഫലവൃക്ഷത്തൈകൾ, സബ്സിഡി നിരക്കിലെ പോട്ടിംഗ് മിശ്രിതം നിറച്ച HDPE ചെടിച്ചട്ടികൾ, ജൈവവളങ്ങൾ, കുറ്റി മുല്ല എന്നിവയുടെ വിതരണവും സംഘടിപ്പിച്ചു.

8. കർഷകരെ സഹായിക്കാൻ ചാറ്റ് ജിപിടി അധിഷ്ഠിത വാട്സാപ്പ് ചാറ്റ് ബോട്ട് വികസിപ്പിക്കാനൊരുങ്ങി കേന്ദ്രം. കാർഷിക മേഖലയുടെ പുരോഗതിയ്ക്കായി സാങ്കേതിക വിദ്യ പ്രയോജനപ്പെടും വിധം പുത്തൻ പരീക്ഷണം നടത്താനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. സർക്കാരിന്റെ വിവിധ ആനുകൂല്യങ്ങൾ കർഷകരിലേക്ക് എത്തിക്കാനും, നേടാനും സാധ്യമാക്കുന്ന ഒരു വാട്സ്ആപ്പ് ചാറ്റ്ബോട്ട് സംവിധാനമാണ് ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം തയാറാക്കുന്നത്. കാർഷിക മേഖലയുമായി ബന്ധപ്പെട്ട എത് സംശയങ്ങൾക്കും കൃത്യമായി ഉത്തരം നൽകുന്ന ചാറ്റ് ജിപിടിയുടെ സേവനം കർഷകർക്ക് ഏറെ പ്രയോജനം ചെയ്യും.

9. നിത്യേപയോഗ സാധനങ്ങളുടെ വിലക്കയറ്റം പാകിസ്ഥാനിലെ സാധാരണക്കാരെ വലയ്ക്കുന്നു. ഒരു ലിറ്റർ പാലിന് 210 രൂപയും കോഴിയിറച്ചി കിലോയ്ക്ക് 700 മുതൽ 780 രൂപ വരെയുമാണ് വില. ക്ഷീര കർഷകരും മൊത്തക്കച്ചവടക്കാരും ഉയർന്ന വിലയാണ് പാലിന് ഈടാക്കുന്നത്. 1975ന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്. വിദേശ നാണ്യ ശേഖരം കുത്തനെ കുറഞ്ഞതും, 2022ൽ നേരിട്ട വെള്ളപ്പൊക്കവുമാണ് പാകിസ്ഥാന് തിരിച്ചടിയായത്.

10. കേരളത്തിൽ പകൽച്ചൂട് കനക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കണ്ണൂർ ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില രേഖപ്പടുത്തിയത്. മലയോര മേഖലകളൊഴികെയുള്ള പ്രദേശങ്ങളിൽ പകൽച്ചൂട് 34 ഡിഗ്രി സെൽഷ്യസും രാത്രി ചൂട് 25 ഡിഗ്രി സെൽഷ്യസുമാണ്. ഈ മാസം ആദ്യവാരം വരെ മാത്രമാണ് ശൈത്യം അനുഭവപ്പെട്ടത്. തുറന്ന പ്രദേശങ്ങളിൽ ജോലി ചെയ്യുന്നവർ സൂര്യഘാതം, നിർജലീകരണം എന്നിവയെ പ്രതിരോധിക്കാൻ മുൻകരുതലുകൾ എടുക്കണമെന്നാണ് കാലാവസ്ഥ വകുപ്പിന്റ നിർദേശം.

English Summary: chicken prices fall, feed prices remain unchanged in kerala

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds