മൺമറഞ്ഞുപോയ നമ്മുടെ നാടൻ തെങ്ങുകൾ തിരിച്ചുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് സ്മൃതി കേര പദ്ധതി പ്രകാരം ഒരുകോടി തെങ്ങിൻതൈകൾ കേരളത്തിലുടനീളം നടുന്നത് എന്ന് കൊല്ലം ജില്ലാതല സ്മൃതി കേര പദ്ധതി ഉദ്ഘാടനം ചെയ്യവേ സുരേഷ് ഗോപി എംപി പറഞ്ഞു.
ഒരു കോടി തെങ്ങുകളിൽ നിന്ന് പത്ത് വർഷം കഴിയുമ്പോൾ 20 കോടി കോടിയിലധികം തേങ്ങകൾ ഉൽപാദിപ്പിക്കാൻ കഴിയും. കേരളത്തിന് സാമ്പത്തിക മുന്നേറ്റം ഉണ്ടാക്കാൻ ഇത് വളരെ സഹായകമാകും. അന്താരാഷ്ട്രതലത്തിൽ തെങ്ങിൽനിന്ന് കാമ്പുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ വിപണനം ചെയ്യാൻ കേരളത്തിന് സാധിക്കണം.
അന്താരാഷ്ട്ര വിപണിയിൽ 10 വർഷത്തിന് ശേഷം തെങ്ങിന് ഒരു മൂല്യം ഉണ്ടാവാൻ ഒരു തുടക്കം എന്ന നിലയിൽ ആണ് ഒരുകോടി തെങ്ങിൻതൈകൾ കേരളത്തിലുടനീളം നട്ടുപിടിപ്പിക്കുന്ന ഈ പദ്ധതിയ്ക്ക് തുടക്കമിടുന്നത്. അതിൽനിന്ന് അഞ്ചോ ഒമ്പതോ വർഷം കൊണ്ട് ഒരു വളർച്ചയിലേക്ക് എത്തുക എന്ന ലക്ഷ്യമാണ് ഈ പദ്ധതിക്ക് ഉള്ളത്.
നാടൻ തെങ്ങിന്റെ ചിരട്ടയുടെ ബലം , തൊടിന്റെ ഫൈബർന്റെ ബലം, തടിയുടെ ബലം മറ്റേതെങ്കിലും ഇനം തെങ്ങുകളെക്കാൾ വളരെ മെച്ചപ്പെട്ടതാണ്.
അതിനാൽ കുറ്റ്യാടി പോലുള്ള നാടൻ ഇനം തെങ്ങുകൾ ഓരോ വീട്ടിലും ഓരോ കുട്ടിയും നട്ടു വളർത്തും എന്ന് ദൃഢപ്രതിജ്ഞ ഉണ്ടാവണം എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
തുടർന്ന് നരേന്ദ്രമോഡിയുടെ എഴുപത്തിയൊന്നാം ജന്മദിനം പ്രമാണിച്ച് 71 തെങ്ങിൻതൈകൾ വിതരണം ചെയ്തു. മുൻ മാതൃഭൂമി പത്രാധിപർ വെച്ചൂച്ചിറ മധു, കൗൺസിലർ സച്ചിദാനന്ദ ടീച്ചർ എന്നിവർക്കും തെങ്ങിൻ തൈകൾ സുരേഷ് ഗോപി എംപി നൽകുകയുണ്ടായി.
ജില്ലാ പ്രസിഡന്റ് ടി വി ഗോപകുമാർ അധ്യക്ഷത ചെയ്ത പരിപാടിയിൽ ബിജെപിയുടെ കൊല്ലം മണ്ഡലം പ്രസിഡന്റ് സാംരാജ് സ്വാഗതം പറഞ്ഞു. ബിജെപിയുടെ മേഖലാ പ്രസിഡണ്ട് സോമൻ, സംസ്ഥാന സെക്രട്ടറി രാജീവ് പ്രസാദ് തുടങ്ങി വിവിധ പ്രമുഖർ പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു.