കേരളത്തിൽ നിന്ന് ഇസ്രായേലിലേക്ക് ആധുനിക കൃഷിരീതി പരിശീലനത്തിന് അയച്ച സംഘത്തിൽ നിന്ന് ഒരാളെ കാണാനില്ല. കണ്ണൂർ ഇരിട്ടി സ്വദേശി ബിജു കുര്യനെയാണ് കാണാതായത്. നല്ല ഉദ്ദേശത്തോടെയാണ് കർഷക സംഘത്തെ ഇസ്രായേലിലേക്ക് അയച്ചതെന്നും ആസൂത്രിതമായി ബിജു കുര്യൻ സംഘത്തിൽ നിന്ന് മുങ്ങിയതാണെന്നും കൃഷിമന്ത്രി പി പ്രസാദ് പ്രതികരിച്ചു.
കൂടുതൽ വാർത്തകൾ: അര ലക്ഷം റേഷൻ കാർഡുകൾ മുൻഗണന വിഭാഗത്തിലേക്ക്; സൗജന്യ റേഷന്‍ അടുത്ത മാസം മുതല്‍
"കൃത്യമായ പരിശോധനകൾക്ക് ശേഷമാണ് കർഷകരെ തെരഞ്ഞെടുത്തത്, ആസൂത്രിതമായാണ് ബിജു കുര്യൻ മുങ്ങിയത്. എംബസിയിൽ പരാതി നൽകിയിട്ടുണ്ട്. സർക്കാരിനെ പ്രതിസന്ധിയിലാക്കിയതിന് നിയമനടപടികളെക്കുറിച്ച് ആലോചിക്കും", മന്ത്രി കൂട്ടിച്ചേർത്തു. 27 പേരടങ്ങുന്ന സംഘത്തെയാണ് ഈ മാസം 12ന് പരിശീലനത്തിനായി കൃഷിവകുപ്പ് ഇസ്രായേലിലേക്ക് അയച്ചത്. കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി അശോകിന്റെ നേതൃത്വത്തിലാണ് ഇവർ പോയത്.
സംഘം നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നതിന് ഇടയിലാണ് ബിജുവിനെ കാണാതായത്. തെരച്ചിൽ നടക്കുന്നതിനിടെ താൻ സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ട കാര്യമില്ലെന്നും ബിജു ഫോൺ വിളിച്ച് അറിയിച്ചിരുന്നു. തുടർന്ന് സംഘം ബിജുവിനെ കൂട്ടാതെ നാട്ടിലേക്ക് മടങ്ങി. സംഭവത്തിൽ ഇസ്രായേൽ പൊലീസ് അന്വേഷണം ആരംഭിച്ചതായി സംഘം അറിയിച്ചു.