1. നവജാതശിശുക്കൾക്ക് ജനനസർട്ടിഫിക്കറ്റിനൊപ്പം ആധാർകാർഡും ലഭ്യമാക്കാൻ പദ്ധതി വരുന്നു. പദ്ധതി എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതായാണ് വിവരം. നിലവിൽ രാജ്യത്തെ 16 സംസ്ഥാനങ്ങളിൽ ആധാറുമായി ബന്ധിപ്പിച്ച് ജനന രജിസ്ട്രഷൻ നടപ്പിലാക്കുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും നവജാതശിശുക്കൾക്ക് ആധാർ നമ്പർ നൽകുന്നതിനുള്ള സൗകര്യം, യുണീക് ഐഡൻറിഫികേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ഒരുക്കുമെന്നും റിപ്പോർട്ടുണ്ട്. അഞ്ച് വയസുവരെയുള്ള കുട്ടികളുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കില്ലെങ്കിലും അഞ്ച് വയസ് പൂർത്തിയാൽ ആധാർ പുതുക്കേണ്ടി വരും. കഴിഞ്ഞ വർഷം 20 കോടി ജനങ്ങൾ പുതുതായി ആധാർ എടുക്കുകയും വിവരങ്ങൾ പുതുക്കുകയും ചെയ്തു. പത്ത് വർഷം മുമ്പെടുത്ത ആധാർ കാർഡിലെ വിവരങ്ങൾ പുതുക്കണമെന്ന് യുണീക് ഐഡൻറിഫികേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ഈയിടെ അറിയിച്ചിരുന്നു. എന്നാൽ പുതുക്കൽ നിർബന്ധമാണെന്ന് അറിയിച്ചിട്ടില്ല.
ബന്ധപ്പെട്ട വാർത്തകൾ: സന്തോഷ വാർത്ത! PM KISAN 13 -ാം ഗഡു ഡിസംബറിൽ..കൂടുതൽ കൃഷിവാർത്തകൾ
2. കേരഗ്രാമം പദ്ധതിയുടെ ഗുണങ്ങൾ കർഷകർക്കും ലഭ്യമാക്കുമെന്ന് കൃഷിമന്ത്രി പി.പ്രസാദ്. തുണേരി ഗ്രാമപഞ്ചായത്തിലെ 'കേരഗ്രാമം' രണ്ടാം വർഷ പദ്ധതിയുടെ പ്രഖ്യാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വാർഡുതലത്തിൽ കർഷക കൂട്ടായ്മകൾ രൂപീകരിക്കണമെന്നും ഇതിലൂടെ മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കാൻ സാധിക്കണമെന്നും ചടങ്ങിൽ മന്ത്രി പറഞ്ഞു. തുണേരി ഗ്രാമപഞ്ചായത്തിലെ മികച്ച കർഷകനായി തെരഞ്ഞെടുത്ത പി.ബി കുഞ്ഞി മൂസ്സ ഹാജിയെ മന്ത്രി ആദരിക്കുകയും ചെയ്തു.
3. ഓപ്പറേഷൻ യെല്ലോ പദ്ധതിയിലൂടെ 6914 കാർഡുകൾ പിടിച്ചെടുത്ത് മുൻഗണനേതര വിഭാഗത്തിലേക്ക് മാറ്റിയതായി ഭക്ഷ്യമന്ത്രി ജി.ആർ അനിൽ. കൂടാതെ 1.18 കോടി രൂപ പിഴ ചുമത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ‘ഓപ്പറേഷൻ യെല്ലോ’ പദ്ധതി ആരംഭിച്ച ശേഷം ഒക്ടോബർ 31 വരെ ലഭിച്ചത് 6796 പരാതികളാണ്. പദ്ധതി ഡിസംബർ 31 വരെ തുടരും. ഇത്തരത്തിൽ അനർഹമായി സൂക്ഷിക്കുന്ന റേഷൻ കാർഡുകളെക്കുറിച്ചുള്ള വിവരങ്ങൾ 9188527301, 9188521967 നമ്പറുകളിൽ വിളിച്ച് നിങ്ങൾക്കും അറിയിക്കാം. അനധികൃതമായി മുൻഗണനാ റേഷൻകാർഡുകൾ സൂക്ഷിച്ചിരിക്കുന്ന ആളുകളിൽ നിന്നും കാർഡ് പിടിച്ചെടുക്കാൻ സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് ‘ഓപ്പറേഷൻ യെല്ലോ’.
4. കശുവണ്ടി വ്യവസായ മേഖലയിലെ പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ വിദഗ്ധ സമിതിയെ നിയോഗിച്ചതായി വ്യവസായമന്ത്രി പി. രാജീവ്. സംസ്ഥാന കശുവണ്ടി മേഖലയുടെയും കശുവണ്ടി വ്യവസായത്തിന്റെയും പുരോഗമനവും തൊഴിലാളികളുടെ മെച്ചപ്പെട്ട ജീവിത നിലവാരം എന്നിവ ഉറപ്പാക്കുന്നതിന് ആവശ്യമായ പദ്ധതികൾക്കുള്ള നിർദേശങ്ങളാണ് വിദഗ്ധ സമിതി നൽകേണ്ടത്. കശുവണ്ടി വ്യവസായത്തിന്റെ പുനരുജ്ജീവനത്തിനായി ബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന 35 കോടി രൂപ എങ്ങനെ കാര്യക്ഷമമായി ഉപയോഗിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ വിദഗ്ധ സമിതി പാക്കേജ് തയ്യാറാക്കുമെന്നും, കശുവണ്ടിയും മൂല്യവര്‍ധിത ഉൽപന്നങ്ങളും മത്സരാടിസ്ഥാനത്തില്‍ വിപണനം ചെയ്ത് എങ്ങനെ കൂടുതല്‍ ലാഭകരമാക്കാമെന്ന് കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു.
5. മൂല്യവർധിത ഭക്ഷ്യോൽപന്നങ്ങളുടെ ഉൽപാദത്തിൽ മാതൃകയായി കുമരകം കാർഷിക വിജ്ഞാന കേന്ദ്രം. മീൻ, പഴം, പച്ചക്കറി തുടങ്ങിയ ഭക്ഷ്യോൽപന്നങ്ങളിൽ നിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങൾ ഉൽപാദിപ്പിക്കുന്നതിനോടൊപ്പം ആവശ്യക്കാർക്ക് ഉത്പാദന രീതി സംബന്ധിച്ച പരിശീലനവും ഇവിടെ നൽകുന്നുണ്ട്. ഇത്തരത്തിൽ പരിശീലനം ലഭിക്കുന്നവർക്ക് സ്വന്തമായി മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ ചെറുകിട സംരംഭങ്ങളും നിർമാണശാലകളും തുടങ്ങുന്നതിന് മികച്ച വരുമാന മാർഗമാണ് കെ.വി.കെ ഒരുക്കുന്നത്. കാർഷിക വിജ്ഞാന കേന്ദ്രത്തിലെ കോമൺ ഫെസിലിറ്റേഷൻ സെന്റർ മുഖാന്തരമാണ് മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ ഉത്പാദനം സാധ്യമാക്കുന്നത്. കെവികെ ഡയറക്ടർ ഡോ. ജി ജയലക്ഷ്മിയുടേയും അക്വാകൾച്ചർ അസിസ്റ്റന്റ് പ്രൊഫസർ ഡോ ആർ. നവ്യയുടേയും നേതൃത്വത്തിലാണ് ഉത്പാദനവും പരിശീലനവും മുന്നോട്ട് പോകുന്നത്.
6. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി പൊന്നാനി ബ്ലോക്ക് പഞ്ചായത്തിൽ കാർഷിക യന്ത്രങ്ങളുടെ പ്രദർശനവും രജിസ്‍ട്രേഷൻ ക്യാമ്പും സംഘടിപ്പിച്ചു. കേരള സംസ്ഥാന കൃഷി വകുപ്പും പൊന്നാനി ബ്ലോക്ക് പഞ്ചായത്തും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. യന്ത്രവൽക്കരണത്തിലൂടെ കേരളത്തിലെ കാർഷിക ഉത്പാദനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ KAMCO വഴി നടപ്പാക്കുന്ന കാർഷിക യന്ത്രങ്ങളുടെ പ്രദർശനമാണ് നടന്നത്. ഗ്രൂപ്പുകൾക്ക് 80% സബ്‍സിഡിയിലും, വ്യക്തികൾക്ക് 50% സബ്‍സിഡിയിലുമാണ് യന്ത്രോപകരണങ്ങൾ ലഭ്യമാക്കിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്‌ണൻ പരിപാടി ഉദ്‍ഘാടനം ചെയ്തു.
7. പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ കേര രക്ഷ ക്യാമ്പയിൻ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. കർഷർക്കിടയിൽ ഉണ്ടായിരുന്ന പച്ചില വളപ്രയോഗം തിരിച്ചു കൊണ്ട് വരുന്നതിനായി പരിപാടിയിൽ ശീമക്കൊന്ന പത്തലുകൾ വിതരണം ചെയ്തു. 20 ഹെക്ടർ തെങ്ങിൻ തോട്ടങ്ങളിൽ വളപ്പയർ കൃഷിയും ശീമക്കൊന്ന നട്ടുപിടിപ്പിക്കലും നടത്തുകയാണ് കേര രക്ഷാ ക്യാമ്പയിന്റെ ലക്ഷ്യം. കൃഷി ഓഫീസർ നീതു സംയോജിത വളപ്രയോഗത്തിന്റെ പ്രാധാന്യം വിശദീകരിച്ചു.
8. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിൽ ക്ഷീരസംഗമം സംഘടിപ്പിച്ചു. ക്ഷീരവികസന വകുപ്പ്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്, മറ്റ് പഞ്ചായത്തുകള്‍, ക്ഷീരസംഘങ്ങള്‍, മില്‍മ, മൃഗസംരക്ഷണ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ക്ഷീരസംഗമം ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി വിളബംര ജാഥ, പൊതുസമ്മേളനം, മികച്ച ക്ഷീര കര്‍ഷകരെ ആദരിക്കല്‍, ക്ഷീരവികസന സെമിനാര്‍ എന്നിവ നടന്നു.
9. മത്സ്യഫെഡ് അദാലത്ത് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ കോട്ടയത്ത് തീർപ്പാക്കിയത് 87 അപേക്ഷകൾ. മത്സ്യതൊഴിലാളി ക്ഷേമത്തിനായി സംസ്ഥാന സർക്കാർ അനുവദിച്ച വിവിധ വായ്പാ പദ്ധതികളുടെ കുടിശ്ശിക തുക തീർപ്പാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി സംഘടിപ്പിച്ചത്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ നിർവഹിച്ചു. ജില്ലയിൽ IFDP പദ്ധതി വഴി 80 അപേക്ഷകളും ടേം ലോൺ പദ്ധതി വഴി ഏഴ് അപേക്ഷകളുമാണ് തീർപ്പാക്കിയത്.
10. പച്ച പുതയ്ക്കാനൊരുങ്ങി ഒമാനിലെ പ്രധാന നാച്ചുറൽ റിസർവ് മേഖലയായ വാദി സരീൻ. മസ്കത്ത് മുനിസിപ്പാലിറ്റിയും ആമിറാത്ത് വാലി ഓഫീസും ചേർന്ന് പ്രദേശത്ത് വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാൻ ഒരുങ്ങുകയാണ്. പരിസ്ഥിതി വിഭാഗം, ആമിറാത്ത് ചാരിറ്റി എന്നിവയുമായി സഹകരിച്ച് ആദ്യഘട്ടത്തിൽ നടുന്നത് 1,500 വൃക്ഷത്തൈകളാണ്. പ്രകൃതിസംരക്ഷണത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
11. കേരളത്തിൽ ഈ മാസം 11 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ എല്ലാ ജില്ലകളും ഗ്രീൻ അലർട്ടിലാണ്. അതേസമയം, കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.