Updated on: 4 December, 2020 11:18 PM IST
Dr.Ajit Peter

കോവിഡിനെ അതിജീവിച്ച ഡോക്ടര്‍ അജി പീറ്റര്‍

കോവിഡ് 19 നെ അതിജീവിച്ച ഡോക്ടര്‍.അജി പീറ്ററിന്റെ വാക്കുകള്‍ വലിയ ആത്മവിശ്വാസം നല്‍കുന്ന ഒന്നാണ്. ലോകം ഭയപ്പാടോടെ കാണുന്ന രോഗത്തെ ഭയത്തോടെയല്ല,തികഞ്ഞ ആത്മവിശ്വാസത്തോടെ വേണം നേരിടാനെന്ന് സ്വാനുഭവം വിവരിച്ച് ഡോക്ടര്‍ പറയുന്നു. ലണ്ടനിലെ ബ്രൂണല്‍ സര്‍വ്വകലാശാലയിലെ പരിസ്ഥിതിയും മനുഷ്യാരോഗ്യവും വിഭാഗത്തിലെ ശാസ്ത്രജ്ഞനാണ് അജിത് പീറ്റര്‍.(Dr.Ajit Peter,Environment &Human Helath scientist, Brunel University,London)

രോഗത്തിന്റെ തുടക്കം

2020 മാര്‍ച്ച് ആദ്യ വാരത്തില്‍ എനിക്ക് അസഹനീയമായ ഒരു തലവേദന വന്നു. സാധാരണയായി തലവേദന ഉണ്ടാകാത്ത ഒരാളാണ് ഞാന്‍. അതുകൊണ്ടുതന്നെ മരുന്നൊന്നും കഴിച്ചില്ല. രണ്ടാമത്തെ ദിവസമായപ്പോള്‍ തലവേദന സഹിക്കാന്‍ കഴിയാത്തവിധം കടുത്തു. അതോടെ മരുന്നു കഴിച്ചു തുടങ്ങി.എന്നിട്ടും ഒരുകുറവുമുണ്ടായില്ല. മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ എനിക്ക് സകല മാംസപേശികളും വേദനിക്കാന്‍ തുടങ്ങി.പിന്നീടത് സന്ധികളിലേക്ക് വ്യാപിച്ചു. തുടര്‍ന്ന് ശരീരമൊട്ടാകെ വേദന പടര്‍ന്നു. വെറും വേദനയല്ല, പറഞ്ഞറിയിക്കാന്‍ കഴിയാത്ത വേദന. ഇരിക്കാന്‍ വയ്യ, നില്‍ക്കാന്‍ വയ്യ,അസ്ഥികള്‍ പൊട്ടിപ്പോകുന്നപോലെ തോന്നുകയാണ്. നാല് ദിവസം കഴിഞ്ഞതോടെ ശരീരോഷ്മാവ് കൂടാന്‍ തുടങ്ങി. ചുമയും ആരംഭിച്ചു. അതോടെ കോവിഡ് 19 ആണെന്ന് സംശയം തോന്നി. ഉടനെ ആശുപത്രിയുമായി ബന്ധപ്പെട്ട് പരിശോധിച്ചു. പരിശോധനയില്‍ കോവിഡ് 19 ആണെന്ന് ഉറപ്പായി .14 ദിവസം വീട്ടില്‍ ഏകാന്തമായിരിക്കാനാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. ആരോഗ്യനില മോശമായാല്‍ ഹെല്‍പ്പ് ലൈന്‍ നമ്പരില്‍ ബന്ധപ്പെടാനും നിര്‍ദ്ദേശിച്ചു.
Honey,Pepper,Turmeric

മകളിലേക്ക് വ്യാപനം

അങ്ങിനെ ഞാന്‍ വീട്ടിലിരുപ്പായി. ചുമ തുടര്‍ന്നുകൊണ്ടേയിരുന്നു. ഒന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ശ്വാസം മുട്ടല്‍ ആരംഭിച്ചു. കോവിഡിലെ ഏറ്റവും നിര്‍ണ്ണായകമായ സമയം ഇതാണ്. ചിലര്‍ക്ക് ഒന്ന് രണ്ട് ദിവസം കഴിയുമ്പോള്‍ ശ്വാസംമുട്ട് കുറയും. അത് രോഗം വിട്ടുമാറാനുള്ള തുടക്കമാണ്. എന്നാല്‍ മറ്റു ചിലര്‍ക്ക് സാഹചര്യം വഷളാകും. ശ്വാസകോശത്തിലെ ഇന്‍ഫക്ഷന്‍ വര്‍ദ്ധിച്ച് വെന്റിലേറ്ററിലേക്ക് മാറ്റേണ്ടിവരും. എന്നാല്‍ എനിക്ക് ഓരോ ദിവസം കഴിയുമ്പോഴും രോഗം കുറയുകയായിരുന്നു. എന്നാല്‍ ഇതേ സമയത്തുതന്നെ ഭാര്യക്ക് രോഗലക്ഷണം തുടങ്ങി. എന്നാല്‍ കടുത്തില്ല. മുതിര്‍ന്ന രണ്ട് മക്കള്‍ക്കും ചെറിയ തോതില്‍ ലക്ഷണങ്ങള്‍ വന്നുപോയി. പ്രശ്‌നമുണ്ടായില്ല. എന്നാല്‍ ഏഴ് വയസുള്ള ഇളയ മകള്‍ക്ക് അങ്ങിനെയായിരുന്നില്ല. അവള്‍ക്ക് ലക്ഷണം തുടങ്ങി അധികം കഴിയുംമുന്നെ പനി തുടങ്ങി. 8-9 ദിവസം തുടര്‍ച്ചയായി 104-105 ഡിഗ്രിയില്‍ ചൂട് തുടര്‍ന്നു. പാരസെറ്റമോള്‍ കൊടുത്തിട്ടും കുറഞ്ഞില്ല. ആറ് ദിവസം കഴിഞ്ഞപ്പോള്‍ മൂക്കില്‍ നിന്നും രക്തം വരാന്‍ തുടങ്ങി. ആശുപത്രിയില്‍ വിളിച്ചു.ആംബുലന്‍സ് വന്നു. കോവിഡ് പ്രത്യേക കെയര്‍ യൂണിറ്റില്‍ കൊണ്ടുപോയി .സീനിയര്‍ ഡോക്ടറന്മാര്‍ പരിശോധിച്ചു.

Ginger and Lemon

രോഗപ്രതിരോധം പ്രധാനം

പരിശോധന കഴിഞ്ഞ് ഡോക്ടര്‍ പറഞ്ഞു, ഇവിടെ കുഞ്ഞിനെ കിടത്തി കഷ്ടപ്പെടുത്തേണ്ട. വീട്ടില്‍ കൊണ്ടുപൊയ്‌ക്കൊള്ളു, നാച്ചുറലായി ചെയ്യാവുന്നതൊക്കെ ചെയ്യുക. അവസ്ഥ മോശമാകുന്നുവെങ്കില്‍ എമര്‍ജന്‍സി നമ്പരില്‍ വിളിച്ചാല്‍ മതി. ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാനുള്ള ആഹാരം നല്‍കുക എന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. മഞ്ഞളും കുരുമുളകും തേനും ചേര്‍ത്ത് നിത്യവും കഴിക്കാന്‍ തുടങ്ങി. കുടിക്കാനുള്ള വെളളം ഇഞ്ചി ചതച്ചിട്ട് ഉണ്ടാക്കി. അതില്‍ നാരങ്ങകൂടി ചേര്‍ത്ത് ധാരാളമായി കുടിക്കാന്‍ തുടങ്ങി. ഭക്ഷണം നന്നായി കഴിച്ചു. വിവധയിനം പച്ചക്കറികള്‍ ചേര്‍ത്ത് സൂപ്പുണ്ടാക്കി അതില്‍ പയറുവര്‍ഗ്ഗങ്ങളും ചേര്‍ത്താണ് കഴിച്ചത്. ഇതോടെ മെല്ലെ മെല്ലെ ആരോഗ്യത്തിലേക്ക് തിരിച്ചെത്തി. എന്നാല്‍ എല്ലാവര്‍ക്കും ഇത് ഗുണപ്പെടും എന്നു ഞാന്‍ പറയില്ല. ജീവിതശൈലി രോഗങ്ങളൊന്നുമില്ലാത്ത, പൊതുവെ ആരോഗ്യമുളള ഞങ്ങളുടെ അനുഭവം പങ്കുവച്ചു എന്നു മാത്രം. ഓരോരുത്തരിലും ഓരോ രീതിയിലാകും രോഗാണു പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഡോക്ടറുടെ ഉപദേശത്തിനാകണം മുന്‍ഗണന. ഇമ്മ്യൂണിറ്റി വര്‍ദ്ധിപ്പിക്കുക എന്നതാണ് രോഗം വരാതിരിക്കാനോ കടുക്കാതിരിക്കാനോ ഗുണകരം.

ആത്മവിശ്വാസം പ്രധാനം

എല്ലാ രോഗലക്ഷണങ്ങളും എല്ലാവര്‍ക്കും വരണമെന്നില്ല. ഏതെങ്കിലും ഒരു ലക്ഷണം കണ്ടാല്‍തന്നെ ഏകാന്തവാസം തുടങ്ങണം. നമ്മള്‍ കാരണം മറ്റൊരാള്‍ക്ക് രോഗമുണ്ടാകരുത് എന്നതാകണം നമ്മുടെ ചിന്ത. 18 ദിവസമാണ് വീട്ടില്‍ കഴിഞ്ഞത്. ആരോഗ്യമുളള ഒരാളായിട്ടും ഞാന്‍ നന്നായി കഷ്ടപ്പെട്ടു. ഇത്തരം അവസ്ഥകളില്‍ നമുക്ക് ഭയം,ആധി,ഭീതി ,ആശങ്ക ഒന്നും ഉണ്ടാകാന്‍ പാടില്ല. ആത്മവിശ്വാസമാണ് വേണ്ടത്. ഞാന്‍ അതിജീവിക്കും എന്ന ആത്മവിശ്വാസം. മാനസികധൈര്യമുളളവര്‍ക്കേ മഹാവ്യാധികളെയും സങ്കടങ്ങളേയും അതിജീവിക്കാന്‍ കഴിയൂ എന്ന് എപ്പോഴും മനസ് പറഞ്ഞുകൊണ്ടിരിക്കണം. അതാണ് അതിജീവനത്തില്‍ പ്രധാനം. (കടപ്പാട് - Soulpost.org)
English Summary: Aji Peter who recovered from COVID 19 shares his experience
Published on: 17 April 2020, 01:25 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now