കാർഷിക വിളകൾക്കെല്ലാം അടിസ്ഥാനവില ഏർപ്പെടുത്തി കേരളം ബദൽ നിയമം നിർമിക്കും. പുതിയ കാർഷിക നിയമങ്ങളിൽ കേന്ദ്രം താങ്ങുവില ഉറപ്പാക്കാത്ത സാഹചര്യത്തിലാണിത്. കേന്ദ്ര നിയമഭേദഗതിയനുസരിച്ച് കേരളത്തിൽവന്ന് കാർഷികവിളകൾ വിലയിടിച്ച് വാങ്ങാതിരിക്കാൻ കാർഷികച്ചന്തകൾക്ക് നിയന്ത്രണം ഏർപ്പെടുത്തും.
രാജ്യവ്യാപകമായി കർഷകരുടെ പ്രക്ഷോഭം ക്ഷണിച്ചുവരുത്തിയ കേന്ദ്ര കാർഷികനിയമങ്ങൾക്ക് കേരളത്തിന്റെ ബദൽ നിയമം ജനുവരി എട്ടിനു ചേരുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിച്ച് പാസാക്കാൻ സർക്കാർ തീരുമാനിച്ചു. ഇതിനുള്ള പ്രാഥമിക രേഖയായി.
ശനിയാഴ്ച മന്ത്രി വി.എസ്. സുനിൽകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം നിയമത്തിന്റെ പ്രാഥമിക രൂപം ചർച്ചചെയ്തു. കാർഷികോത്പാദന കമ്മിഷണറുടെ നേതൃത്വത്തിലുള്ള ഉപസമിതി നിയമത്തിന്റെ കരട് തയ്യാറാക്കും. വിവിധ വകുപ്പുകളുമായി ചർച്ചചെയ്ത് നിയമത്തിന് അന്തിമരൂപം നൽകും. കർഷകസംഘടനകളുമായും ചർച്ചചെയ്യും.
ഈ വർഷം ഒക്ടോബറിൽ 16 ഇനം പച്ചക്കറികൾക്കും പഴങ്ങൾക്കും സർക്കാർ അടിസ്ഥാനവില നിശ്ചയിച്ചിരുന്നു. ഇതിന് നിയമസഭ നിയമം നിർമിച്ചിരുന്നില്ല. ഇവയ്ക്കുപുറമേ, എല്ലാതരം വിളകൾക്കും അടിസ്ഥാനവില നിയമത്തിന്റെ പരിരക്ഷയോടെ നടപ്പാക്കാൻ പുതിയ നിയമത്തിൽ വ്യവസ്ഥചെയ്യും.
കേരളം നെല്ലിനും കൊപ്രയ്ക്കും മാത്രമേ താങ്ങുവില ബാധകമാക്കിയിരുന്നുള്ളൂ. അതിനാലാണ് അഗ്രിക്കൾച്ചർ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റി (എ.പി.എം.സി.) നിയമം കേരളത്തിൽ നടപ്പാക്കാതിരുന്നത്.
എന്നാൽ, കാർഷികവിളകൾക്ക് അവശ്യസേവന നിയമം ബാധകമല്ലെന്നാണ് കേന്ദ്രത്തിന്റെ പുതിയ നിയമം. കേന്ദ്രനിയമം വന്നതോടെ എല്ലായിടത്തും എ.പി.എം.സി. നിയമം ഇല്ലാതാവും. ഇത് കേരളത്തെയും ബാധിക്കും. ഇവിടെവന്ന് ഉത്പന്നങ്ങൾ വിലയിടിച്ചുവാങ്ങാൻ കോർപ്പറേറ്റുകൾ തയ്യാറായാൽ അതു തടയാനാണ് കാർഷികച്ചന്തകൾക്കും സംഭരണത്തിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.
കേരളത്തിൽ ഇപ്പോൾ രജിസ്റ്റർചെയ്ത 700-ഓളം കാർഷിക ഉത്പന്ന സംഭരണ കേന്ദ്രങ്ങളുണ്ട്. ഇവയ്ക്കെല്ലാം അടിസ്ഥാനവില ഉറപ്പാക്കി മാത്രമേ സംഭരണം നടത്താനാവൂ. കൃഷിവകുപ്പിന്റെ ചന്തകൾക്കും ഈ നിയന്ത്രണം കൊണ്ടുവരും.