(എഴുതിയത് : ശ്രീ.സാബു A C, അസിസ്റ്റൻ്റ് എൻജിനീയർ, ദ്യുതി പ്രോജെക്ട് മോണിറ്ററിംഗ് ഡിവിഷൻ, എറണാകുളം)
ഇത് പലരുടെയും വീട്ടിൽ സംഭവിക്കുന്നത്, നമ്മുക്ക് തന്നെ തിരിച്ചറിയാം.
ലൈറ്റ് മിന്നി നിൽക്കെ 'ടിക്ക്' എന്ന ശബ്ദത്തോടെ RCCB ട്രിപ്പായി (ഇ എൽ സി ബി എന്നാണ് നാമെപ്പോഴും വിളിക്കാറ്). വീട്ടിലെ വൈദ്യുതി ബന്ധം വിച്‌ഛേദിക്കപ്പെടുന്നു. അങ്ങനെ വരുമ്പോൾ ചെയ്യാവുന്ന ചില കാര്യങ്ങൾ.
ഹാളിലോ, എല്ലാവരുടെയും ശ്രദ്ധ എത്തുന്ന സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള പ്രധാന ഡി.ബിയിലെ എല്ലാ MCB സ്വിച്ചും ഓഫാക്കിയ ശേഷം ഇഎൽ സി ബി യുടെ റീസെറ്റ് ബട്ടൺ പുഷ് ചെയ്ത് ELCB ഓണാക്കി നോക്കു, ELCB ഓണാകും. എന്നിട്ട് ഓരോ MCB യും ഓണാക്കി നോക്കണം. അപ്പോൾ ഏതൊരു സർക്യൂട്ടിലാണോ എർത്ത് ലീക്കേജ് ആ MCB മാത്രം ഏതെന്ന് അറിയാം. ആ സർക്യൂട്ടുമായി ബന്ധപ്പെട്ട MCB ഓണാക്കുമ്പോൾ ELCB ട്രിപ്പാവുന്നു. അതനുസരിച്ച് കണ്ടെത്തുന്ന ഒരു MCB യിലെ എല്ലാ ഉപകരണങ്ങളും സ്വിച്ച് ബോർഡും പരിശോധിച്ച് നമ്മുക്ക് തന്നെ തകരാർ കണ്ടെത്താം.
മഴക്കാലത്തെ വലിയ ഒരു പ്രശ്നമാണ് അടിക്കടി ഇ എൽ സി ബി ട്രിപ്പാവുക എന്നത്. തറനിരപ്പിൽ നിന്നും ഏറ്റവും താഴെയുള്ളതും, പിന്നെ പിന്നെ, മുകളിലുള്ളതുമായ സ്വിച്ച് ബോർഡുകളിൽ വന്ന് തങ്ങൾക്ക് കൂട്ടിലേക്കാവശ്യമുള്ള പിവിസി ആവരണം കാർന്ന് എടുക്കുന്ന ഉറുമ്പുകൾ ആണ് ഇതിന് പ്രധാനകാരണക്കാർ.
ഉറുമ്പുകൾ സ്വിച്ച് ബോർഡിനകത്ത് കടക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്ന കൽപ്പൊടി, മണ്ണ്, തേക്ക് പൊടി എന്നിവ തുരന്നെടുത്ത് അകത്തുകയറി അവയൊക്കെ സ്വിച്ച് ബോർഡിൽ തന്നെ ചേർത്ത് വയ്ക്കുന്നു എന്നിട്ട് പി വി സി ആവരണമുള്ള ചെമ്പ് കമ്പികളിൽ നിന്നും പിവിസി മാത്രം കാർന്നെടുത്ത് ഉറുമ്പുകൾ പുറത്തിറങ്ങുന്നു.
നമ്മൾ സ്വിച്ച് ബോർഡ് അഴിച്ചു നോക്കുമ്പോൾ പല സൈഡിലും മരക്കഷണങ്ങൾ പകുതി മാത്രമേ ബാക്കിയുണ്ടാവൂ. മറ്റുള്ളവ ഉറുമ്പും, പിന്നെ നനവാൽ ദ്രവിച്ചിരിക്കുകയും ആയിരിക്കാം. അതു വഴി ഇലക്ട്രോണുകൾ ഉറവിടത്തിലേക്ക് ഇടയ്ക്കിടയ്ക്ക് പോകുമ്പോഴാണ് ELCB ട്രിപ്പാകുന്നതിന് ഒരു കാരണം.
മഴ പെയ്ത് ഈർപ്പം കയറിയ തേക്ക് - മൺതരികളിലൂടെ പതിയെ പതിയെ ഉറുമ്പ് കവർന്നെടുത്ത സുരക്ഷാ ആവരണം നഷ്ടമായ ചെമ്പുകമ്പികളുമായും പിന്നെ ഭൂമിയുമായും സ്വിച്ച് ബോർഡിൽ വച്ച് നമ്മുടെ വൈദ്യുതി സമ്പർക്കത്തിലാവുന്നു. ഇത് ചെമ്പ് കമ്പികളിലെ ഇലക്ട്രോൺ കണികകൾക്ക് എളുപ്പം ഒരു സഞ്ചാര പഥമൊരുക്കുകയും ചെയ്യുന്നു.
വൈദ്യുതി സുരക്ഷ എന്നത് മറ്റ് മാർഗ്ഗങ്ങൾ ഇല്ലാത്തതിനാൽ ജീവ മന്ത്രം ആയതിനാൽ ഇടയ്‌ക്കെങ്കിലും വീട്ടിലെ വയറിംഗും അനുബന്ധമായിട്ടുള്ള എല്ലാ സ്വിച്ച് ബോർഡുകളും തുറന്ന് അകത്തെ തരികളും പൊടികളും മറ്റും ഉണ്ടെങ്കിൽ അവ എടുത്ത് കളഞ്ഞ് എപ്പോഴും സുരക്ഷിതമാക്കി വയ്ക്കാം.
മഴക്കാലത്ത് 500 വോൾട്ട് ഇൻസുലേഷൻ ടെസ്റ്ററിനാൽ വീട്ടിലെ വയറിംഗ് സുരക്ഷിതമാണെന്നും വൈദ്യുതിയിൽ നിന്നുള്ള അപകടം നമുക്കും നമ്മുടെ വീട്ടിലെ ഉപകരണങ്ങൾക്കും ഉണ്ടാവില്ല എന്നും ഉറപ്പു വരുത്തുക.
അത് ഒരു വൈദ്യുതി പ്രവാഹത്തിന് കാരണമാകുകയും നമ്മൾ എർത്തായി പോയി എന്ന് പറയുന്ന അവസ്ഥയിൽ ആകുകയും ചെയ്യുന്നു. ഈ എർത്തായി പോയ വൈദ്യുതി പ്രവാഹം എനർജി മീറ്ററിൽ രേഖപ്പെടുത്തുകയും, ELCB ഉണ്ടെങ്കിൽ അത് ട്രിപ്പ് ആകുകയും ചെയ്യും. കേടായ ELCB ആണെങ്കിൽ / ELCB ഇല്ലെങ്കിൽ, സ്വിച്ച് ബോർഡ് സ്ഥാപിച്ചിട്ടുള്ള ഭിത്തികളിൽ തൊട്ടാൽ ഭൂമിയിലേക്ക് വൈദ്യുതി പ്രവഹിക്കുമ്പോൾ തൊടുന്നവർക്ക് എളിയ രീതിയിലോ കടുത്തതോ ആയ വൈദുതി ആഘാതം സംഭവിക്കുകയും ചെയ്യുന്നു.
കണ്ടു പിടിക്കാൻ ഏറെ വൈഷമ്യമുള്ളതും ഏറെ അപകടകാരിയുമാകാവുന്ന മേൽ അവസ്ഥ ഉണ്ടാകാതിരിക്കാൻ ലൈസൻസുള്ള ഒരു നല്ല ഇലക്ട്രീഷ്യൻ്റെ അറിവും സഹായവും ഉപയോഗിക്കുക.