കേരളത്തില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് സംസ്ഥാന തൊഴില്‍ വകുപ്പ് നടപ്പാക്കിയ സൗജന്യ ആരോഗ്യ-അപകട ഇന്‍ഷുറന്‍സ് പദ്ധതിയാണ് 'ആവാസ്'.
അപകട ഇൻഷുറൻസിന് 58 ലക്ഷം രൂപ
സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ വിവരശേഖരണവും, രജിസ്‌ട്രേഷനും, തിരിച്ചറിൽ കാർഡും ആരോഗ്യ പരിരക്ഷയും ലക്ഷ്യമിട്ടാണ് ആവാസ് ഇൻഷുറൻസ് പദ്ധതി ആരംഭിച്ചത്. പദ്ധതിയിൽ ഇതുവരെ 5,16,320 പേർ രജിസ്റ്റർ ചെയ്തു. ഇതിൽ 88 പേർ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ ഉള്ളവരാണ്. 4,89,716 പുരുഷ തൊഴിലാളികളും 26,516 വനിതാ തൊഴിലാളികളും രജിസ്റ്റർ ചെയ്തു.
ബന്ധപ്പെട്ട വാർത്തകൾ: പ്രവാസി ഭദ്രത പദ്ധതി; വയനാട്ടിൽ ആദ്യ ഗഡു അനുവദിച്ചു
അപകട ഇൻഷുറൻസായി നൽകിയത് 58 ലക്ഷം രൂപയാണ്. തൊഴിലിടങ്ങളിൽ അപകടം സംഭവിച്ച 29 പേർക്ക് രണ്ട് ലക്ഷം രൂപ വീതമാണ് ഇതുവരെ നൽകിയത്. 326 അതിഥി തൊഴിലാളികൾക്ക് ചികിത്സാ സഹായമായി 20,02,338 രൂപ അനുവദിച്ചു. അംഗ വൈകല്യം സംഭവിച്ച ഒരാൾക്ക് 50,000 രൂപയും പദ്ധതി വഴി ലഭിച്ചു. ചികിത്സാ പദ്ധതിയിൽ പ്രസവ സംബന്ധമായ ചികിത്സയും ഉൾപ്പെടുത്തിയിട്ടുണ്ട്. 2017 നവംബർ ഒന്നിനാണ് പോർട്ടൽ ആരംഭിച്ചത്.
25 തൊഴിൽ മേഖലകൾക്ക് സഹായം
തൊഴിൽ മേഖലകളിൽ ഉള്ളവരെ 25 വിഭാഗങ്ങളായി തരംതിരിച്ച് പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ ഹെൽപർമാരായി ജോലി നോക്കുന്നവർ, കൽപ്പണിക്കാർ, കാർപെന്റർമാർ, പ്ലംബർമാർ എന്നിവരും ഇതിൽ ഉൾപ്പെടും.
രജിസ്റ്റർ ചെയ്യുന്നതിന് ആധാർ കാർഡ് നിർബന്ധമില്ല. ഫോട്ടോ പതിച്ച ഏതെങ്കിലും തിരിച്ചറിയൽ കാർഡ് മതിയാകും. തൊഴിലാളികളുടെ ബയോമെട്രിക് വിവരങ്ങളും രേഖപ്പെടുത്തും. ഇൻഷുറൻസിന് അർഹരായവരുടെ വിവരങ്ങൾ ജില്ലാ ലേബർ ഓഫീസറാണ് തൊഴിൽ വകുപ്പിനെ അറിയിക്കുന്നത്.
കേരളത്തിൽ എത്തിയ ശേഷം അതത് ജില്ലകളിലെ ഫെസിലിറ്റേഷൻ സെൻററുകളിലെത്തിയാൽ അതിഥി തൊഴിലാളികൾക്ക് ആവാസ് രജിസ്‌ട്രേഷൻ പൂർത്തിയാക്കി ചികിത്സാ കാർഡുകൾ വാങ്ങാം.
ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണത്തിനായി അതിഥി പോർട്ടലും തൊഴിൽ വകുപ്പ് ആരംഭിച്ചിട്ടുണ്ട്.
2016-17 വർഷത്തിൽ 29,397 രോഗികൾക്കായി 13 കോടിയുടെയും, 2017-18 വർഷത്തിൽ 35733 രോഗികൾക്കായി 16 കോടിയുടെയും സൗജന്യ ചികിത്സ നൽകിയിരുന്നു. സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിൽ നിന്നും, ആവാസ് പദ്ധതിയിൽ എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രികളിൽ നിന്നും പദ്ധതി വഴി ചികിത്സാ സഹായം ലഭിക്കും. സംസ്ഥാനത്തെ എല്ലാ ഇതര സംസ്ഥാന തൊഴിലാളികളെയും പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള തീവ്രശ്രമത്തിലാണ് തൊഴിൽ വകുപ്പ്.