വ്യക്തിഗത വായ്പയേക്കാൾ പലിശ നിരക്ക് കുറവായതിനാലും വേഗത്തിലും എളുപ്പത്തിലും ലഭിക്കുമെന്നതിനാലും പണത്തിന് ആവശ്യമുള്ള സമയത്ത് കൂടുതൽ ആളുകളും സ്വർണം വായ്പയാണ് തിരഞ്ഞെടുക്കുന്നത്.
അടിയന്തിര സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ഏറ്റവും മികച്ച മാർഗം കൂടിയാണ് സ്വർണ പണയ വായ്പ. ഇതിന് ആകെ വേണ്ടത് 22 കാരറ്റ് സ്വർണം മാത്രമാണ്. 18 വയസ്സിന് മുകളിലുള്ള ആർക്കും യാതൊരു ബുദ്ധിമുട്ടും കൂടാതെ ഈ വായ്പ ലഭിക്കും.
ബാങ്കുകളും നോൺ ബാങ്കിങ് ധനകാര്യ കമ്പനികളും (എൻബിഎഫ്‌സി) സ്വർണ വായ്പ വാഗ്ദാനം ചെയ്യുന്നുണ്ട്. പെട്ടെന്ന് പണം ലഭിക്കുന്നതിനുള്ള ഏറ്റവും ചെലവ് കുറഞ്ഞതും തടസ്സരഹിതവുമായ ഓപ്ഷനുകളിൽ ഒന്നാണിത്.
രണ്ട് വർഷം വരെയാണ് സ്വർണ വായ്പകളുടെ കാലാവധി. കാലാവധിക്ക് ശേഷം വായ്പ പുതുക്കാനാകും. സ്വർണാഭരണങ്ങൾ, സ്വർണനാണയങ്ങൾ, ഗോൾഡ് ബാർ തുടങ്ങി സ്വർണം തന്നെയാണ് വായ്പയുടെ ഈട്. സ്വർണത്തിന്റെ മൂല്യത്തിന്റെ 80 ശതമാനം വരെ ബാങ്കുകൾ വായ്പയായി നൽകും.
ഉപഭോക്താക്കൾക്ക് വഴക്കമുള്ള തിരിച്ചടവ് ഓപ്ഷനുകളാണ് ബാങ്കുകൽ വാഗ്ദാനം ചെയ്യുന്നത്. ഇഎംഐ ഓപ്ഷൻ അഥവാ മാസത്തവണകളായി വായ്പ തുക തിരിച്ചടയ്ക്കാം. അല്ലെങ്കിൽ ബുള്ളറ്റ് തിരിച്ചടവ് തിരഞ്ഞെടുക്കാം.
സ്വർണ വായ്പയുടെ ഭാഗിക തിരിച്ചടവും ലഭ്യമാണ്. സ്വർണ വായ്പ ലഭിക്കുന്നതിന് മികച്ച ക്രെഡിറ്റ് ഹിസ്റ്ററി ആവശ്യമില്ല. പക്ഷെ നല്ല ക്രെഡിറ്റ് ഹിസ്റ്ററി ഉണ്ടെങ്കിൽ കുറഞ്ഞ നിരക്കിൽ വായ്പ ലഭിക്കും. മറ്റ് വായ്പകളെ അപേക്ഷിച്ച് സ്വർണ വായ്പകൾക്ക് വളരെ കുറച്ച് രേഖകൾ മതി. പാൻ കാർഡ്, തിരിച്ചറിയൽ കാർഡ് / ആധാർ കാർഡ്, പൂരിപ്പിച്ച വായ്പ അപേക്ഷ, വിലാസ തെളിവ് എന്നിവ സമർപ്പിച്ച് വേഗത്തിൽ വായ്പ നേടാം.സുരക്ഷിത വായ്പയായതിനാൽ സ്വർണ വായ്പയുടെ പലിശ നിരക്ക് വ്യക്തിഗത വായ്പയേക്കാൾ വളരെ കുറവാണ്.
തൊഴിൽ, ശമ്പളം, ജോലി ചെയ്യുന്ന സ്ഥാപനം, ക്രെഡിറ്റ് സ്കോർ എന്നിവയെ അടിസ്ഥനമാക്കിയുള്ള സുരക്ഷിതമല്ലാത്ത വായ്പകളാണ് വ്യക്തിഗത വായ്പ അഥവാ പേഴ്സണൽ ലോണുകൾ. 10 മുതൽ 15 ശതമാനം പലിശ നിരക്കാണ് ബാങ്കുകൾ വ്യക്തിഗത വായ്പയ്ക്ക് ഈടാക്കുന്നത്. എന്നാൽ വെറും 7 ശതമാനം മുതൽ പലിശ നിരക്കിൽ സ്വർണ വായ്പകൾ ലഭിക്കും.രാജ്യത്തെ മുൻനിര ബാങ്കുകളായ പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, യൂണിയൻ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക് തുടങ്ങിയവയാണ് നിലവിൽ സ്വർണ വായ്പകൾക്ക് ഏറ്റവും കുറഞ്ഞ പലിശ നിരക്ക് ഈടാക്കുന്നത്.
പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് 7 ശതമാനവും യൂണിയൻ ബാങ്ക് 7.20 ശതമാനവുമാണ് സ്വർണ പണയത്തിന് ഈടാക്കുന്നത്. ബാങ്ക് ഓഫ് ഇന്ത്യയിൽനിന്ന് 7.35 ശതമാനം പലിശ നിരക്കിൽ വായ്പ ലഭിക്കും. എസ്ബിഐ 7.50 ശതമാവും കാനറ ബാങ്ക് 7.65 ശതമാനവുമാണ് സ്വർണ വായ്പകൾ പലിശയായി ഈടാക്കുന്നത്.