പലതരം കീടങ്ങളും പക്ഷികളും തേനീച്ചകൾക്ക് ഭീഷണിയാകുന്നുണ്ട്. തേനീച്ച വളർത്തുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വളർത്തുന്ന തേനീച്ചകളുടെ നഷ്ടത്തിനു കാരണമാവാം.
എന്തൊക്കെയാണ് ഭീഷണികൾ?
* കുളവി എന്നറിയപ്പെടുന്ന വലിയ ഇനം കടന്നലുകൾ തേനീച്ചകളെ ആക്രമിക്കും. ഇവ ഒറ്റക്കും കൂട്ടമായും വന്ന് തേനീച്ചക്കോളനികൾ ആക്രമിച്ച് നശിപ്പിക്കാൻ സാദ്ധ്യതയുണ്ട്.
* പരുന്തുകൾ വലിയ തേനീച്ചക്കോളനികൾ അവയുടെ ചിറകുകൊണ്ട് അടിച്ചിടാറുണ്ട്.
* ചിലയിനം ചെറുപക്ഷികൾ തേനീച്ചകളെ പിടിച്ചു തിന്നും. ബീ ഈറ്റർ എന്നറിയപ്പെടുന്ന തേനീച്ച പിടിയൻ പക്ഷി ഉദാഹരണം.
* ചിലയിനം പക്ഷികൾ തേനീച്ചകളുടെ ശത്രുക്കളാണ്. ഇവ തേനീച്ചയെ തിന്നില്ലെങ്കിലും അവയെ കൊത്തിക്കൊല്ലും.
* മെഴുകുപുഴു എന്നറിയപ്പെടുന്ന ഒരുതരം പുഴുക്കൾ തേനീച്ചക്കുട്ടിൽ ഉണ്ടാകാറുണ്ട്. വെളുത്ത നിറത്തിലുള്ള ഈ പുഴുക്കൾ തേനീച്ചക്കൂടുകൾ നശിപ്പിക്കും. മെഴുകു പുഴുക്കളുടെ ശലഭങ്ങൾ കൂടിന്റെ വിടവുകളിൽ മുട്ടയിടുകയാണു ചെയ്യുന്നത്. മുട്ട വിരിഞ്ഞുണ്ടാകുന്ന പുഴുക്കൾ അടകൾക്കുള്ളിൽ വലകെട്ടി മെഴുകു തിന്നാൻ തുടങ്ങും. ഇങ്ങനെ അടകൾ നശിപ്പിക്കുന്നതിന്റെ ഫലമായി തേനീച്ചകൾ കൂട് ഉപേക്ഷിച്ചുപോവും. ഈ പുഴുക്കൾ പിന്നീട് വണ്ടുകളായി മാറി പറന്നുപോവും.
* തേനീച്ചയുടെ ശരീരത്തിൽ വളരുന്ന ഒരുതരം പേൻ ഇവയുടെ നാശത്തിനു കാരണമാകാറുണ്ട്.
* തായ്സാക്ക് ബ്രൂഡ് എന്നറിയപ്പെടുന്ന വൈറസ് രോഗമാണ് സഞ്ചിരോഗം. ഇത് തേനീച്ചകളെ ബാധിക്കാറുണ്ട്. ഇതു ബാധിച്ചുകഴിഞ്ഞാൽ തേനീച്ചകൾ കൂട്ടത്തോടെ ചത്തുപോവും.
* ചിലന്തിവർഗത്തിൽപ്പെടുന്ന മണ്ഡരികൾ (mites) ആണ് തേനീച്ചകളെ ആക്രമിക്കുന്ന പ്രധാനപ്പെട്ട കീടം. ഇവയിൽ ചിലത് തേനീച്ചകളുടെ ശ്വസന നാളികളെ ബാധിക്കുന്നു. മറ്റു ചിലത് വളർച്ചയെത്തിയ ഈച്ചകളെ കൂടാതെ പുഴുക്കളെയും പ്യൂപ്പകളെയും ആക്രമിക്കുന്നു. മണ്ഡരികൾ ഈച്ചകളുടെ ശരീരത്തിൽനിന്ന് നീരൂറ്റിക്കുടിക്കും. അങ്ങനെ ഈച്ചകളെ നശിപ്പിച്ച് കോളനികൾ ഇല്ലാതാക്കും.
* അംഗവൈകല്യം ബാധിച്ച് പറക്കാനാകാത്ത തേനീച്ചകളുടെയും ചത്ത പുഴുക്കളുടെയും സാന്നിധ്യം മണ്ഡരിബാധയെ സൂചിപ്പിക്കുന്നു.
തേനീച്ചക്കൂടുകൾ കൃത്യമായ ഇടവേളകളിൽ പരിശോധിച്ചാൽ രോഗബാധയും തേനീച്ചകൾക്കുള്ള ഭീഷണികളും അറിയാനാവും. അല്ലെങ്കിൽ രോഗബാധ മൂലം തേനീച്ചകൾ മുഴുവൻ ചത്തുപോയാലോ ആക്രമണഭീഷണി മൂലം തേനീച്ചകൾ കൂടൊഴിഞ്ഞു പോയാലോ മാത്രമേ നാം വിവരമറിയൂ.
#krishijagran #kerala #beekeeping #threats #remedies
തേനീച്ച കൃഷിയിലൂടെ നേടാം വരുമാനം