News

തേനീച്ച കൃഷിയിലൂടെ നേടാം വരുമാനം

തേനീച്ച വളര്‍ത്തലിന് അനന്തമായ സാധ്യതകള്‍ ഉള്ള നമ്മുടെ സംസ്ഥാനത്ത് പുതുതായി അനേകം കര്‍ഷകര്‍ തേനീച്ചകൃഷി അവരുടെ തൊഴിലായും വരുമാന മാര്‍ഗമായും സ്വീകരിച്ചുകൊണ്ടിരിക്കുന്നു. സംസ്ഥാനം നേരിടുന്ന കാലാവസ്ഥ വ്യതിയാനം മറ്റേതൊരു കൃഷിയെയുമെന്ന പോലെ തേനീച്ച വളര്‍ത്തലിനെയും പ്രതികൂലമായി ബാധി ച്ചിട്ടുണ്ട്.

ജനുവരി മുതല്‍ ഏപ്രില്‍ വരെയാണ് കേരളത്തില്‍ തേനുല്പാദനകാലം. ഹെവിയെ ബ്രസീലിയന്‍സിസ് എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന റബ്ബര്‍മരങ്ങളെയാണ് കേരളത്തില്‍ വാണിജ്യടിസ്ഥാനത്തിലുള്ള തേനുല്പാദനത്തിന് ആശ്രയിക്കുന്നത്. ഇതില്‍ നിന്നും ലഭിക്കുന്നത് ഏറെ രുചിയേറിയതും ഏറ്റവും ഗുണമേډയുള്ള ജൈവതേനാണ്. റബ്ബറില്‍ നിന്നുള്ള തേനില്‍ രാസ-കീടനാശിനികളുടെ അംശമോ മറ്റ് മാലിന്യങ്ങളോ ഉണ്ടാകാന്‍ സാധ്യതയില്ല എന്നത് പ്രത്യേകം എടുത്തു പറയേണ്ടതാണ്. വിദേശ വിപണികളില്‍ നമ്മുടെ ദ്രാവകതേനിന് ഏറെ ഡിമാന്‍റ് ഉണ്ട്. വരാന്‍ പോകുന്ന തേനുല്പാദനകാലത്ത് കൂടുതല്‍ തേന്‍ സംഭരിക്കാന്‍ തേനീച്ചകോളനികളെ സുസജ്ജമാക്കുക എന്നതാണ് ഏറെ പ്രധാനം. ഇതിനായി ചിലപ്രത്യേക പരിചരണ മുറകള്‍ നല്‍കേണ്ടതുണ്ട്.

മൈഗ്രേറ്ററി ബീക്കീപ്പിംഗിന് സാധ്യതയുള്ള സംസ്ഥാനമാണ് കേരളം. തേനീച്ച കോളനികള്‍ തേന്‍ ലഭ്യത അനുസരിച്ച് പല സ്ഥലങ്ങളിലേക്ക് മാറ്റിവച്ച് തേന്‍ ശേഖരിക്കുന്ന രീതിയാണിത്. വളര്‍ച്ചക്കാലത്ത് തെങ്ങിന്‍ തോപ്പില്‍ സൂക്ഷിച്ചിരുന്ന തേനീച്ചക്കൂടുകളെ റബ്ബര്‍ തോട്ടങ്ങളിലേക്ക് മാറ്റി സ്ഥാപിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ഡിസംബര്‍ അവസാനം മുതല്‍ റബ്ബര്‍മരങ്ങള്‍ ഇലപൊഴിച്ചു തുടങ്ങും. ഇത് കാസര്‍കോഡ്, കണ്ണൂര്‍ ജില്ലകളില്‍ ആദ്യം ആരംഭിക്കുമെന്നത് കൊണ്ട് തേനീച്ചകൂടുകള്‍ അവിടെയുള്ള റബ്ബര്‍ തോട്ടങ്ങളില്‍ കൊണ്ട്വച്ച് തേന്‍ ശേഖരിക്കാം. തുടര്‍ന്ന് തെക്കന്‍ ജില്ലകളായ കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിച്ച് അവിടെനിന്നും തേന്‍ സംഭരിക്കാനാകും.

ഒരു ഹെക്ടറില്‍ റബ്ബര്‍ തോട്ട ത്തില്‍ 10 കൂടുകള്‍ എന്നതോതില്‍ സ്പ്രെഡ് ചെയ്ത് സ്ഥാപിക്കാം. പകുതി മൂപ്പെത്തിയ ഇലഞെട്ടിന്‍റെ അഗ്രഭാഗത്തുള്ള തേന്‍ ഗ്രന്ഥികള്‍ ആണ് മധു ഉത്പാദിപ്പിക്കുന്നത് . രാവിലെ 6 മണി മുതല്‍ 10 മണിവരെയുള്ള സമയത്താണ് കൂടുതല്‍ തേന്‍ സ്രവിക്കുന്നത്. തേനീച്ചകള്‍ക്ക് ഈ മധു എറെ പ്രിയംകരവുമാണ്. കാലാവസ്ഥ നന്നായാല്‍ വേലക്കാരി ഈച്ചകള്‍ ഉത്സാഹത്തോടെ ധാരാളം തേന്‍ സംഭരിക്കും.

ഇല പൊഴിഞ്ഞ് തുടങ്ങുന്നതോടൊപ്പം കോളനികള്‍ മാറ്റി സ്ഥാപിക്കേണ്ടതാണ്. റബ്ബര്‍ തോട്ടങ്ങളില്‍ തന്നെയോ അടുത്ത പ്രദേശത്തോ കൂടുകള്‍ വച്ചിരിക്കുന്നവര്‍ക്ക് ഇത് ബാധകമല്ല. ശക്തമായതും ആരോഗ്യമുള്ളതും നിറയെ വേലക്കാരി ഈച്ചകള്‍ ഉള്ളതുമായ കോളനികള്‍ ആയിരിക്കണം റബ്ബര്‍ തോട്ടങ്ങളിലേയ്ക്ക് മാറ്റി സ്ഥാപിക്കുവാന്‍. തേനീച്ച കോളനികള്‍ മാറ്റി സ്ഥാപിക്കുന്ന സമയത്ത് നല്ല ശ്രദ്ധ ഉണ്ടായിരിയ്ക്കണം. പത്ത് വര്‍ഷത്തിനുമേല്‍ പ്രായമുള്ള റബ്ബര്‍ മരങ്ങളിലാണ് ഏറ്റവും കൂടുതല്‍ തേന്‍ ഉത്പാദിപ്പിക്കുന്നത് എന്നത്കൊണ്ട് കോളനികള്‍ മാറ്റി സ്ഥാപിക്കുന്നതിന് മുമ്പായി ഇത്തരം തോട്ടങ്ങള്‍ വേണം തെരഞ്ഞെടുക്കാന്‍. കോളനികള്‍ കൊണ്ടുപോയി വയ്ക്കേണ്ട സ്ഥലം തെരഞ്ഞെടുത്ത്, സുരക്ഷ ഉറപ്പുവരുത്തിയ ശേഷം സൈറ്റ് തയ്യാറാക്കേണ്ടതാണ്.

എല്ലാ വേലക്കാരി ഈച്ചകളും കൂട്ടില്‍ കയറിയെന്നു ഉറപ്പുവരുത്തിയ ശേഷം കൂടിന്‍റെ പ്രവേശനകവാടം പേപ്പര്‍ അല്ലെങ്കില്‍ ഉണങ്ങിയ വാഴയില ഉപയോഗിച്ച് അടയ്ക്കണം. മൈഗ്രേഷന്‍ സമയത്തു ഉലച്ചില്‍ തട്ടാത്തവിധം കോളനികള്‍ കയറുകൊണ്ട് നെടുകയും കുറുകെയും നന്നായി കെട്ടിവയ്ക്കേണ്ടതാണ്.സൂര്യന്‍ അസ്തമിച്ചതിനുശേഷം വേണം കോളനികള്‍ വാഹനത്തിലേക്ക് മാറ്റാന്‍. കോളനികള്‍ വാഹനത്തില്‍ അടുക്കുമ്പോള്‍ അതിന്‍റെ വാതില്‍ വാഹനത്തിന്‍റെ മുന്‍വശത്തേക്ക് അഭിമുഖീകരിക്കും വിധം വയ്ക്കണം. അധികം വേഗതയും മോശമായ റോഡുകളും ഒഴിവാക്കണം. പുലരും മുമ്പ് കോളനികള്‍ പുതിയ സ്ഥലത്ത് എത്തിക്കണം. കൂടുകള്‍ക്ക് ഉലച്ചില്‍ തട്ടാതെ സാവധാനം ഇറക്കി സ്റ്റാന്‍റുകളില്‍ വച്ച ശേഷം അടച്ചിരിക്കുന്ന വാതിലുകള്‍ തുറന്നു കൊടുക്കണം. അടുത്ത ദിവസം തന്നെ കൂടുകള്‍തുറന്ന് അടകള്‍ക്ക് കേടു സംഭവിച്ചിട്ടില്ല എന്ന് ഉറപ്പ് വരുത്തുക. അടകള്‍ക്ക് കേട് സംഭവിക്കുകയോ അടര്‍ന്ന് വീഴുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അവ ചട്ടങ്ങളോട് ചേര്‍ത്ത് കെട്ടുക. ആവശ്യമെന്ന് തോന്നിയാല്‍ പഞ്ചസാര ലായനി നല്‍കി കോളനികളെ ശക്തിപ്പെടുത്തുക.

തേനുല്പാദനകാലം ആരംഭിക്കുന്നതോടെ ഞൊടിയല്‍ തേനീച്ചകളില്‍ കൂട്ടം പിരിയാനുള്ള പ്രവണത വര്‍ദ്ധിക്കും. ഇത് തേനുല്പാദനത്തെ പ്രതികൂലമായി ബാധി ക്കുമെന്നതിനാല്‍ 5 ദിവസം ഇട വിട്ട് കൂട് പരിശോധിച്ച് റാണിയറകള്‍ കണ്ടാല്‍ അവയെ നശിപ്പിക്കണം. ഇത് കൂട്ടംപിരിയില്‍ തടയാന്‍ സഹായിക്കും.

ഇനി ആവശ്യാനുസരണം തേനറകള്‍ സുസജ്ജമാക്കുക എന്നതാണ് പ്രധാനം. ഇതിനായി കോളനിയുടെ അടിത്തട്ടില്‍ വിരിഞ്ഞിറങ്ങിക്കൊണ്ടിരിക്കുന്ന വേലക്കാരി ഈച്ചകളെ, പുഴു അറയ്ക്ക് മുകളില്‍ തേന്‍ തട്ട് സ്ഥാപിച്ച് അതിലേയ്ക്ക് ആകര്‍ഷിക്കേണ്ടതാണ്. ഇതിനായി അടിത്തട്ടിലെ വലത്തേ അറ്റത്തുള്ള ഒരു അട എടുത്ത് അതിലുള്ള ഈച്ചകളെ പുഴുഅറയിലേക്ക് മാറ്റുക. അട മുഴുവനായി മുറിച്ചുമാറ്റി ഒഴിഞ്ഞ ചട്ടം പുഴുഅറയുടെ മധ്യഭാഗത്ത് ഇട്ടുകൊടുക്കണം. മുറിച്ചുമാറ്റിയ അട ഒന്നര ഇഞ്ച് വീതിയില്‍ നെടുകെ മുറിക്കുക. ഓരോ കഷണവും തേനറയിലെ ചട്ടത്തിന്‍റെ താഴ്ഭാഗത്ത് വെച്ച് റബ്ബര്‍ ബാന്‍റോ വാഴനാരോ ഉപയോഗിച്ച് ഉറപ്പിച്ച ശേഷം തേനറയുടെ ഇടത്തെ ഭാഗത്ത് ഇട്ടു കൊടുക്കുക. പുഴു അറയില്‍ നിന്നും വേലക്കാരി ഈച്ചകള്‍ തേനറയിലേയ്ക്ക പ്രവേശിച്ച് 4-5 ദിവസം കൊണ്ട് അട പൂര്‍ണ്ണമായും നിര്‍മ്മിച്ചു കഴിയും. ഇത്തരത്തില്‍ ഒരേസമയത്ത് ഒരു ചട്ടത്തില്‍ മാത്രമെ മുറിച്ച കഷണങ്ങള്‍ ഘടിപ്പിക്കാവു. നിര്‍മ്മാണം പൂര്‍ത്തിയാകുന്നമുറയ്ക്ക് പുതിയ ചട്ടം മേല്‍പറഞ്ഞ രീതിയില്‍ നല്‍കേണ്ടതാണ്.

പുതുതായികെട്ടുന്ന ചട്ടത്തിന്‍റെ അടിഭാഗത്ത് നിന്ന് മുകളിലേയ്ക്ക് നിര്‍മ്മിക്കുന്നതുകൊണ്ട് റാണി ഈച്ച ഈ അടകളില്‍ മുട്ടയിടുന്നില്ല എന്നത് ശ്രദ്ധേയമാണ്. തൂടര്‍ന്ന് വീണ്ടും ഇത്തരത്തില്‍ അടകളുടെ കഷ്ണം വച്ച് കെട്ടി കൊടുത്ത് തേനറയിലേയ്ക്ക് അടകള്‍ നിറയ്ക്കാവുന്നതാണ.് ഒരു തേന്‍ തട്ടില്‍ നാല് ചട്ടത്തില്‍ ഇപ്രകാരം അടകളുടെ പണി പുര്‍ത്തിയായാല്‍, പുതിയ ഒരു തേന്‍തട്ട് വച്ച് കൊടുക്കാം. ഇത് പുഴു അറയ്ക്ക് തൊട്ടുമുകളിലായിരിക്കണം വയ്ക്കേണ്ടത്. ഈച്ച നിറഞ്ഞ ആദ്യത്തെ തേന്‍തട്ട് മുകളില്‍ വയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. രണ്ടാമത്തെ തട്ടിലും പുതിയ തേനടകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ മൂന്നാമത്തെ തേന്‍തട്ട് വയ്ക്കാവുന്നതാണ്.

കര്‍ഷകര്‍ ശാസ്ത്രീയമായ സമീപനം അവലംബിച്ച് മേډയുള്ള തേന്‍ ഉത്പാദിപ്പിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കൃത്രിമ ആഹാ രം കൊടുക്കുന്ന കാലയളവില്‍ തേനെടുക്കാന്‍ പാടില്ല. കാരണം പഞ്ചസാര ലായനിയില്‍ നിന്നും തേനീച്ചകള്‍ക്ക് ഗുണനിലവാരമുള്ള തേനുല്പാദിപ്പിക്കാന്‍ കഴിയില്ല. അടിത്തട്ടില്‍ നിന്നും ഒരിക്കലും തേന്‍ എടുക്കാതിരിക്കുക, തേനറയില്‍ നിന്നുമാത്രം തേനെടുക്കുക, തേനീച്ച പാകപ്പെടുത്തി 90 % എങ്കിലും മെഴുക് കൊണ്ട് മൂടിയ അടകളില്‍ നിന്ന് മാത്രം തേനെടുക്കുക, സ്റ്റീല്‍ കൊണ്ടുള്ള തേനെടുക്കല്‍ യന്ത്രം ഉപയോഗിച്ച് തേനെടുക്കുക, ഉപയോഗിക്കുന്ന ഉപകരണങ്ങളും പാത്രങ്ങളും വൃത്തിയുള്ളതായിരിക്കുക, തേനില്‍ മാലിന്യങ്ങള്‍, പൊടി എന്നിവ കടന്ന് മലിനപ്പെടാതെ ശ്രദ്ധിക്കുക, തേന്‍ സൂക്ഷിക്കുന്നതിന് സ്റ്റെയിന്‍ലസ് സ്റ്റീല്‍ ഡ്രമ്മുകളോ പാത്രങ്ങളോ ഉപയോഗിക്കുക തുടങ്ങിയ അറിവുകള്‍ ഗുണമേډയുള്ള തേന്‍ ഉത്പാദിപ്പിക്കാന്‍ സഹായകരമാണ്. തേന്‍ എടുക്കുന്നതിനു മുമ്പായി എല്ലാ ഉപകരണങ്ങളും പാത്രങ്ങളും ചെറു ചൂട്വെള്ളത്തില്‍ കഴുകി ഉണക്കേണ്ടതാണ്. തേനെടുത്തശേഷം ഒഴിഞ്ഞ അടകള്‍ വീണ്ടും അതേ കൂടുകളില്‍ തന്നെ സ്ഥാപിക്കണം. 7 ദിവസം ഇടവിട്ട് കൂടുകളില്‍ നിന്നും തേന്‍ സംഭരിക്കാം. തേനെടുക്കല്‍ യന്ത്രത്തില്‍ നിന്നും സംഭരണികളിലേയ്ക്ക് മാറ്റുന്നതിന് മുന്‍പ് തേന്‍ വൃത്തിയുള്ള അരിപ്പയില്‍ അരിച്ച് മെഴുകിന്‍റെയോ ഈച്ചയുടെയോ അംശങ്ങള്‍ മാറ്റാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

സ്റ്റെയിന്‍ലസ് സ്റ്റീല്‍ കൊണ്ടു ണ്ടാക്കിയ ഉപകരണങ്ങളും പാത്രങ്ങളും വേണം തേനെടുക്കുന്നതിനും സൂക്ഷിക്കുന്നതിനും ഉപയോഗിക്കേണ്ടത്. മറ്റ് ലോഹങ്ങള്‍ കൊണ്ടുണ്ടാക്കിയ ഡ്രമ്മുകളും/ടിന്നുകളും /പാത്രങ്ങളും ഇതിനായി ഉപയോഗിക്കുന്നത് തേനില്‍ ലോഹമാലിന്യങ്ങള്‍ അടിയുന്നതിനും തേനിന്‍റെ ഗുണമേډ ഇല്ലാതാക്കുന്നതിനും ഇടയാക്കും. കീടനാശിനികള്‍/ആസിഡുകള്‍ സൂക്ഷിച്ചിരുന്ന പാത്രങ്ങള്‍ തേന്‍ സൂക്ഷിക്കാന്‍ ഉപയോഗിക്കരുത്.

മറ്റേതൊരു കൃഷിയില്‍ നിന്നും ലഭിക്കുന്ന ലാഭത്തേക്കാള്‍ കൂടുതല്‍ കര്‍ഷകര്‍ക്ക് തേനീച്ച കൃഷിയില്‍ നിന്നും ലഭിക്കും. ഇപ്പോള്‍ നമ്മുടെ തേനിന് വിദേശ വിപണിയില്‍ ഏറെ പ്രിയം വന്നിരിക്കുന്നു. തേനിന്‍റെ ഗുണമേന്‍മയെക്കുറിച്ചും ഇത് ഭക്ഷണത്തിന്‍റെ ഭാഗമാക്കുന്നതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും ബോധവല്‍ക്കരണം ഉറപ്പാക്കണം അടുത്തുവരുന്ന തേന്‍കാലത്ത് ശുദ്ധമായ തേന്‍ ഉത്പാദിപ്പിച്ച് ഗുണനിലവാരം ഉറപ്പാക്കി ആഭ്യത്തര/ വിദേശ വിപണികളില്‍ ഇടം നേടി ഒരു നല്ല മാതൃകാ തേന്‍ സംരംഭകനാകാം

കടപ്പാട് : കൃഷിദീപം

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: അശ്വഗന്ധ, തേനീച്ചയുടെ പശ (Propolis) എന്നിവയിൽ നിന്നുള്ള പ്രകൃതിദത്ത സംയുക്തങ്ങൾക്ക് ഫലപ്രദമായ കൊറോണ വൈറസ് പ്രതിരോധ മരുന്നായി മാറാൻ സാധ്യതയുണ്ടെന്ന് - ഡൽഹി ഐഐടി


English Summary: Earn money through bee farming

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine